കോട്ടയം: നര്‍ക്കോട്ടിക്‌സ് ജിഹാദ് പരാമര്‍ശത്തില്‍ പാല രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി പാല എം.എല്‍.എ മാണി സി. കാപ്പന്‍.
ബിഷപ്പ് മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നും വിഷയത്തിന്റെ ഉദ്ദേശ ശുദ്ധിയെ വളച്ചൊടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കാപ്പന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
വിശ്വാസികള്‍ പ്രത്യേകിച്ച് കുട്ടികള്‍ മയക്കുമരുന്ന് ബന്ധങ്ങളില്‍പ്പെടരുതെന്ന മുന്നറിയിപ്പാണ് ബിഷപ്പ് നല്‍കിയത്. നാര്‍ക്കോട്ടിക്സ് ലോബിയുടെ അതിശക്തമായ പ്രേരണയാകും ഇതൊരു വിവാദ വിഷയമാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞു.
നാര്‍ക്കോട്ടിക് വസ്തുക്കളുടെ ഉപയോഗം കുട്ടികളെയും മുതിര്‍ന്നവരെയും സംബന്ധിച്ചിടത്തോളം ലോകം ഒട്ടാകെ നിരോധിച്ചിരിക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതുമാണ്. ഇക്കാര്യം കല്ലറങ്ങാട്ട് പിതാവ് മാത്രം പറയാന്‍ പാടില്ല എന്നതിന്റെ സാംഗത്യം മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ പുകയില വസ്തുക്കള്‍ വിതരണം ചെയ്യുന്ന കടകള്‍ക്കുപോലും ദൂരപരിധി നിശ്ചയിച്ചിട്ടുണ്ട്. പാലാ ബിഷപ്പ് പറഞ്ഞിട്ടുള്ളത് ഏതെങ്കിലും സമുദായത്തിന് എതിരെയല്ല. ഒരു മതത്തെയും കുറ്റപ്പെടുത്തിയിട്ടില്ല. സമുദായങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയാണ് ബിഷപ്പിന്റെ അഭിപ്രായമെന്നും മാണി സി. കാപ്പന്‍ പറയുന്നു.
സര്‍ക്കാരും വിവിധ രാഷ്ട്രീയ നേതാക്കളും മുതിര്‍ന്നവരും ഒറ്റക്കെട്ടായി മയക്കുമരുന്നിനെതിരെയുള്ള ശബ്ദത്തെ പിന്തുണയ്ക്കേണ്ടതാണെന്നും ഇതോടൊപ്പം പാലാ ബിഷപ്പ് പറഞ്ഞത് ഏതെങ്കിലും മതത്തിനെതിരെയാണെന്ന വ്യാഖ്യാനം നല്‍കി മുതലെടുപ്പ് നടത്തുവാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുര്‍ബാന മധ്യേ വിശ്വാസികളോടായി ബിഷപ്പ് പറഞ്ഞതിനെ അഭിപ്രായ സ്വാതന്ത്ര്യമായി കണ്ടാല്‍ മതിയാകുമെന്നും ബിഷപ്പിന്റെ ആശയത്തോട് വിയോജിപ്പുള്ളവര്‍ക്കു ആശയസംവാദത്തിനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ടെന്നും മാണി സി. കാപ്പന്‍ പറയുന്നു.
അതിനെ തെരുവിലേയ്ക്കു വലിച്ചിഴക്കുന്ന നിലപാട് ശരിയാണോ എന്ന് ബന്ധപ്പെട്ടവര്‍ പരിശോധിക്കണം. സാമുദായിക ഐക്യവും മതസൗഹാര്‍ദ്ദവുമാണ് നാടിന്റെ കരുത്ത്. അത് നിലനിര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടായി ശ്രമിക്കണമെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.
അതേസമയം നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ടയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞത്. മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളെ അകറ്റുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
‘പരസ്പരം ചെളിവാരിയെറിയുന്നത് നിര്‍ത്തണം. മുഖ്യധാര മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ഇക്കാര്യം പരിശോധിക്കണം,’ സതീശന്‍ പറഞ്ഞു.
നാട്ടില്‍ ചിലര്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ എന്തുവിലകൊടുത്തും തടയുകയാണ് തങ്ങളെ പോലുള്ള രാഷ്ട്രീയനേതാക്കളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സഭക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം. ബിഷപ്പ് ഉന്നയിച്ച ആരോപണം വഷളാക്കാന്‍ മറ്റൊരു വിഭാഗം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ക്രിസ്ത്യന്‍ യുവാക്കള്‍ക്കെതിരെ ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക്സ് ജിഹാദും നടക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്. ചെറിയ പ്രായത്തില്‍ തന്നെ മറ്റു മതത്തിലെ കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് നാര്‍കോട്ടിക്സ് ജിഹാദ് നടക്കുന്നതെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തിലുണ്ടെന്നുമായിരുന്നു ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശം.
മുസ്‌ലിങ്ങളല്ലാത്തവരെ നശിപ്പിക്കണമെന്നും മതവ്യാപനം നടത്തണമെന്നുമുള്ള ലക്ഷ്യത്തോടെയുള്ള ജിഹാദിന് കേരളത്തില്‍ നിലവില്‍ ഉപയോഗിക്കുന്ന പ്രധാന മാര്‍ഗങ്ങളാണ് ലവ് ജിഹാദും നാര്‍കോട്ടിക്സ് ജിഹാദുമെന്നാണ് ജോസഫ് കല്ലറങ്ങോട്ട് പറയുന്നത്.
കേരളത്തില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് കാര്യങ്ങള്‍ നടക്കില്ലെന്ന് മനസിലായപ്പോഴാണ് ഇത്തരം മാര്‍ഗങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയതെന്നും ബിഷപ്പ് പറഞ്ഞു. എട്ട് നോമ്പിനടുബന്ധിച്ച് കുറുവിലങ്ങാട് പള്ളിയില്‍ വെച്ചു നടത്തിയ പ്രസംഗത്തിനിടയിലാണ് ബിഷപ്പിന്റെ വിവാദ പ്രസ്താവന.
കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ ഗൂഢനീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ബിഷപ്പ് പറയുന്നത്. കോളേജുകളെയും സ്‌കൂളുകളെയും കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും പ്രസംഗത്തില്‍ പറയുന്നുണ്ട്.
ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാര്‍ക്ക് മറ്റു താല്‍പര്യങ്ങളുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഹലാല്‍ വിവാദം പോലുള്ള സംഭവങ്ങളെന്നും ഇത്തരത്തില്‍ വിവിധ ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ജോസഫ് കല്ലറങ്ങാട്ട് പറയുന്നു.
മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ കേരളത്തില്‍ ജിഹാദി സ്ലീപ്പര്‍ സെല്ലുകളുണ്ടെന്ന പ്രസ്താവനയും കല്ലറങ്ങാട്ട് പരാമര്‍ശിക്കുന്നുണ്ട്. അതേസമയം പാലാ ബിഷപ്പിനെതിരെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ദല്‍ഹി സര്‍വകലാശാലയിലെ നിയമവിദ്യാര്‍ത്ഥിയും എം.എസ്.എഫ് ദല്‍ഹി വൈസ് പ്രസിഡന്റുമായ അഫ്‌സല്‍ യൂസഫാണ് പരാതിക്കാരന്‍. തൃശ്ശൂര്‍ പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Narcotics Jihad Controversy Mani C Kappan with support for Bishop of Pala