മുംബൈ: ആഡംബര കപ്പലിലെ പാര്‍ട്ടിയ്ക്കിടെ പിടിയിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ പക്കല്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടികൂടിയിട്ടില്ലെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. കോടതിയിലാണ് എന്‍.സി.ബി ഇക്കാര്യം വ്യക്തമാക്കിയത്.
ആഡംബര കപ്പലില്‍ ഉണ്ടായിരുന്ന മറ്റുചിലരില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. 13 ഗ്രാം കൊക്കെയ്ന്‍, അഞ്ച് ഗ്രാം മെഫെഡ്രോന്‍,21 ഗ്രാം ചരസ്, 22 എം.ഡി.എം.എ ഗുളികകള്‍, 133000 രൂപ എന്നിവയാണ് എന്‍.സി.ബി കപ്പലില്‍ നിന്ന് പിടിച്ചെടുത്തതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
ആര്യന്‍ ഖാന്റെ കൈയില്‍ നിന്ന് ഒന്നും പിടിച്ചെടുത്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും കോടതിയെ അറിയിച്ചു.
‘ആര്യന്‍ ഖാനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. പക്ഷെ അതിന് തെളിവുകളുടെ പിന്‍ബലമില്ല. കോടതിയ്ക്ക് അദ്ദേഹത്തിന്റെ ചാറ്റുകള്‍ പരിശോധിക്കാം,’ അഭിഭാഷകനായ സതീഷ് മനേഷിന്‍ഡെ പറഞ്ഞു.
അതേസമയം അന്വേഷണം നടക്കുകയാണെന്നും എല്ലാവരുടേയും കസ്റ്റഡി അനുവദിക്കണമെന്നും എന്‍.സി.ബി കോടതിയെ അറിയിച്ചു. ആവശ്യം അംഗീകരിച്ച കോടതി ഒക്ടോബര്‍ 7 വരെ ആര്യന്‍ ഖാനേയും മറ്റുള്ളവരേയും കസ്റ്റഡിയില്‍ വിടുകയായിരുന്നു.
മുംബൈ തീരത്തെ ആഡംബര കപ്പലില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ പത്ത് പേര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്ന് കൊക്കെയ്ന്‍,ഹാഷിഷ്, എം.ഡി.എം.എ എന്നിവയും പിടിച്ചെടുത്തിരുന്നു. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കോര്‍ഡേലിയ ക്രൂയിസ് ലൈനറിന്റെ എംപ്രസ് കപ്പലിലായിരുന്നു റെയ്ഡ് നടത്തിയത്.
കപ്പലില്‍ നടന്ന ഒരു സംഗീത പരിപാടിക്കിടെയായിരുന്നു റെയ്ഡ് നടന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ശനിയാഴ്ച യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറി. കപ്പല്‍ മുംബൈ തീരത്തുനിന്ന് കടലിന്റെ മധ്യത്തിലെത്തിയപ്പോള്‍ റേവ് പാര്‍ട്ടി ആരംഭിച്ചു.
തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പാര്‍ട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തത്. റെയ്ഡ് ഏഴുമണിക്കൂറോളം നീണ്ടുനിന്നിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Narcotics Control Bureau had to admit didnt make any recovery from Aryan Khan Sharukh Khan