കോട്ടയം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരെ സി.എസ്.ഐ സഭ. കോട്ടയം താഴത്തങ്ങാടി പള്ളിയിലെ ഇമാമുമായി ചേര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് സംയുക്ത വാര്‍ത്താ സമ്മേളനം നടത്താനാണ് സി.എസ്.ഐ സഭയുടെ നീക്കം. ബിഷപ്പ് മലയില്‍ സാബു കോശി ചെറിയാനാണ് വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്.
സമീപദിവസങ്ങളില്‍ കേരളത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്നതിനുതകുന്ന തരത്തില്‍ ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായ പ്രസ്താവനയെ കുറിച്ചും മതസൗഹാര്‍ദത്തിന്റെ ആവശ്യകതയെ കുറിച്ചും ബിഷപ്പിന് ചിലത് പറയാനുണ്ടെന്നാണ് വാര്‍ത്താ സമ്മേളനം വിളിച്ചുകൊണ്ടുള്ള കുറിപ്പില്‍ സഭ വ്യക്തമാക്കിയത്.
നേരത്തെ പാലാ ബിഷപ്പിന്റെ പ്രസ്താവന പുറത്തു വന്നതിന് പിന്നാലെ ശംസുദ്ദീന്‍ മന്നാനിയാണ് ആദ്യമായി മാധ്യങ്ങളെ കണ്ട് വിഷയത്തില്‍ മുസ്‌ലിം വിഭാഗത്തിനുള്ള എതിര്‍പ്പ് അറിയിച്ചത്.
ഇത്തരമൊരു പരാമര്‍ശം ബിഷപ്പ് നടത്താന്‍ പാടില്ലായിരുന്നെന്നും പരാമര്‍ശം പിന്‍വലിക്കണമെന്നും ഈ രീതിയിലേക്ക് സഭ പോകരുതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. കോട്ടയം മുസ്‌ലിം ഐക്യവേദിയുടെ അധ്യക്ഷന്‍ കൂടിയാണ് ശംസുദ്ദീന്‍ മന്നാനി.
നാര്‍ക്കോട്ടിക് ജിഹാദ് ആരോപണം ഉന്നയിച്ച പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സിറോ മലബാര്‍ സഭ മുന്‍ വക്താവ് പോള്‍ ഇന്ന് തേലക്കാട്ട് രംഗത്തെത്തിയിരുന്നു.
ജിഹാദിന്റെ രണ്ട് മുഖങ്ങള്‍ ചരിത്രം ആണോ അദ്ദേഹത്തിന്റെ സങ്കല്പം ആണോ എന്ന് ഉറപ്പില്ലെന്ന് ഫാദര്‍ പോള്‍ തേലക്കാട്ടില്‍ പറഞ്ഞു. ചരിത്രം ആണെങ്കില്‍ അധികാരികളെ കൊണ്ട് നടപടിയെടുപ്പിക്കാന്‍ കഴിവില്ലാത്ത നിസ്സാരനല്ല ബിഷപ്പെന്നും പോള്‍ തേലക്കാട്ടില്‍ കൂട്ടിച്ചേര്‍ത്തു
സൗഹൃദങ്ങളുടെ സംഭാഷണ വഴിയില്‍നിന്ന് ബിഷപ്പ് വഴുതിമാറി. അദ്ദേഹം തയ്യാറായത് തര്‍ക്ക യുദ്ധത്തിനാണ്. സഭാധ്യക്ഷന്‍ വെറും സമുദായ നേതാവായി, സഭയെ സഭയ്ക്ക് വേണ്ടി മാത്രമാക്കിയെന്നും പോള്‍ തേലക്കാട്ട് ആരോപിച്ചിരുന്നു.
ലവ് ജിഹാദിനൊപ്പം കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസംഗം. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞിരുന്നു.
വിഷയം വിവാദമായതിന് പിന്നാലെ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് കെ.സി.ബി.സിയും പാല രൂപതയും കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള ദീപിക ദിനപ്പത്രവും രംഗത്തുവന്നിരുന്നു.
കേരളസമൂഹം നേരിടുന്ന കടുത്ത വെല്ലുവിളികള്‍ തുറന്നുപറയുന്നത് ഏതെങ്കിലും സമുദായത്തിനെതിരായ ആരോപണമല്ല. അത്തരം തുറന്നുപറച്ചിലുകള്‍ വര്‍ഗീയ ലക്ഷ്യത്തോടെയാണെന്ന് മുന്‍വിധി ആശാസ്യമല്ല. പകരം, ഇത്തരം അപചയങ്ങള്‍ പരിഹരിച്ച് സാമൂഹിക മൈത്രി നിലനിര്‍ത്താനുള്ള ചുമതല സമുദായ നേതൃത്വങ്ങള്‍ ഏറ്റെടുക്കണമെന്നായിരുന്നു കെ.സി.ബി.സിയുടെ പ്രസ്താവന.
എന്നാല്‍ പാല ബിഷപ്പിന്റെ പ്രസ്താവന തള്ളി കല്ദായ സുറിയാനി സഭാധ്യക്ഷന്‍ ബിഷപ് മാര്‍ അപ്രേം, മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു. നാര്‍ക്കോട്ടിക്സ് ജിഹാദ് പരാമര്‍ശം സംഘപരിവാര്‍ അജണ്ടയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞിരുന്നു.