| Saturday, 11th September 2021, 5:53 pm

വര്‍ഗീയതയ്ക്ക് ആക്കം കൂട്ടുന്ന നിലപാടുകള്‍ ആരില്‍ നിന്നും ഉണ്ടാവരുത്; പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ തള്ളി സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ തള്ളി സി.പി.ഐ.എം. സംസഥാന സെക്രട്ടറി ചുമതല വഹിക്കുന്ന എ. വിജയരാഘവനാണ് വിഷയത്തിലെ സി.പി.ഐ.എമ്മിന്റെ നിലപാട് വ്യക്തമാക്കിയത്. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുമെന്നും, വര്‍ഗീയതയ്ക്ക് ആക്കം കൂട്ടുന്ന നിലപാടുകളോ പരാമര്‍ശങ്ങളോ ആരില്‍ നിന്നും ഉണ്ടാവരുതെന്നുമാണ് സി.പി.ഐ.എമ്മിന്റ നിലപാട് എന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സി.പി.ഐ.എമ്മിന്റെ സമ്മേളന കാര്യങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് വിജയരാഘവന്‍ ഈ കാര്യം പറഞ്ഞത്.

പാര്‍ട്ടിയുടെ ബ്രാഞ്ച് ഘടകം മുതലുള്ള സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ 12ാം തീയ്യതി മുതലാണ് നടക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ എറണാകുളത്ത് വെച്ചിട്ടാണ് സംസ്ഥാന സമ്മേളനം എന്നും പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ വെച്ചായിരിക്കും നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി സമ്മേളനങ്ങളില്‍ സ്ത്രീപക്ഷ സമീപനം ഉണ്ടാകുമെന്നും പാര്‍ട്ടിയ്ക്ക് കുറച്ചുകൂടി യുവത്വം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ഇപ്പോഴും തര്‍ക്കങ്ങള്‍ തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘താഴേത്തട്ടില്‍ കുറേ ആളുകളെ നിയമിക്കാന്‍ പോകുന്നുവെന്നാണ് പറയുന്നത്. ഉള്‍പാര്‍ട്ടി ജനാധിപത്യമില്ലാത്ത പാര്‍ട്ടി എങ്ങനെ മുന്നോട്ട് പോകും? ദേശീയ തലത്തില്‍ സെമി കേഡര്‍ സംവിധാനമില്ല. പിന്നെ എങ്ങനെയാണ് കേരളത്തില്‍ മാത്രം അത് നടപ്പിലാക്കുക?’ വിജയരാഘവന്‍ ചോദിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Narcotics Jihad-CPIM detract Pala Bishop

We use cookies to give you the best possible experience. Learn more