കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 43 കോടിയുടെ ലഹരിമരുന്ന് വസ്തുക്കള്‍ പിടിച്ചെടുത്തു. കോഴിക്കോട് ഡി.ആര്‍.ഐയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി രാജീവ്കുമാറില്‍ നിന്നാണ് 3,490ഗ്രാം കൊക്കൈനും 1296ഗ്രാം ഹെറോയിനും പിടിച്ചെടുത്തത്.
നെയ്റോബിയില്‍ നിന്ന് ഷാര്‍ജ വഴിയാണ് ലഹരിവസ്തുക്കള്‍ കരിപ്പൂരിലെത്തിച്ചത്. ഡി.ആര്‍.ഐക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷൂസിലും പഴ്‌സിലും ഫയലിലും ബാഗിലുമായി ഒളിപ്പിച്ച നിലയില്‍ ലഹരിവസ്തുക്കള്‍ അടങ്ങിയ 20 പാക്കറ്റുകള്‍ കണ്ടെത്തിയത്.
ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ കരിപ്പൂരിലെത്തിയ രാജീവ്കുമാറിനെ വിമാനമിറങ്ങിയ ഉടന്‍ തന്നെ ഡി.ആര്‍.ഐ സംഘം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോഴിക്കോട് കൈമാറുന്നതിനാണ് ഷാര്‍ജയില്‍ നിന്ന് ഇവിടെയെത്തിച്ചത് എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. രണ്ടാഴ്ച മുമ്പാണ് രാജീവ്കുമാര്‍ കെനിയയിലെ നെയ്റോബിയില്‍ എത്തിയത്. ഇവിടെ നിന്ന് ലഹരി സംഭരിച്ച ശേഷം എയര്‍ ഏഷ്യ വിമാനത്തില്‍ ഷാര്‍ജയിലും തുടര്‍ന്ന് കരിപ്പൂരിലും എത്തുകയായിരുന്നു.
രാജ്യാന്തര തലത്തില്‍ നിന്ന് കേരളത്തിലേക്ക് വന്‍ തോതില്‍ ലഹരിമരുന്ന് ഒഴുകുന്നുവെന്ന വിവരം ഡി.ആര്‍.ഐക്ക് നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കരിപ്പൂരില്‍ നിന്ന് കോടികളുടെ ലഹരികള്‍ പിടിച്ചെടുത്തത്. കേരളത്തില്‍ ആരാണ് പ്രതിക്ക് സഹായം നല്‍കിയത് എന്നതിലേക്ക് അന്വേഷണം കൊണ്ടുപോകാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം.
പ്രതിയെ മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചു വൈദ്യ പരിശോധന നടത്തി. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി സെപ്റ്റംബര്‍ എട്ട് വരെ റിമാന്‍ഡില്‍ വിട്ടു. പിന്നീട് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യലിനൊരുങ്ങുകയാണ് പൊലീസ്.
Content Highlight: Narcotics worth 43 crores seized from Karipur airport