മണിപ്പൂര്‍ ചര്‍ച്ച പ്രതിപക്ഷം അട്ടിമറിച്ചു; ആഭ്യന്തര മന്ത്രി വിശദീകരണം നല്‍കിയിട്ടുണ്ട്: മോദി
national news
മണിപ്പൂര്‍ ചര്‍ച്ച പ്രതിപക്ഷം അട്ടിമറിച്ചു; ആഭ്യന്തര മന്ത്രി വിശദീകരണം നല്‍കിയിട്ടുണ്ട്: മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th August 2023, 7:26 pm

ന്യൂദല്‍ഹി: മണിപ്പൂര്‍ വിഷയം കോടതിയിലാണെന്നും സമാധാനം പുനസ്ഥാപിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂര്‍ ചര്‍ച്ച പ്രതിപക്ഷം അട്ടിമറിച്ചെന്നും അദ്ദേഹം പറഞ്ഞു. അവിശ്വാസ പ്രമേയത്തിലെ രണ്ടേക്കാല്‍ മണിക്കൂര്‍ നീണ്ട മറുപടി പ്രസംഗത്തില്‍ ഒന്നേമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് മണിപ്പൂരിനെക്കുറിച്ച് മോദി സംസാരിച്ചത്.

മണിപ്പൂരിനെക്കുറിച്ച് മോദി സംസാരിക്കാത്തതില്‍ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെയാണ് മോദിയുടെ പരാമര്‍ശം.

‘മണിപ്പൂര്‍ ചര്‍ച്ച പ്രതിപക്ഷം അട്ടിമറിച്ചു. പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക് സത്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. ആഭ്യന്തര മന്ത്രി മണിപ്പൂരിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. മണിപ്പൂര്‍ കലാപത്തിന് വഴിവെച്ചത് ഹൈക്കോടതി ഉത്തരവാണ്.

രാജ്യം മണിപ്പൂരിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പമുണ്ട്. കുറ്റക്കാരെ വെറുതെ വിടില്ല. മണിപ്പൂരില്‍ ഒരിക്കല്‍ കൂടി വികസനം വരുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. സമാധാനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കും.

കോണ്‍ഗ്രസിന്റെ നീണ്ട ഭരണത്തിന് കീഴിലാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചത്. കോണ്‍ഗ്രസ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ പരിഗണിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ നയങ്ങളാണ് അശാന്തിക്ക് കാരണം,’ മോദി പറഞ്ഞു.

അതേസമയം ബി.ജെ.പിയുടെ ഭരണമാണ് മണിപ്പൂരില്‍ ഭാരതമാതാവിന്റെ മരണത്തിലേക്ക് നയിച്ചതെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെയും മോദി വിമര്‍ശിച്ചു. ഭാരത മാതാവ് പരാമര്‍ശം മാപ്പ് അര്‍ഹിക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

അവിശ്വാസ പ്രമേയത്തിലെ മോദിയുടെ മറുപടി പ്രസംഗം ഒരു മണിക്കൂര്‍ പിന്നിട്ടിട്ടും മണിപ്പൂരിനെ കുറിച്ച് സംസാരിക്കാത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷം ഇറങ്ങിപ്പോയത്. മോദിയുടെ പ്രസംഗത്തിനിടയില്‍ പ്രതിപക്ഷം മണിപ്പൂര്‍ എന്ന് മുദ്രാവാക്യം വിളിച്ചിരുന്നു. മണിപ്പൂരിനെക്കുറിച്ച് സംസാരിക്കണമെന്ന പോസ്റ്ററുകളും ഇന്ത്യ മുന്നണിയിലെ എം.പിമാര്‍ ഉയര്‍ത്തിക്കാട്ടി. തുടര്‍ന്ന് ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നാലെയാണ് മോദി മണിപ്പൂരിനെ കുറിച്ച് സംസാരിച്ചത്.

ആദ്യ ഒരു മണിക്കൂര്‍ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെയും ഇന്ത്യ സഖ്യത്തെയും പരിഹസിക്കുകയായിരുന്നു മോദി. കോണ്‍ഗ്രസിനെ 400 സീറ്റില്‍ നിന്ന് 40തിലേക്കെത്തിച്ചത് അവരുടെ അഹങ്കാരമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന് വിശ്വാസം വിഘടനവാദികളെയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം ബെംഗളൂരുവില്‍ വെച്ച് യു.പി.എയുടെ ശവസംസ്‌കാരം കഴിഞ്ഞ മാസം നടന്നുവെന്നും മോദി പറഞ്ഞു.

‘കോണ്‍ഗ്രസ് പാര്‍ട്ടിക്കാര്‍ക്ക് അഹങ്കാരമാണ്. 1962ന് ശേഷം തമിഴ്‌നാട്ടിലെ ജനങ്ങള്‍ കോണ്‍ഗ്രസിനോട് അവിശ്വാസം കാണിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ക്കും കോണ്‍ഗ്രസിനെ വിശ്വാസമില്ല. ഇന്ത്യയെ അപമാനിക്കുന്നതില്‍ കോണ്‍ഗ്രസ് സന്തോഷം കണ്ടുപിടിക്കുകയാണ്. ഏത് ചെറിയ പ്രശ്‌നവും ഏറ്റെടുത്ത് വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യയെ അവര്‍ അപമാനിച്ച് കൊണ്ടിരിക്കുകയാണ്.

കോണ്‍ഗ്രസിന് ഇന്ത്യന്‍ ആര്‍മിയെപ്പോലും വിശ്വാസമില്ല. 2028ലും പ്രതിപക്ഷം അവിശ്വാസ പ്രമേയവുമായി വരും. പ്രതിപക്ഷം ആരെ അധിക്ഷേപിച്ചാലും അവര്‍ തഴച്ച് വളരുമെന്നുമുള്ള ഉദാഹരണമാണ് ഞാന്‍.

ഞങ്ങള്‍ ഇന്ത്യയുടെ പ്രശസ്തി കൂടുതല്‍ ഉയരങ്ങളിലെത്തിച്ചു. എന്നാല്‍ നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലരുണ്ട്,’ മോദി പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെയും പരിഹസിച്ച് നരേന്ദ്ര മോദി സംസാരിച്ചു. കോണ്‍ഗ്രസ് അധിര്‍ രഞ്ജനെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹത്തോട് തങ്ങള്‍ക്ക് സഹതാപമുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. അഞ്ച് വര്‍ഷം കിട്ടിയിട്ടും പ്രതിപക്ഷത്തിന് തയ്യാറെടുത്ത് വന്നു കൂടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ നിങ്ങള്‍ക്ക് അഞ്ച് വര്‍ഷം തന്നില്ലേ, നിങ്ങള്‍ തയ്യാറായി വരണ്ടേ. ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിനെ സ്പീക്കര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 1999ല്‍ ശരദ് പവാര്‍ അവിശ്വാസ പ്രമേയം നയിച്ചു. 2003ല്‍ സോണിയ ഗാന്ധിയും. എന്നാല്‍ എന്തുകൊണ്ടാണ് ഇന്ന് അധിര്‍ രഞ്ജന്‍ ചൗധരിയെ സംസാരിക്കാന്‍ അനുവദിക്കാത്തത്. അദ്ദേഹത്തിന്റെ പാര്‍ട്ടി അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിച്ചില്ല.

എന്തുകൊണ്ടാണ് അധിര്‍ രഞ്ജന്‍ ചൗധരിയെ മാറ്റി നിര്‍ത്തിയത്. ഒരു പക്ഷേ കൊല്‍ക്കത്തയില്‍ നിന്ന് ഫോണ്‍ വന്നത് കൊണ്ടാകാം. ഞങ്ങള്‍ക്ക് അധിര്‍ രഞ്ജനോട് സഹതാപം തോന്നുന്നു,’ മോദി പറഞ്ഞു.

അഴിമതി പാര്‍ട്ടികളെല്ലാം ഒന്നായിരിക്കുന്നുവെന്നും മോദി പറഞ്ഞു. പ്രതിപക്ഷം പാവങ്ങളുടെ വിശപ്പിനെ കുറിച്ചല്ല മറിച്ച് അധികാരത്തെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും മോദി പറഞ്ഞു.

‘നിങ്ങള്‍ പാവങ്ങളുടെ വിശപ്പിനെ കുറിച്ച് ചിന്തിക്കുന്നില്ല. അധികാരത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. നിങ്ങള്‍ യുവാക്കളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നില്ല. നിങ്ങളുടെ ഭാവിയെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്,’ മോദി പറഞ്ഞു.

മോദി നിങ്ങളുടെ ശവക്കുഴി തോണ്ടും എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു. അവിശ്വാസ പ്രമേയത്തിന്റെ മറവില്‍ പ്രതിപക്ഷം ജനങ്ങളുടെ ആത്മവിശ്വാസം തകര്‍ത്തുവെന്നും മോദി പറഞ്ഞു.

CONTENT HIGHLIGHTS: narendra modi about manipur