മലയാളത്തിൽ തുടങ്ങി പിന്നീട് തമിഴ് സിനിമയിലും തിരക്കുള്ള നടനായി മാറിയ താരമാണ് നരേൻ. തമിഴിൽ സജീവമായപ്പോൾ നരേൻ ചെയ്ത വേഷങ്ങളിൽ ഏറ്റവും ശ്രദ്ധ നേടിയ ചിത്രമായിരുന്നു ലോകേഷ് കനകരാജ് ഒരുക്കിയ കൈതി.
കൈതിയിലെ ഇൻസ്‌പെക്ടർ ബിജോയ് എന്ന വേഷം തന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണെന്ന് നരേൻ മുൻപും പറഞ്ഞിട്ടുണ്ട്.
കൈതിയിലെ കഥാപാത്രം തന്നെ തേടി വന്നതിനെ കുറിച്ച് പറയുകയാണ് നരേൻ. കാർത്തിയും താനും തമ്മിൽ മുൻപരിചയമുണ്ടെന്നും ചിത്രത്തിലെ വേഷത്തെ കുറിച്ച് കാർത്തിയാണ് തന്നെ വിളിച്ച് അറിയിച്ചതെന്നും നരേൻ പറയുന്നു.
തമിഴിൽ തുടർച്ചയായി പൊലീസ് വേഷങ്ങൾ തേടി വന്നിരുന്നെന്നും നരേൻ പറയുന്നു. ഇന്ത്യ ഗ്ലിറ്റ്സ് മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം. കൈതി 2 വിനെ കുറിച്ച് പറയാനും നരേൻ മറന്നില്ല.
‘ഞാനും കാർത്തിയും തമ്മിൽ മുൻപ് തന്നെ സൗഹൃദം ഉണ്ടായിരുന്നു. ലോകേഷ് കൈതിയിലെ പൊലീസ് വേഷത്തിലേക്ക് എന്നെ വിചാരിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ കാർത്തി പറഞ്ഞത് അങ്ങനെയാണെങ്കിൽ ഞാൻ നരേനോട് വിളിച്ചു പറഞ്ഞോളാം എന്നായിരുന്നു.
കാരണം ഞങ്ങൾ തമ്മിൽ മുൻപരിചയമുണ്ട്. എനിക്കൊരുപാട് പൊലീസ് കഥാപാത്രങ്ങൾ തമിഴിൽ നിന്ന് വന്നിരുന്നു. അതിൽ പലതും ഞാൻ ഒഴിവാക്കിയതായിരുന്നു. കാർത്തിക്ക് ആ കാര്യം നന്നായി അറിയാം. അതുകൊണ്ടാണ് ലോകേഷ് കഥ പറഞ്ഞപ്പോൾ തന്നെ കാർത്തി അങ്ങനെ പറഞ്ഞത്.
ലോകേഷിന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് ഞാൻ പൊലീസ് വേഷത്തിൽ അഭിനയിച്ച അഞ്ജതേ. ഒരുപക്ഷെ അഞ്ജതേ അഭിനയിച്ചു കഴിഞ്ഞതിന് ശേഷം വീണ്ടും ഒരു പത്ത് സിനിമകളിൽ ഞാൻ പൊലീസ് വേഷത്തിൽ അഭിനയിച്ചിരുന്നെങ്കിൽ കൈതിയിലേക്ക് ഞാൻ എത്തില്ലായിരുന്നു.
കൈതി 2 വിനെ കുറിച്ചുള്ള ചോദ്യത്തിനും നരേൻ ഉത്തരം പറഞ്ഞു.
കൈതി 2 തീർച്ചയായും ഉണ്ടാവും. ആ ചിത്രത്തെ കുറിച്ച് എനിക്ക് അറിയുന്നത് അതൊരു വലിയ സിനിമയാണ് എന്നതാണ്.