ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓക്‌സിജന്‍ ലഭ്യത കൂട്ടാന്‍ സാധ്യമായതെല്ലാം ചെയ്ത് വരികയാണെന്നും മരുന്നുകളുടെ ലഭ്യത കൂട്ടാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യ വാക്‌സിനേഷന്‍ തുടരും. പൂഴ്ത്തിവയ്പ് തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപടി എടുക്കണം. രാജ്യത്തിന്റെ ഗ്രാമീണ മേഖലയിലേക്കും കൊവിഡ് പടരുകയാണ്. പക്ഷേ ഇന്ത്യ ധൈര്യം കൈവിടില്ല. കൊവിഡിനോട് പടവെട്ടി വിജയിക്കുമെന്നും ധൈര്യം കൈവിടുന്നവരല്ല ഇന്ത്യയിലുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം കേരളത്തിന് ആവശ്യമായ കൊവിഡ് വാക്സിന്‍ എപ്പോള്‍ നല്‍കുമെന്ന് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. എന്നാല്‍ വാക്സിന്‍ വിതരണം നേരിട്ടുള്ള നിയന്ത്രണത്തില്‍ അല്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
കേന്ദ്രത്തിന്റെ വാക്സിന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് കോടതി ഇടപെടല്‍. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ച് വരികയാണെന്നും മരണസംഖ്യ ഉയരുകയാണെന്നും കണക്കുകള്‍ നിരത്തി ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കേരളത്തിലെ അവസ്ഥ മനസിലാക്കണമെന്നും ഹൈക്കോടതി കേന്ദ്രത്തെ ഓര്‍മ്മിപ്പിച്ചു. നിലവിലെ രീതിയില്‍ വാക്സിന്‍ നല്‍കുകയാണെങ്കില്‍ കുത്തിവെയ്പ് പൂര്‍ത്തിയാവാന്‍ രണ്ടുവര്‍ഷമെങ്കിലും സമയമെടുക്കും. വാക്സിന്‍ നല്‍കുന്നതിനുള്ള സമയക്രമം കേന്ദ്രം അറിയിക്കണമെന്നും കേന്ദ്രത്തോട് കോടതി നിര്‍ദേശിച്ചു. നിലവിലെ സാഹചര്യം പരിഹരിക്കാന്‍ വാക്സിന്‍ വേഗത്തില്‍ കിട്ടുകയാണ് വേണ്ടതെന്ന് സംസ്ഥാനം കോടതിയെ ബോധിപ്പിച്ചു.
അതേസമയം വാക്സിന്‍ വിതരണം നേരിട്ടുള്ള നിയന്ത്രണത്തില്‍ അല്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. സുപ്രീംകോടതിയുടെ ദൗത്യസംഘവും വാക്സിന്‍ വിതരണം നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Narendra Modi About Indias battle against covid