അര്‍ദ്ധരാത്രിയില്‍ വാജ്‌പേയിയെ കാണാന്‍ നരേന്ദ്രമോദി എയിംസ് ആശുപത്രിയില്‍
national news
അര്‍ദ്ധരാത്രിയില്‍ വാജ്‌പേയിയെ കാണാന്‍ നരേന്ദ്രമോദി എയിംസ് ആശുപത്രിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th June 2018, 7:49 am

ന്യൂദല്‍ഹി: എയിംസില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രി വീണ്ടുമെത്തി. ഞായറാഴ്ച രാത്രി ഏറെ വൈകിയാണ് വാജ്‌പേയിയെ കാണാന്‍  പ്രധാനമന്ത്രി എയിംസിലെത്തിയത്.

വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഇത് രണ്ടാം തവണയാണ് മോദി അദ്ദേഹത്തെ കാണാന്‍ എത്തുന്നത്.

വാജ്‌പേയിയുടെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചശേഷം അരമണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വാജ്പേയിയുടെ ആരോഗ്യനിലയെക്കുറിച്ച് പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.


ALSO READ:വാജ്‌പേയിയുടെ ആരോഗ്യത്തിനായി പൂജ നടത്തി ബി.ജെ.പി പ്രവര്‍ത്തകര്‍


കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് വാജ്‌പേയിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

രണ്ടാഴ്ച മുമ്പാണ് വാജ്പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാജ്‌പേയിയെ പ്രവേശിപ്പിച്ചത് പതിവു പരിശോധനയുടെ ഭാഗമാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും എയിംസ് അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു.

Image result for vajpayee

എന്നാല്‍ വൈകിട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആശുപത്രിയിലെത്തി. പിന്നാലെ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷാ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, ജെ.പി. നദ്ദ തുടങ്ങിയവരുമെത്തിയതോടെ വാജ്‌പേയിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പടര്‍ന്നു.


ALSO READ: ഫോര്‍മാലിന്‍ കലര്‍ന്ന 6000 കിലോ ചെമ്മീന്‍ പിടിച്ചെടുത്തു; സംസ്ഥാനത്ത് മത്സ്യം പരിശോധന കര്‍ശനമാക്കി


തൊട്ടുപിന്നാലെ പ്രധാനമന്ത്രിയും എയിംസിലെത്തിയത് അഭ്യൂഹങ്ങള്‍ ശക്തമാക്കി. അതേസമയം, വാജ്പേയിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും എന്നാല്‍ കുറച്ച് ദിവസങ്ങള്‍ കൂടി അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ തുടരുമെന്നും ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചിരുന്നു.

മുതിര്‍ന്ന ബി.ജെ.പി നേതാവായ വാജ്‌പേയി ഇന്ത്യയുടെ പത്താമത്തെ പ്രധാനമന്ത്രിയായിരുന്നു. 1998 മുതല്‍ 2004 വരെയായിരുന്നു അദ്ദേഹം പ്രധാനമന്ത്രി പദത്തിലിരുന്നത്. 2015 ല്‍ ഭാരതരത്‌ന പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.


ALSO READ: അവന് അത്രയേറെ ഇഷ്ട്ടമാണ് നമ്മുടെ തൂവെള്ളക്കൊടിയും അതിലെ രക്തനക്ഷത്രവും; എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് ജിഷ്ണു പ്രണോയിയുടെ അമ്മയുടെ കത്ത്


എയിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള വാജ്പേയുടെ ആയുസ്സിനായി ഒരു കൂട്ടം ബി.ജെ.പി പ്രവര്‍ത്തകര്‍ പൂജ നടത്തിയത് വാര്‍ത്തയായിരുന്നു.

കാണ്‍പൂരിലെ ഒരു കൂട്ടം ബി.ജെ.പി പ്രവര്‍ത്തകരാണ് വാജ്പേയിക്കായി നഗരമധ്യത്തില്‍ പൂജ നടത്തിയത്.