| Thursday, 10th August 2023, 6:04 pm

അധിര്‍ രഞ്ജനെ സംസാരിക്കാന്‍ കോണ്‍ഗ്രസ് അനുവദിച്ചില്ല; കൊല്‍ക്കത്തയില്‍ നിന്ന് കോള്‍ വന്നോ? പരിഹസിച്ച് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയത്തിന്റെ മറുപടി പ്രസംഗത്തില്‍ പ്രതിപക്ഷത്തെയും കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെയും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് അധിര്‍ രഞ്ജനെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹത്തോട് തങ്ങള്‍ക്ക് സഹതാപമുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. അഞ്ച് വര്‍ഷം കിട്ടിയിട്ടും പ്രതിപക്ഷത്തിന് തയ്യാറെടുത്ത് വന്നു കൂടെയെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ നിങ്ങള്‍ക്ക് അഞ്ച് വര്‍ഷം തന്നില്ലേ, നിങ്ങള്‍ തയ്യാറായി വരണ്ടേ. ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിനെ സ്പീക്കര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 1999ല്‍ ശരദ് പവാര്‍ അവിശ്വാസ പ്രമേയം നയിച്ചു. 2003ല്‍ സോണിയ ഗാന്ധിയും. എന്നാല്‍ എന്തുകൊണ്ടാണ് ഇന്ന് അധിര്‍ രഞ്ജന്‍ ചൗധരിയെ സംസാരിക്കാന്‍ അനുവദിക്കാത്തത്. അദ്ദേഹത്തിന്റെ പാര്‍ട്ടി അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിച്ചില്ല.

എന്തുകൊണ്ടാണ് അധിര്‍ രഞ്ജന്‍ ചൗധരിയെ മാറ്റി നിര്‍ത്തിയത്. ഒരു പക്ഷേ കൊല്‍ക്കത്തയില്‍ നിന്ന് ഫോണ്‍ വന്നത് കൊണ്ടാകാം. ഞങ്ങള്‍ക്ക് അധിര്‍ രഞ്ജനോട് സഹതാപം തോന്നുന്നു,’ മോദി പറഞ്ഞു.

അഴിമതി പാര്‍ട്ടികളെല്ലാം ഒന്നായിരിക്കുന്നുവെന്നും മോദി പറഞ്ഞു. പ്രതിപക്ഷം പാവങ്ങളുടെ വിശപ്പിനെ കുറിച്ചല്ല മറിച്ച് അധികാരത്തെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും മോദി പറഞ്ഞു.

‘നിങ്ങള്‍ പാവങ്ങളുടെ വിശപ്പിനെ കുറിച്ച് ചിന്തിക്കുന്നില്ല. അധികാരത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. നിങ്ങള്‍ യുവാക്കളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നില്ല. നിങ്ങളുടെ ഭാവിയെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്,’ മോദി പറഞ്ഞു.

മോദി നിങ്ങളുടെ ശവക്കുഴി തോണ്ടും എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു. അവിശ്വാസ പ്രമേയത്തിന്റെ മറവില്‍ പ്രതിപക്ഷം ജനങ്ങളുടെ ആത്മവിശ്വാസം തകര്‍ത്തുവെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസിന് കാഴ്ചപ്പാടും നേതൃത്വവും ഇല്ലെന്നും മോദി പറഞ്ഞു.

content highlights: narendra modi against congress

We use cookies to give you the best possible experience. Learn more