| Monday, 27th May 2019, 10:27 am

ദബോല്‍ക്കറെ കൊലചെയ്യാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ നശിപ്പിച്ചത് സനാതന്‍ സന്‍സ്തയുമായി ബന്ധമുള്ള അഭിഭാഷകനെന്ന് സി.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: നരേന്ദ്ര ദബോല്‍ക്കറിനെ കൊലചെയ്യാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ നശിപ്പിച്ചത് അഭിഭാഷകനായ സഞ്ജീവ് പുനലേക്കറെന്ന് സി.ബി.ഐ പൂനെ ഹൈക്കോടതിയില്‍. പുനലേകറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വാദത്തിനിടെയാണ് സി.ബി.ഐ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്.

വിവിധ കേസുകളില്‍ ഉള്‍പ്പെട്ട വലതുപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ക്കും സനാതന്‍ സന്‍സ്ത അംഗങ്ങള്‍ക്കും നിയമന സഹായം നല്‍കുന്ന അഭിഭാഷക കൂട്ടായ്മയായ ഹിന്ദു വിധിധ്യ പരിഷത്ത് അംഗമാണ് പുനലേകര്‍.

ദബോല്‍ക്കറിനെ വെടിവെച്ച സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരില്‍ ഒരാളായ ശരദ് കലാസ്‌കര്‍ 2018 ജൂണില്‍ പുനലേക്കറിന്റെ മുംബൈ ഓഫീസിലെത്തി കൊലപാതകത്തില്‍ തനിക്കുള്ള പങ്ക് വെളിപ്പെടുത്തിയതായാണ് സി.ബി.ഐ അഭിഭാഷകന്‍ പ്രകാശ് സൂര്യവാന്‍ഷി കോടതിയെ അറിയിച്ചത്.

‘കുറ്റകൃത്യം ചെയ്യാനുപയോഗിച്ച വെടിക്കോപ്പുകള്‍ നശിപ്പിച്ചതില്‍ പുനലേകറിനുള്ള പങ്ക് സംബന്ധിച്ച് സി.ബി.ഐയ്ക്ക് അന്വേഷണം നടത്തേണ്ടതുണ്ട്. ആയുധങ്ങള്‍ കണ്ടെത്തുകയും ചെയ്യണം.’ എന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

തനിക്കെതിരെ സി.ബി.ഐ ഇപ്പോള്‍ ഉന്നയിച്ച ആരോപണങ്ങളൊന്നും പുതിയതല്ലെന്നാണ് സി.ബി.ഐ അഭിഭാഷകന്റെ വാദത്തെ എതിര്‍ത്തുകൊണ്ട് പുനലേകര്‍ പറഞ്ഞത്. എട്ട് മാസത്തോളമായി സി.ബി.ഐയ്ക്ക് ഇക്കാര്യം അറിയാം. അതിനുശേഷം പുതിയ ആരോപണങ്ങളൊന്നും അവര്‍ക്ക് ഉന്നയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പുനലേകര്‍ പറഞ്ഞു.

എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയ കോടതി ജൂണ്‍ 1വരെ അദ്ദേഹത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു.

ഞായറാഴ്ചയാണ് ദബോല്‍ക്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പുനലേക്കറിനെയും അദ്ദേഹത്തിന്റെ സഹായിയായ വിക്രം ഭാവെയേയും അറസ്റ്റു ചെയ്തത്. 2008ലെ താനെ ഗാഗ്കരി രംഗയാതന്‍ തിയ്യേറ്റര്‍ ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയായിരുന്നു ഭാവെ. കേസില്‍ അഞ്ചു വര്‍ഷം ജയിലില്‍ കഴിഞ്ഞ അദ്ദേഹത്തെ 2013ലാണ് ബോംബെ ഹൈക്കോടതി മോചിപ്പിച്ചത്.

2016 ല്‍ ഇ.എന്‍.ടി സര്‍ജനും സനാതന്‍ സന്‍സ്ത അംഗവുമായ ഡോ. വിരേന്ദ്ര താവ്‌ഡെയെ സി.ബി.ഐ കസ്റ്റഡിയിലെടുത്തിരുന്നു. ദബോക്കര്‍ കൊലപാതകത്തിന്റെ സൂത്രധാരന്‍ താവ്‌ഡെ ആണെന്നായിരുന്നു സി.ബി.ഐയുടെ നിഗമനം.

താവ്‌ഡെയ്‌ക്കെതിരായ ചാര്‍ജ് ഷീറ്റില്‍ ദബോല്‍ക്കറെ വെടിവെച്ച് കൊന്നത് സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരായ സാരംഗ് അകോല്‍കര്‍, വിനയ് പവാര്‍ എന്നിവരാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് അറസ്റ്റിലായ സച്ചില്‍ അന്‍ദുരെ, ശരദ് കലാസ്‌കര്‍ എന്നിവര്‍ പ്രഭാത സവാരിക്കിറങ്ങിയ ദബോല്‍ക്കറിനെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് സി.ബി.ഐ തിരുത്തുകയായിരുന്നു.

പിന്നീട് അമോല്‍ കാലെ, അമിത് ദിഗ്വേക്കര്‍, രാജേഷ് ബംഗേര എന്നിവരെക്കൂടി സി.ബി.ഐ കസ്റ്റഡിയിലെടുത്തി. മാധ്യമ പ്രവര്‍ത്തകയായി ഗൗരി ലങ്കേഷിന്റെ വധവുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് സി.ബി.ഐ കരുതുന്നത്.

നേരത്തെ ദബോല്‍ക്കര്‍ കൊലക്കേസില്‍ അന്വേഷണ ഏജന്‍സികളുടെ മെല്ലെപ്പോക്ക് നിലപാടില്‍ ബോംബെ ഹൈക്കോടതി സി.ബി.ഐയെ വിമര്‍ശിച്ചിരുന്നു. അന്വേഷണ ഏജന്‍സികളായ എസ്.ഐ.ടിയും സി.ബി.ഐയും വെറുതെ ഒരുപാട് സമയവും ഊര്‍ജവും കളഞ്ഞെന്നും കോടതി പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more