| Saturday, 23rd December 2023, 10:42 am

അച്ചുവിന്റെ അമ്മയിൽ അവരെല്ലാം സീനിയർ ആർട്ടിസ്റ്റുകളായിരുന്നു; എന്നെ അവർ കളിയാക്കുമായിരുന്നു: നരേൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മീര ജാസ്മിൻ-ഉർവശി കൂട്ടുകെട്ടിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് അച്ചുവിന്റെ അമ്മ. ചിത്രത്തിൽ നരേനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലെ ഓർമകൾ ബിഹൈൻഡ്‌വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയാണ് മീര ജാസ്മിനും നരേനും.

‘അച്ചുവിന്റെ അമ്മയെ ഞങ്ങൾ രണ്ടുപേരും ഉണ്ടായിരുന്നല്ലോ. ഞങ്ങൾ അങ്ങോട്ട് ഇങ്ങോട്ടും തമാശയൊക്കെ പറഞ്ഞു കളിയാക്കുമായിരുന്നു അല്ലേ?,’ മീര ജാസ്മിൻ പറഞ്ഞു.

തന്നെ ഇവർ കളിയാക്കുമായിരുന്നെയും അന്ന് മീര ജാസ്മിനൊക്കെ സീനിയർ ആർട്ടിസ്റ്റുകൾ ആയതുകൊണ്ട് താൻ സൗമ്യമായി ഇരിക്കുകയായിരുന്നെന്ന് ഈ സമയം നരേൻ കൂട്ടിച്ചേർത്തു.

‘എന്നെ കളിയാക്കുമായിരുന്നു. കാരണം ഇവരൊക്കെ സീനിയർ ആർട്ടിസ്റ്റ് ആണ്. ഞാൻ വളരെ സൗമ്യമായി സൈലൻറ് ആയിട്ടായിരുന്നു ഇരുന്നിരുന്നത്. ഉർവശി ചേച്ചി ഉണ്ട് അപ്പുറത്ത്. ചേച്ചിയുടെ ഹ്യൂമറൊക്കെ ഭയങ്കര രസമാണ്. അത് ഭയങ്കര നല്ല എക്സ്പീരിയൻസ് ആയിരുന്നു,’ നരേൻ പറഞ്ഞു.

അതുപോലെ സെറ്റിൽ കുട്ടികളിയായിരുന്നെന്നും ഒരു കോളേജ് ട്രിപ്പ് പോയ അനുഭവമായിരുന്നെന്നും മീരാജാസ്മിൻ കൂട്ടിച്ചേർത്തു. ‘ശരിക്കും പറഞ്ഞാൽ ഒരു കുട്ടിക്കളി ആയിരുന്നു. കോളജിൽ നിന്നൊക്കെ ഒരു ട്രിപ്പ് പോയ ഫീൽ ആയിരുന്നു. ഷോട്ട് കഴിഞ്ഞാൽ ആ ഗ്യാപ്പിൽ രണ്ട് സെക്കൻഡ് വർത്താനം പറയണം. രണ്ട് സെക്കൻഡ് ഉണ്ടാവുകയുള്ളൂ അതിനിടയിൽ എന്തെങ്കിലും കഥകൾപറയും. അടങ്ങിയിരിക്കില്ലായിരുന്നു,’ മീര ജാസ്മിൻ പറയുന്നു.

മീര ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് എം. പത്മകുമാർ സംവിധാനം ചെയ്ത ക്വീൻ എലിസബത്ത്. അർജുൻ. ടി സത്യന്റെതാണ് തിരക്കഥ. ഡിസംബർ 29 മുതൽ ചിത്രം തിയേറ്ററുകളിലെത്തും. രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

മീരാ ജാസ്മിനും നരേനും പുറമെ ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി.കെ പ്രകാശ്, രഞ്ജി പണിക്കർ, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്തണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ തുടങ്ങി ഒട്ടനവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Content Highlight: Naren and meera jasmin shared achuvinte amma movie’s memories

Latest Stories

We use cookies to give you the best possible experience. Learn more