|

മൂന്ന് തലമുറകളുടെ ജാതി-മത ചിന്തകള്‍ പറയുന്ന നാരായണീന്റെ മൂന്നാണ്മക്കള്‍

വി. ജസ്‌ന

നാരായണീന്റെ മൂന്നാണ്മക്കള്‍, ഈ സിനിമ പറയുന്നത് മരണം കാത്ത് അവശതയില്‍ കിടക്കുന്ന നാരായണിയെ കുറിച്ചോ അവരുടെ മൂന്ന് ആണ്‍മക്കളെ കുറിച്ചോ മാത്രമല്ല.

പകരം മൂന്ന് തലമുറകളെ കുറിച്ചും അവരിലെ ജാതി – മത ചിന്തയെ കുറിച്ചും കാലം അവരില്‍ ഉണ്ടാക്കിയ മാറ്റത്തെ കുറിച്ച് കൂടിയാണ്. പഴമയും പുതുമയും നിറഞ്ഞ ചിന്തകള്‍ നാരായണിയുടെ മൂന്ന് മക്കളിലൂടെ കാണിക്കുകയാണ് സംവിധായകന്‍.

ശരണ്‍ വേണുഗോപാല്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് നാരായണീന്റെ മൂന്നാണ്മക്കള്‍. നാരായണിയുടെ മക്കളായ വിശ്വന്‍, സേതു, ഭാസ്‌കരന്‍ എന്നീ കഥാപാത്രങ്ങളായി എത്തിയത് അലന്‍സിയര്‍, ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ്.

ഈ മൂന്നുപേരെയും വേണമെങ്കില്‍ മൂന്ന് തലമുറകളായി കാണാം. അവര്‍ക്ക് മൂന്നുപേര്‍ക്കും മൂന്ന് ചിന്താഗതികളാണുള്ളത്. ഈ മൂന്ന് തലമുറകളില്‍ ജാതിയുടെയും മതത്തിന്റെയും ചിന്തകള്‍ എത്ര മാത്രം വ്യത്യസ്തമാണെന്നും സിനിമയിലൂടെ വ്യക്തമാകും. തലമുറകള്‍ മാറുമ്പോള്‍ അവരുടെ ജീവിതത്തോടുള്ള വീക്ഷണം എങ്ങനെയാണ് മാറുന്നതെന്നും കാണാം.

വിശ്വനും (അലന്‍സിയര്‍) ഭാസ്‌കരനും (സുരാജ് വെഞ്ഞാറമ്മൂട്) തറവാട്ടില്‍ നിന്ന് അകന്ന് കഴിയുമ്പോള്‍ നാട്ടില്‍ത്തന്നെയുള്ള സേതുവാണ് (ജോജു ജോര്‍ജ്) നാരായണിയുടെ കാര്യങ്ങള്‍ നോക്കി തറവാട്ടില്‍ നില്‍ക്കുന്നത്. സിനിമയുടെ തുടക്കം ഒരു ഹോസ്പിറ്റലില്‍ നിന്നാണെങ്കില്‍ പിന്നീട് ഭൂരിഭാഗവും കാണിക്കുന്നത് നാരായണിയുടെ തറവാടാണ്. ആ തറവാടിനെയും മൂന്ന് തലമുറകളുടെ ചിന്തകളുമായി ചേര്‍ത്തുവെക്കാം.

ആ തറവാടിന്റെ മുകളിലത്തെ നിലയിലാണ് സേതു. അയാള്‍ക്കൊപ്പം മുകളില്‍ തന്നെയാണ് പുതിയ തലമുറയിലെ ആതിരയും നിഖിലും കഴിയുന്നത്. വിശ്വനും ഭാസ്‌കരനുമൊക്കെ തറവാടിന്റെ താഴത്തെ നിലയിലും. അവിടെ മറ്റുള്ളവര്‍ ചിന്താഗതി കൊണ്ട് താഴെ നില്‍ക്കുമ്പോള്‍ സേതു അവരേക്കാള്‍ മുകളിലാണെന്ന് വായിച്ചെടുക്കാം.

മൂത്ത മകനായ വിശ്വന് കഴിഞ്ഞ് പോയ കാലത്തില്‍ തന്റെ പിതാവിന് ജാതിയുടെ പേരില്‍ നേരിടേണ്ടി വന്ന അപമാനം ഇപ്പോഴും മറക്കാന്‍ സാധിക്കുന്നില്ല. അയാള്‍ അത് ഇന്നും ഓര്‍മയില്‍ സൂക്ഷിക്കുകയാണ്. അത് മറികടക്കാന്‍ ഇന്നുള്ള സമ്പത്ത് ഉപകരിച്ചെന്നാണ് അയാള്‍ കരുതുന്നത്. അച്ഛനെ ചിലര്‍ പണ്ട് ജാതി പറഞ്ഞാണ് വിളിക്കാറുള്ളതെന്നും അതൊന്നും തനിക്ക് മറക്കാനാവില്ലെന്നും അയാള്‍ പറയുന്നുണ്ട്. അത് കഴിഞ്ഞുപോയ കാര്യമല്ലേയെന്നും ഇപ്പോള്‍ അവര്‍ നമുക്ക് ബഹുമാനം തരുന്നില്ലേയെന്നും ഭാസ്‌കരന്‍ ചോദിക്കുമ്പോള്‍ വിശ്വന്‍ അത് സമ്മതിച്ചു കൊടുക്കുന്നില്ല. ഇന്ന് കാണുന്ന ബഹുമാനം കിട്ടിയത് അച്ഛന്‍ കുറച്ച് കാശുണ്ടാക്കിയപ്പോളാണെന്നും അച്ഛന്റെ പേരിലെ ഓരോ തുണ്ട് ഭൂമിയും അച്ഛന്‍ അധ്വാനിച്ച് ഉണ്ടാക്കിയതാണെന്നും അയാള്‍ പറയുന്നു. അല്ലാതെ തലമുറ തലമുറ കൈമാറി വന്നതല്ലെന്നും വിശ്വന്‍ പറയുന്നത് കേള്‍ക്കാം.

സ്വത്തുക്കള്‍ തലമുറയിലൂടെ കൈമാറി വന്നതല്ലെങ്കിലും വിശ്വന്റെ ചില ചിന്തകള്‍ കഴിഞ്ഞ തലമുറയില്‍ നിന്നും കിട്ടിയത് തന്നെയാണ്. അത് അയാളുടെ സംസാരത്തില്‍ നിന്നും പെരുമാറ്റത്തില്‍ നിന്നും വ്യക്തമാണ്. കഴിഞ്ഞ കാലത്ത് ജാതിയുടെ കെടുതി അനുഭവിച്ച അയാള്‍ അത് മറക്കാതെ ഒരു മുറിവായി മനസില്‍ സൂക്ഷിക്കുമ്പോഴും അയാള്‍ക്ക് ശേഷം വന്ന തലമുറയോടും ജാതിയെ കുറിച്ച് പറയുന്നത് കേള്‍ക്കാം.

തന്റെ ഏറ്റവും ഇളയ അനിയനായ ഭാസ്‌കരന്‍ അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ ദേഷ്യവും അവനോടുള്ള വാശിയുമൊക്കെ അയാളുടെ വാക്കുകളിലും പ്രവര്‍ത്തിയിലും ഇടക്കൊക്കെ കാണാനാകും. വിശ്വനുമായി ഭക്ഷണം കഴിക്കുന്നതിന് ഇടയില്‍ തര്‍ക്കം ഉണ്ടാകുമ്പോള്‍ ഭാസ്‌കരന്‍ അയാളോട് ‘നമുക്കുമില്ലേ ജാതി സ്പിരിറ്റ്? ആതിരയെ മറ്റൊരു ജാതിക്കാരനെ കൊണ്ട് കെട്ടിക്കുമോ?’ എന്ന് ചോദിക്കുന്നുണ്ട്. അത് കേള്‍ക്കുന്നതോടെ വിശ്വന്‍ ദേഷ്യപ്പെടുന്നതും അന്യമതക്കാരിയുമായുള്ള ഭാസ്‌കരന്റെ വിവാഹത്തെ കുറിച്ച് പറയുന്നതും കാണാം. അതിലൂടെ ഭാസ്‌കരന്റെ വായ മൂടികെട്ടാനാണ് വിശ്വന്‍ ശ്രമിക്കുന്നത്.

അതേസമയം വിശ്വനില്‍ നിന്ന് വ്യത്യസ്തനായി മുമ്പ് ജാതിയുടെ പേരിലേറ്റ അപമാനമൊക്കെ മറക്കാനാണ് ഭാസ്‌കരന്‍ ആഗ്രഹിക്കുന്നത്. അപ്പോഴും ചേട്ടനുമായി സ്വത്തിന് വേണ്ടി വഴക്കിടാനും അയാള്‍ മുതിരുന്നുണ്ട്. അച്ഛന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറ്റ അപമാനത്താല്‍ വിശ്വന്‍ ഭൂമി അതിന്റെ മുമ്പത്തെ അവകാശികള്‍ക്ക് വിട്ടുകൊടുക്കാന്‍ മടിക്കുമ്പോള്‍ അവിടെ ഭാസ്‌കരന്‍ ഇമോഷണല്‍ അറ്റാച്ച്‌മെന്റിനെ കുറിച്ചും അവര്‍ പറഞ്ഞ തുകയുടെ വലിപ്പത്തെ കുറിച്ചും പറയുന്നുണ്ട്.

സിനിമ കണ്ട് കഴിയുമ്പോള്‍ നാരായണിയുടെ മൂന്ന് ആണ്‍മക്കളില്‍ മനസില്‍ ഒരു നീറ്റലായി ഏറ്റവും അധികം പതിയുന്നത് ജോജു അവതരിപ്പിച്ച സേതു എന്ന കഥാപാത്രമാണ്. സഹോദരങ്ങള്‍ തമ്മില്‍ വഴക്ക് ഉണ്ടാക്കുമ്പോള്‍ അവരെ പിടിച്ചു മാറ്റാന്‍ പോകുന്നത് അയാളാണ്. അനിയന് ചേട്ടന്‍ സ്വത്ത് കൊടുക്കില്ലെന്ന് പറയുമ്പോള്‍ എന്റേത് നിനക്ക് തരാമെന്ന് സേതു മറ്റൊന്നും ചിന്തിക്കാതെ ഭാസ്‌കരനോട് പറയുന്നുണ്ട്. എന്നാല്‍ അവര്‍ തന്നെ ‘പൊട്ടന്‍’ എന്ന് വിളിക്കുന്നത് കേള്‍ക്കുന്നതോടെ അയാള്‍ നിശബ്ദനാകുന്നത് കാണാം. ചേട്ടനും അനിയനും തന്നെ പൊട്ടനെന്ന് വിളിക്കുമ്പോഴും സേതുവിന് തന്റേതായ ശരികളുണ്ടായിരുന്നു. ‘അഞ്ചും അഞ്ചും ഗുണിക്കാന്‍ അറിയാത്ത ഈ പൊട്ടനോ’യെന്ന് വിശ്വന്‍ അവനെ കുറിച്ച് പറയുമ്പോള്‍ നിശബ്ദനായി നില്‍ക്കുകയാണ് അയാള്‍.

അത് തന്നെയാണ് നാരായണിയുടെ മൂന്ന് ആണ്‍മക്കളില്‍ സേതുവിനെ മാത്രം വേറിട്ട് നിര്‍ത്തിയത്. മറ്റുള്ളവരുടെ ഉള്ളിലെ ചിന്തകള്‍ എങ്ങനെയാണെന്ന് മനസിലാക്കാന്‍ ഒരുപാട് സമയം വേണ്ടി വരുമെങ്കിലും സേതു എങ്ങനെയുള്ള ആളാണെന്ന് എളുപ്പം മനസിലാക്കാം. നാട്ടിലെ നാരായണി സ്റ്റോഴ്‌സ് എന്ന തന്റെ കടയിലേക്ക് ‘ബ്രാഹ്‌മിണ്‍സിന്റെ മഞ്ഞള്‍ പൊടിയുണ്ടോ ചേട്ടാ’ എന്ന് ചോദിച്ചു കൊണ്ട് ഒരാള്‍ കടന്നു വരുമ്പോള്‍ ‘ഇവിടെ എല്ലാവര്‍ക്കും ഉള്ളതെയുള്ളൂ’വെന്ന് അയാള്‍ പുഞ്ചിരിയോടെ പറയുന്നുണ്ട്.

സിനിമയില്‍ ഏറ്റവും കുറവ് ഡയലോഗുള്ള കഥാപാത്രമായാണ് സേതുവിനെ തോന്നിയത്. സേതു ഒഴികെ മറ്റുള്ളവരൊക്കെ സ്വാര്‍ത്ഥരായും തോന്നി. സേതുവിനെ എല്ലാവരും പൊട്ടന്‍ എന്ന് വിളിക്കുമ്പോഴും പലപ്പോഴും ഏറ്റവും പക്വതയോടെ പെരുമാറുന്ന ആളായാണ് സേതുവിനെ കാണാനാകുക.

ചിത്രത്തില്‍ ഇടക്ക് സേതു ‘ബന്ധങ്ങള്‍ എപ്പോഴും കോംപ്ലിക്കേറ്റഡാണ്. അടുക്കേണ്ടവരുമായി അകലും, അകലേണ്ടവരുമായി അടുക്കും. ഇംഗ്ലീഷില്‍ Ephemeral എന്നൊരു വാക്കുണ്ട്’ എന്ന് പറയുന്നത് കേള്‍ക്കാം. Ephemeral എന്നാല്‍ വളരെ കുറച്ച് സമയത്തേക്ക് മാത്രം നിലനില്‍ക്കുന്ന ഒന്ന് അല്ലെങ്കില്‍ ക്ഷണികമായ ഒന്ന് എന്നാണ് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ഇവിടെ സിനിമ പറയുന്നത് ഒരിക്കലും മാറാത്ത എന്നൊന്നും നിലനില്‍ക്കുന്ന ചില ചിന്തകളെ കുറിച്ച് കൂടിയാണ്.

Content Highlight: Narayaneente Moonnanmakkal, The Caste And Religious Thoughts Of Three Generations

വി. ജസ്‌ന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ