| Wednesday, 15th September 2021, 4:06 pm

സനാതൻ സന്‍സ്ത പ്രവർത്തകർക്കെതിരെ കുറ്റം ചുമത്തി പൂണെ സി.ബി.ഐ കോടതി; ധബോൽക്കർ വധക്കേസിൽ പുതിയ വഴിത്തിരിവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സാമൂഹിക പ്രവര്‍ത്തകനായിരുന്ന നരേന്ദ്ര ധബോല്‍ക്കറെ വധിച്ച കേസില്‍ സനാതന്‍ സന്‍സ്ത സംഘടന പ്രവര്‍ത്തകരായ അഞ്ചു പേര്‍ കുറ്റക്കാരെന്ന് പൂണെ സി.ബി.ഐ പ്രത്യേക കോടതി വിധിച്ചു. തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരായ വിരേന്ദ്ര താവ്ടഡെ, സച്ചിന്‍ അന്ദുരെ, ശരത് കലസ്‌കര്‍, വിക്രം ഭാവെ എന്നിവരാണ് കേസിലെ പ്രതികള്‍.

സംഘടനയുടെ അഭിഭാഷകന്‍ സഞ്ജീവ് പുനലേക്കര്‍ക്കെതിരെയും തെളിവ് നശിപ്പിച്ചതിന് സി.ബി.ഐ കോടതി കുറ്റം ചുമത്തി. വിരേന്ദ്ര താവ്ടഡെയാണ് കേസിലെ മുഖ്യപ്രതി.

പ്രത്യേക ജഡ്ജി എസ്.ആര്‍ നവന്ദര്‍ ആണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയത്. കൊലപാതകം, ഗൂഢാലോചന എന്നിവയ്ക്ക് ഐ.പി.സി പ്രകാരവും ഭീകരവാദ പ്രവര്‍ത്തനത്തിന് യു.എ.പി.എ 16 ആം വകുപ്പ്, ആയുധനിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരവുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

നിലവില്‍ പ്രതികളായ സച്ചിന്‍ അന്ദുരെ ഔറംഗാബാദ് ജയിലിലും ശരദ് കലസ്‌കറെ മുംബൈ ജയിലിലുമാണ് കഴിയുന്നത്. വിചാരണയുടെ ഭാഗമായി ഇരുവരെയും വിരേന്ദ്ര താവ്‌ഡെ കഴിയുന്ന യേര്‍വാഡ ജയിലിലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടു.

ഇന്നു നടന്ന കോടതി നടപടികളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഈ മൂന്ന് പ്രതികളും ഹാജരായത്. മറ്റു രണ്ടു പേര്‍ ജാമ്യത്തിലാണ്. തങ്ങള്‍ തെറ്റുകാരല്ലെന്നും ചുമത്തപ്പെട്ട കുറ്റങ്ങള്‍ നിലനില്‍ക്കുന്നവയല്ലെന്നും പ്രതികള്‍ കോടതി നടപടികള്‍ക്കിടെ വാദിച്ചു.

2013 ആഗസ്റ്റ് 20 നായിരുന്നു നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചത്. 2014ല്‍ പൂണെ സിറ്റി പൊലീസില്‍ നിന്നും സി.ബി.ഐ കേസന്വേഷണം ഏറ്റെടുക്കുകയായിരുന്നു. മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതിയുടെ സ്ഥാപക പ്രസിഡണ്ട് കൂടിയായിരുന്നു നരേന്ദ്ര ധബോല്‍ക്കര്‍.

We use cookies to give you the best possible experience. Learn more