|

കച്ചത്തീവ് ദ്വീപ് ശ്രീലങ്കക്ക് വിട്ടുകൊടുത്ത കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കരുത്: നരേന്ദ്രമോദി

സ്പോര്‍ട്സ് ഡെസ്‌ക്

ദൽഹി: ഇന്ത്യക്കും ശ്രീലങ്കക്കും ഇടയിലുള്ള കച്ചത്തീവ് ദ്വീപ് അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ശ്രീലങ്കയ്ക്ക് വിട്ടു നല്‍കിയതിനെതിരെ പ്രതികരണവുമായി ബി.ജെ.പിയും നരേന്ദ്രമോദിയും. കച്ചത്തീവ് ദ്വീപ് കൈമാറാനുള്ള ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ തീരുമാനത്തെക്കുറിച്ച് തമിഴ്‌നാട് ബി.ജെ.പി പ്രസിഡന്റ് അണ്ണാമലൈക്ക് ലഭിച്ച വിവരങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തികൊണ്ടാണ് നരേന്ദ്ര മോദി കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. തന്റെ എക്‌സ് അക്കൗണ്ടിലൂടെ ആയിരുന്നു മോദി പ്രതികരിച്ചത്. 115 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള കച്ചത്തീവ് ദ്വീപ് കോണ്‍ഗ്രസ് ശ്രീലങ്കക്ക് നിസാരമായി കൈവിട്ടു കൊടുത്തതിനെ കുറിച്ചുള്ള പുതിയ വസ്തുതകളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നാണ് മോദി പറഞ്ഞത്.

‘ഈ വിഷയം കണ്ണു തുറപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമാണ്. ഇത് ഓരോ ഇന്ത്യക്കാരനെയും രോഷാകുലനാക്കുന്നു. കോണ്‍ഗ്രസിനെ ഒരിക്കലും വിശ്വസിക്കരുത് എന്ന് ജനങ്ങളുടെ മനസ്സില്‍ വീണ്ടും വീണ്ടും ഊട്ടിയുറപ്പിക്കുന്ന വാര്‍ത്തകള്‍ ആണിത്. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും താത്ല്പര്യങ്ങളും ദുര്‍ബലപ്പെടുത്തുന്നതാണ് 75 വര്‍ഷമായി കോണ്‍ഗ്രസ് ചെയ്തുകൊണ്ടിരിക്കുന്നത്,’ നരേന്ദ്ര മോദി പറഞ്ഞു.

രാഷ്ട്രീയ നേതാക്കള്‍ ഈ വിഷയത്തിനെതിരെ വിമര്‍ശനവുമായി മുന്നോട്ടു വന്നിരുന്നു. കോണ്‍ഗ്രസ് -ഡി.എം.കെ സഖ്യത്തിൽ കുത്തിതിരിപ്പ് ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് കച്ചത്തീവ് വിഷയം മോദി പ്രചരണ ആയുധമാക്കുന്നതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും കോണ്‍ഗ്രസിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ നേരത്തെ കച്ചത്തീവിലേക്ക് പോയിരുന്നുവെങ്കിലും ഇന്ത്യ ശ്രീലങ്കയുമായി കരാര്‍ ഒപ്പിട്ട ശേഷം പിന്നീട് ഇന്ത്യക്ക് അങ്ങോട്ട് കടക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സുധാംശു ത്രിവേദി പറഞ്ഞു.

നരേന്ദ്ര മോദിയുടെ ആരോപണത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചിരുന്നു. പത്തുവര്‍ഷത്തെ ഭരണം കൈകളില്‍ ഉണ്ടായിട്ടും കച്ചത്തീവ് ദ്വീപ് തിരിച്ചുപിടിക്കാൻ മോദി എന്തു കൊണ്ട് നടപടിയെടുത്തില്ലെന്നാണ് ഖാര്‍ഗെ ഉന്നയിച്ചത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി വൈകാരിക വിഷയങ്ങള്‍ എടുത്തുകാട്ടുന്നത് മോദിയുടെ നിരാശയാണ് കാണിക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു.

കാലഹരണപ്പെട്ട രാഷ്ട്രീയ പ്രചരണ വിഷയങ്ങളാണ് ബി.ജെ.പി ഇപ്പോള്‍ ഉന്നയിക്കുന്നത് എന്നാണ് ഡി.എം.കെ വക്താവ് എസ്. മനുരാജ് പറഞ്ഞത്. പത്തുവര്‍ഷം രാജ്യം ഭരിച്ച ബി.ജെ.പിയുടെ ഭരണ നേട്ടങ്ങളെ കുറിച്ച് പ്രചരണം നടത്താന്‍ ഭയപ്പെടുകയാണെന്നും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്ന തിരക്കിലാണ് ബി.ജെ.പി എന്നും മനുരാജ് എക്‌സ് അക്കൗണ്ടില്‍ രേഖപ്പെടുത്തി.

Content Highlight:  Narendra Modi accused the Congress of handing over Kachathiv Island to Sri Lanka