അമേരിക്കന്‍ പൗരനായ മാരിയോ സപ്പോട്ടോ പോള്‍ എന്ന മുപ്പത്തിയേഴുകാരന്‍, കൊല്ലം വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി മഠത്തില്‍ നിന്നും ഗുരുതരമായ മര്‍ദ്ദനങ്ങള്‍ക്കിരയായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നു കൊണ്ടിരിക്കയാണ്.
രാഷ്ടട്രപതി രാംനാഥ് കോവിന്ദ് അമൃതാനന്ദമയി മഠം സന്ദര്‍ശിക്കുന്നതിന് തൊട്ടുമുമ്പാണ് ദുരൂഹ രീതിയില്‍ മര്‍ദ്ദനത്തിനിരയായ മാരിയോ പോളിനെ മഠത്തിന്റെ തന്നെ ആംബുലന്‍സില്‍ പോലീസും മഠം പ്രതിനിധികളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്.
അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവാവിന്റെ ദേഹമാസകലം ശക്തമായ മര്‍ദ്ദനമേറ്റതിന്റെ പാടുകളാണെന്നും വലതു കണ്ണിനു മുകളിലും നട്ടെല്ലിന്റെയും നെഞ്ചിന്റെയും വയറിന്റെയും കിഡ്‌നിയുടെയും ഭാഗങ്ങളിലും കാര്യമായ ക്ഷതമേറ്റിട്ടുണ്ടെന്നും അറിയാന്‍ സാധിക്കുന്നു. ആശുപത്രിയിലെത്തിച്ചതു മുതല്‍ അര്‍ദ്ധബോധാവസ്ഥയില്‍ കഴിയുന്ന യുവാവിന്റെ ഇരുകൈകളിലും കയര്‍ കൊണ്ട് കൂട്ടിക്കെട്ടിയതിന്റെ അടയാളവുമുണ്ട്.
അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ പുറത്ത് വരുന്ന ആദ്യ വാര്‍ത്തയല്ലിത്. കൊലപാതകങ്ങളും അക്രമങ്ങളും പീഡനങ്ങളുമൊക്കായി ദുരൂഹതയേറിയ നിരവധി സംഭവങ്ങളാണ് കഴിഞ്ഞ കുറേ കാലങ്ങളില്‍ മഠവുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അവയൊന്നില്‍ പോലും കാര്യമായ അന്വേഷണങ്ങളോ നടപടികളോ ഇന്നുവരെയുണ്ടായിട്ടില്ല.
മഠവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ മലയാളിയെ ഏറെ ഞെട്ടിച്ചത് 2012 ല്‍ നടന്ന സത്‌നാം സിങ്ങ് മാന്‍ എന്ന ബീഹാരി യുവാവിന്റെ കൊലപാതകമായിരുന്നു. തെളിവുകളേറെയുണ്ടായിട്ടും ഈ കേസിലും കാര്യമായ നീക്കങ്ങളൊന്നുമുണ്ടായില്ല. കേസിലെ യഥാര്‍ത്ഥ പ്രതികളെയും ആശ്രമത്തെയും രക്ഷിക്കാനുള്ള പോലീസിന്റെ നീക്കം പ്രകടമായിരുന്നു.
കേസില്‍ സ്വതന്ത്രമായ അന്വേഷണമാവശ്യപ്പെട്ട് സത്‌നാമിന്റെ അച്ഛന്‍ ഹരീന്ദ്രകുമാര്‍ സിങ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്‍മേലുള്ള വിശദീകരണത്തില്‍, കേസന്വേഷണത്തില്‍ വീഴ്ച്ചപറ്റിയെന്ന് അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. പക്ഷേ തുടര്‍ന്നും സ്ഥിതിയില്‍ വ്യത്യാസങ്ങളൊന്നുമുണ്ടായില്ല.
വര്‍ഷങ്ങള്‍ക്കു മുന്നെ സമാനമായ രീതിയില്‍ മഠത്തിലെ ആളുകളാല്‍ കൊലചെയ്യപ്പെട്ട കൊടുങ്ങല്ലൂരിലെ നാരായണന്‍കുട്ടിയുടെ കഥ ഇവിടെ ആവര്‍ത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കേസിലെ ക്രൈം ബ്രാഞ്ച് അന്വേഷണവും പിന്നീട് അട്ടിമറിക്കപ്പെടുകയായിരുന്നു.
മഠവുമായി ബന്ധപ്പെട്ട് ഇക്കാലത്ത് പുറത്തുവന്ന, കേസെടുക്കാന്‍ പോലും പോലീസ് തയ്യാറാകാതിരുന്ന, മര്‍ദ്ദനങ്ങളുടെയും പീഡനങ്ങളുടെയും നിരവധി സംഭവങ്ങള്‍ക്ക് പുറമെ വന്‍ തോതിലുള്ള നികുതിവെട്ടിപ്പ്, സാമ്പത്തിക ക്രമക്കേടുകള്‍, ഭൂമി കയ്യേറ്റം, മലിനീകരണം തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ വേറെയുമുണ്ട്.
ഇതിനൊക്കെ പുറമെ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാന്ത്വനകേന്ദ്രങ്ങള്‍ തുടങ്ങി അമൃതാനന്ദമയി മിഷന്‍ ട്രസ്റ്റിന്റെതായി രാജ്യത്തിന്റെ വിവിധയിടങ്ങളിലുള്ള നൂറുകണക്കിന് സ്ഥാപനങ്ങളില്‍ നടക്കുന്നത് വലിയരീതിയിലുള്ള ചൂഷണങ്ങളാണ്. ആത്മഹത്യകളടക്കമുള്ള നിരവധി ദുരൂഹസംഭവങ്ങള്‍ ഇവിടങ്ങളില്‍ നടക്കുന്നുണ്ട്.
ഇരുപത് വര്‍ഷത്തോളം അമൃതാനന്ദമയിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ച ഗായത്രി എന്ന “ഗെയ്ല്‍ ട്രെയ്ഡ്‌വെല്‍” ഒടുക്കം മഠം വിട്ട് പുറത്തുപോയതിന് ശേഷം എഴുതിയ പുസ്തകത്തിലൂടെയാണ് മഠത്തെ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.
“അക്രമാസക്തയായ സ്ത്രീ” എന്നാണ് ഗെയ്ല്‍ അമൃതാനന്ദമയിയെ പുസ്തകത്തില്‍ വിശേഷിപ്പിച്ചത്. ഇത്രയേറെ വസ്തുതകള്‍ പരസ്യമായി പുറത്തുവന്നിട്ടും ദിനംപ്രതി അമൃതപുരിയിലേക്കൊഴുകുന്ന ആയിരങ്ങളുടെ എണ്ണത്തില്‍ യാതൊരു വ്യത്യാസവുമുണ്ടായില്ല.
ഗെയ്ല്‍ ട്രെയ്ഡ്‌വെല്‍ മാതാ അമൃതാനന്ദമയിയോടൊപ്പം
ആധ്യാത്മികതയുടെ കപട മുഖംമൂടിയണിഞ്ഞിരിക്കുന്ന ഈ ആള്‍ദൈവം ക്രമരാഹിത്യങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും ആത്മീയവ്യാപാരത്തിലൂടെ രാജ്യത്തെ മുഖ്യ സാമ്പത്തിക ശക്തികളുടെ ശ്രേണിയിലേക്കുയര്‍ന്നതുവഴി നമ്മുടെ നീതിന്യായവ്യവസ്ഥയും രാഷ്ട്രീയഭരണകൂട സംവിധാനങ്ങളും ഇവര്‍ക്കുമുന്നില്‍ വെറും ചട്ടുകങ്ങളായി മാറി.
ഭ്രാന്തമായ ഭക്തിയുടെ തിരതള്ളലില്‍ തുള്ളിച്ചാടി നില്‍ക്കുന്ന, സ്വബോധം നഷ്ടപ്പെട്ട, വിശ്വാസ സമൂഹങ്ങളാകട്ടെ രക്തദാഹികളായ ആള്‍ദൈവ സേനയ്ക്ക് മുന്നില്‍ മുന്നില്‍ കൊല്ലാനും ചാകാനും തയ്യാറായ അടിമകളായി സ്വയം പരിണമിച്ചു.
ആള്‍ദൈവ സന്നഹാങ്ങളുടെ കൂലിപ്പടകളായി മാറി അവരുടെ സ്തുതികീര്‍ത്തനങ്ങള്‍ മാത്രം പുറത്തുവിടുന്ന, ലാഭേച്ഛ മാത്രം കൈമുതലായുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ ദുരവസ്ഥ വേറെയും. പതിറ്റാണ്ടുകള്‍ക്ക് മുന്നേ തന്നെ നവോത്ഥാനമാനവിക മൂല്യങ്ങള്‍ സ്വായത്തമാക്കിയെന്നവകാശപ്പെടുന്ന പ്രബുദ്ധ കേരളത്തിന്റെ സമകാലീന സ്ഥിതിയാണിത്.
സുധാമണി എന്ന അമൃതാനന്ദമയി -സഹോരദന്റെ മരണം ദുരൂഹം
കൊല്ലം ജില്ലയിലെ തീരദേശമായ ആലപ്പാട്ട് പഞ്ചായത്തിലെ പറയക്കടവ് എന്ന പ്രദേശത്ത് സുഗുണാനന്ദന്‍-ദമയന്തി ദമ്പതികളുടെ മകളായി 1953 ല്‍ ആണ് സുധാമണി ജനിക്കുന്നത്. മത്സ്യബന്ധന കുടുംബമായിരുന്നു അവരുടേത്. ചെറുപ്പത്തിലേ തന്നെ നൃത്തത്തില്‍ താത്പര്യമുണ്ടായിരുന്ന സുധാമണി, കൊല്ലം കരുനാഗപ്പള്ളി ഭാഗത്ത് ദേവീദേവന്‍മാരുടെ വേഷങ്ങള്‍ കെട്ടി അമ്പലങ്ങളിലെ എഴുന്നള്ളിപ്പില്‍ പങ്കെടുക്കാറുണ്ടായിരുന്നു.
ഇതില്‍ സ്ഥിരമായി ഉണ്ടാകാറുണ്ടായിരുന്ന ശ്രീകൃഷ്ണന്‍, മഹാവിഷ്ണു, ഭദ്രകാളി, പരമശിവന്‍ തുടങ്ങിയ വേഷങ്ങളില്‍ ആകൃഷ്ടയായ സുധാമണി പിന്നീട് സ്വന്തം വീട്ടില്‍ ഇത്തരം വേഷങ്ങള്‍ കെട്ടിയുള്ള ആട്ടങ്ങളാരംഭിക്കുകയായിരുന്നു. അവരുടെ പതിനേഴാമത്തെ വയസ്സില്‍ അടുത്ത വീട്ടില്‍ നടന്ന ഒരു ഭജനയ്ക്കിടെ സ്വയം ഉറഞ്ഞുതുള്ളിയ അവരെത്തേടി പിന്നീട് ഭക്തസന്ദര്‍ശകര്‍ വന്നു തുടങ്ങുകയായിരുന്നു.
ഇതില്‍ ചിലര്‍ അവരുടെ സന്ധതസഹചാരികളായി മാറുകയും ചെയ്തു. ഭക്തരെ ആലിംഗനം ചെയ്യുന്ന അവരുടെ രീതി അവര്‍ക്ക് എളുപ്പത്തില്‍ പ്രസിദ്ധി നേടിക്കൊടുത്തു. സന്ദര്‍ശകരിലേറെയും ചെറുപ്പക്കാരായിരുന്നു എന്നതും സുധാമണിയുടെ അപ്പോഴത്തെ പ്രായവും പറയക്കടവില്‍ പല രീതിയിലുള്ള സംസാരങ്ങള്‍ക്കുമിടയായി.
ഇതുമൂലം സുധാമണിയുടെ പ്രവൃത്തികളെ മൂത്ത സഹോദരന്‍ സുനില്‍കുമാര്‍ എന്ന സുഭഗന്‍ ശക്തമായി എതിര്‍ത്തു. എന്നാല്‍ അധികം വൈകാതെ സുഭഗന്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയായിരുന്നു.
ചുരുങ്ങിയ കാലംകൊണ്ടായിരുന്നു സുധാമണിയുടെ വളര്‍ച്ച. അമേരിക്കന്‍ സ്വദേശിയായ “നില്‍ റോസ്‌നല്‍”, ഓസ്‌ട്രേലിയന്‍ വനിത “ഗെയ്ല്‍ ട്രെയ്ഡ്‌വെല്‍” എന്നിവരെ കണ്ടുമുട്ടിയതോടുകൂടിയാണ് സുധാമണിയുടെ ജീവിതത്തില്‍ വലിയ വഴിത്തിരിവുകള്‍ സംഭവിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ ആത്മീയവ്യാണിജ്യത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കി ഇവര്‍ രചിച്ച തിരക്കഥയില്‍ സുധാമണി പതിയെ മാതാ അമൃതാനന്ദമയിയായി പരിണമിക്കുകയായിരുന്നു.
വിശുദ്ധ നരകത്തില്‍ സംഭവിച്ചിരുന്നത് -ഗെയ്ല്‍ ട്രെയ്ഡ്‌വെലിന്റെ വെളിപ്പെടുത്തല്‍
ഗായത്രി എന്ന പേര് സ്വീകരിച്ച് അമൃതാനന്ദമയിയോടൊപ്പം വര്‍ഷങ്ങളോളം ശിഷ്യയായി കഴിഞ്ഞിരുന്ന ഗെയ്ല്‍ ട്രെയ്ഡ്‌വെല്‍ എന്ന ഓസ്‌ട്രേലിയന്‍ വനിത, ഒടുക്കം മഠം വിട്ട് പോയതിന് ശേഷമെഴുതിയ “ഹോളി ഹെല്‍: എ മെമ്മയര്‍ ഓഫ് ഫെയ്ത്ത്, ഡിവോഷന്‍ ആന്റ് പ്യുവര്‍ മാഡ്‌നസ്സ്” എന്ന പുസ്തകത്തിലൂടെ പുറത്തു വന്നത് മഠത്തെ സംബന്ധിച്ച് ഏറെ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.
ലോകം മുഴുവന്‍ അമ്മ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു സ്ത്രീയുടെ ക്രൂരമുഖമെന്തായിരുന്നുവെന്നാണ് ഇരുപത് വര്‍ഷത്തോളം അവരുടെ പേഴ്‌സണല്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ഗെയ്ല്‍ ലോകത്തോടു പറഞ്ഞത്. ആശ്രമത്തില്‍ അതിക്രൂരമായ ലൈംഗിക പീഡനങ്ങള്‍ നടന്നിരുന്നതായും നിരവധി തവണ താന്‍ ബലാത്സംഗം ചെയ്യപ്പെട്ടതായും ഗെയ്ല്‍ പറയുന്നുണ്ട്.
മഠത്തിന്റെയും അമൃതാനന്ദമയിയുടെയും ആസ്തികളിലെ ക്രമക്കേടുകളെക്കുറിച്ചും സ്വിസ്ബാങ്ക് അക്കൗണ്ട് നിക്ഷേപത്തെക്കുറിച്ചുമെല്ലാം പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.
തന്നെ പീഡിപ്പിച്ചതടക്കം മഠത്തില്‍ നടന്ന നിരവധി കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം കൊടുത്തതായി പുസ്തകത്തില്‍ താന്‍ വിശേഷിപ്പിച്ച ബാലു അമൃതാനന്ദമയിയുടെ പ്രഥമ ശിഷ്യന്‍ അമൃതസ്വരൂപാനന്ദയാണെന്നും മഠത്തെ സംബന്ധിച്ച് തനിക്കറിയാവുന്ന കാര്യങ്ങള്‍ പുസ്തകത്തില്‍ പറഞ്ഞതിനേക്കാളേറെയാണെന്നും ഗെയ്ല്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.
1978 ല്‍ തന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ അമൃതാനന്ദമയിക്കൊപ്പം ചേര്‍ന്ന ഗെയില്‍ പിന്നീട് 20 വര്‍ഷങ്ങള്‍ക്ക് ശേഷം 1999 ല്‍ ആണ് മഠം വിട്ടുപോകുന്നത്.
കൊടുങ്ങല്ലൂരിലെ നാരായണന്‍കുട്ടിയുടെ മരണം
തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ സ്വദേശിയായിരുന്ന നാരായണന്‍കുട്ടി കോണ്‍ഗ്രസ് അനുഭാവിയായിരുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു. 1980 കളുടെ തുടക്കത്തില്‍ അമൃതാനന്ദമയി മഠം കൊടുങ്ങല്ലൂര്‍ ബസ്സ്റ്റാന്റിനോട് ചേര്‍ന്ന് പണിത ക്ഷേത്രത്തിനായി സ്ഥലം ദാനം ചെയ്തത് നാരായണന്‍കുട്ടിയുടെ അമ്മയായിരുന്നു.
സകലമതക്കാരെയും ആകര്‍ഷിക്കുന്ന തരത്തില്‍ സര്‍വ്വമതദൈവങ്ങളെയും പ്രതിഷ്ഠിച്ചായിരുന്നു ക്ഷേത്രം ആരംഭിച്ചിരുന്നത്. ക്ഷേത്രം വഴി രൂപപ്പെട്ട ബന്ധം കാരണം നാരായണന്‍ കുട്ടിയും കുടുംബവും വള്ളിക്കാവിലെ അമൃതാനന്ദമയി മഠവും സന്ദര്‍ശിക്കാറുണ്ടായിരുന്നു.
1987 ല്‍ മഠം സന്ദര്‍ശിച്ച നാരായണന്‍കുട്ടി അവിടെ വെച്ച് മഠത്തിലെ ആളുകളാല്‍ മര്‍ദ്ദിക്കപ്പെട്ട് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവന്നു. കൊല്ലം ജില്ലയില്‍ നിന്ന് അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന തനിനിറം എന്ന ഒരു പ്രാദേശിക പത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
മഠത്തില്‍ വെച്ച് കൊടുങ്ങല്ലൂരിലെ ക്ഷേത്രമിരിക്കുന്ന തന്റെ കുടുംബസ്ഥലത്തിന്‍മേല്‍ അവകാശം ഉന്നയിച്ചതിനാല്‍ നാരായണന്‍കുട്ടിയെ മഠം അധികൃതര്‍ മര്‍ദ്ദിക്കുകയായിരിന്നുവെന്നും മഠത്തിലെ ഒരു വ്യക്തി തന്റെ വാച്ച് കൈക്കലാക്കിയതിനാല്‍ അത് ചോദിച്ചതിന് മര്‍ദ്ദിക്കപ്പെടുകയായിരുന്നുവെന്നും പറയപ്പെടുന്നു.
കൃത്യസംഭവം ഇതുവരെ വ്യക്തമല്ല. വിവരം പുറത്തറിഞ്ഞതോടുകൂടി ഇവര്‍ നാരായണന്‍കുട്ടിയെ തിരുവനന്തപുരം പേരൂര്‍ക്കടയിലെ മാനസികരോഗാശുപത്രിലെത്തിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം ഇവിടെ വെച്ച് നാരായണന്‍കുട്ടി കൊല്ലപ്പെടുകയാണുണ്ടായത്.
സംഭവമറിഞ്ഞ് കൊടുങ്ങല്ലൂരില്‍ നിന്നു പുറപ്പെട്ട നാരായണന്‍കുട്ടിയുടെ സുഹൃത്തുക്കളും ബന്ധുക്കളും മറ്റു സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം തിരുവനന്തപുരത്തെത്തിയപ്പോഴേക്കും മൃതശരീരം അവര്‍ തിരുവനന്തപുരം നഗരത്തിലെ ഒരു പൊതുശ്മശാനത്തില്‍ വെച്ച് സംസ്‌കരിച്ചുകഴിഞ്ഞിരുന്നു.
നാരായണന്‍കുട്ടിയുടെ ഘാതകരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കൊടുങ്ങല്ലൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിന്റെ ഭാഗമായി നായനാര്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും കേസ് അധികമൊന്നും മുന്നോട്ടുപോയില്ല.
സത്‌നാം സിംങ്ങിനും സമാന മരണം
ദക്ഷിണ ബീഹാറിലെ ഗയ ജില്ലയിലെ നഗരകേന്ദ്രത്തില്‍ നിന്നും 45 കിലോമീറ്റര്‍ അകലെ ഷേര്‍ഘാട്ടി ഗ്രാമത്തിലെ കിഷോരി സിംഗ് എന്ന ഭൂപ്രഭുവിന്റെ കൊച്ചുമകനായിരുന്നു സത്‌നാം സിംങ് (അച്ചന്‍ ഹരീന്ദ്രകുമാര്‍ സിംങ്). കുട്ടിക്കാലം മുതലേ എഴുത്തിലും വായനയിലും പഠനത്തിലുമെല്ലാം അതുല്യപ്രതിഭയായിരുന്നു സത്‌നാം.
ലക്‌നൗവിലെ റാം മനോഹര്‍ ലോഹിയ ലോ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലത്താണ് ആത്മീയാന്വേഷണത്തിലേക്ക് സത്‌നാം തിരിയുന്നത്. പിന്നീട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ തന്റെ ആത്മീയാന്വേഷണ യാത്രയുമായി സത്‌നാം സഞ്ചരിച്ചു. ഒടുക്കം കേരളത്തിലുമെത്തി. നാരായണഗുരുവിന്റെയും നടരാജഗുരുവിന്റെയും ചിന്തകളില്‍ ആകൃഷ്ടനായാണ് സത്‌നാം കേരളത്തിലെത്തുന്നത്.
വര്‍ക്കലയിലെ സ്വാമി മുനിനാരായണപ്രസാദിന്റെ ആശ്രമത്തില്‍ സര്‍വ്വമത പ്രാര്‍ത്ഥനകളിലും വായനകളിലും മുഴുകി രണ്ടാഴ്ച്ചയോളം കഴിഞ്ഞതിന് ശേഷമാണ് സത്‌നാം വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി ആശ്രമത്തിലെത്തിയത്.
2012 ജൂലൈ 31 ന് രാവിലെ സന്ദര്‍ശകര്‍ക്കിടയില്‍ നിന്നും അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാരോപിക്കപ്പെട്ട സത്‌നാമിനെ മഠം ഭാരവാഹികള്‍ പിടികൂടി മര്‍ദ്ദിച്ച് പോലീസിലേല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ അമൃതാനന്ദമയിയുടെ ചുറ്റിലും ഒരു വലയം ഞാന്‍ നിരീക്ഷിച്ചുവെന്നും അവരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും സത്‌നാം പോലീസിനോട് പറഞ്ഞെങ്കിലും ഇയാള്‍ക്ക് നേരെ വധശ്രമമടക്കമുള്ള കേസ്സുകള്‍ ചാര്‍ജ്ജ് ചെയ്യുകയാണുണ്ടായത്.
സത്‌നാമിന്റെ വീടുമായി ഫോണില്‍ ബന്ധപ്പെട്ട പോലീസിനോട് ഇദ്ദേഹം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കുന്നുണ്ടെന്ന് അച്ഛന്‍ അറിയിച്ചു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ സത്‌നാമിന് വിദഗ്ദ ചികിത്സ ആവശ്യമാണെന്ന് ശുപാര്‍ശ ചെയ്തു. എന്നാല്‍ അതൊന്നും കൂട്ടാക്കാതെ മുമ്പ് നാരായണ്‍ കുട്ടിയെ കൊണ്ടുപോയി കൊന്ന അതേ മാനസികാശുപത്രിയിലേക്ക് സത്‌നാമിനെയും കൊണ്ടുപോകുകയായിരുന്നു.
അടുത്ത ദിവസം ആഗസ്ത് നാലിന് രാവിലെ സെല്ലിലെ തറയില്‍ ദേഹമാസകലം കേബിള്‍ കൊണ്ടും വടി കൊണ്ടും ആക്രമിക്കപ്പെട്ടതിന്റെ അടയാളങ്ങളുമായി ചലനമറ്റുകിടക്കുന്ന സത്‌നാമിനെയാണ് മറ്റുള്ളവര്‍ കണ്ടത്. സത്‌നാമിന്റെ ശരീരത്തില്‍ 77 മുറിവുകള്‍ ഉണ്ടായിരുന്നതായും, തലച്ചോറിലും കഴുത്തിന്റെ പിന്‍ഭാഗത്തുമേറ്റ ശക്തമായ ആഘാതമാണ് മരണകാരണമെന്നും, ഇത് മരിക്കുന്നതിന്റെ ഇരുപത്തിനാല് മണിക്കൂര്‍ മുന്നെ സംഭവിച്ചതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നുണ്ട്.
സത്‌നാമിന് നീതിയാവശ്യപ്പെട്ട് ഇദ്ദേഹത്തിന്റെ കുടുംബവും ബന്ധുക്കളും നിരവധി തവണ കേരളത്തിലെ രാഷ്ട്രീയനേതാക്കളെയും മറ്റും കണ്ടുവെങ്കിലും, പല തവണ സെക്രട്ടറിയേറ്റിനു മുന്നില്‍ സത്യാഗ്രഹമിരുന്നുവെങ്കിലും കാര്യമായൊരു നടപടിയും ഈ കേസിന്‍മേലുമുണ്ടായില്ല. അന്വേഷണ ഉദ്യോഗസ്ഥയായി ചുമതലയെടുത്ത ബി.സന്ധ്യ ഐ.പി.എസ് അമൃതാനന്ദമയിയുടെ കാല്‍ക്കീഴില്‍ വീണ് അനുഗ്രഹം വാങ്ങിയാണ് കേസന്വേഷണം ആരംഭിച്ചതെന്നതാണ് ഏറെ ലജ്ജിപ്പിക്കുന്ന യാഥാര്‍ത്ഥ്യം.
കേരളത്തില്‍ അക്കാലത്ത് നടന്ന പല രാഷ്ട്രീയ കൊലപാതകങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നുവെങ്കിലും എന്തുകൊണ്ടോ സത്‌നാമിന്റെ പേര് മാത്രം എവിടെയും മുഴങ്ങിക്കേട്ടില്ല. അമൃതാനന്ദമയിയുടെ ദര്‍ശനപരിസരത്ത് ശബ്ദമുയര്‍ത്തിയതിന് മാനസികാസ്വസ്ഥ്യമുള്ള ഒരു യുവാവിനെ ക്രൂരവും പ്രാകൃതവുമായ മര്‍ദ്ദനത്തിനിരയാക്കിയതും ഒടുക്കം വധശിക്ഷ നല്‍കിയതും നമ്മുടെ മുഖ്യധാരയ്ക്ക് വിഷയമായതേയില്ല.
സത്‌നമിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ സുധാംശു സിങ് ഉപവാസമിരിക്കുന്നു
സ്‌നേഹത്തിന്റെയും കരുണയുടെയും പ്രതീകമായി വാഴ്ത്തപ്പെടുന്ന ഒരു സ്ത്രീയുടെ കണ്‍മുന്നില്‍ നിന്നും തന്റെയടുത്തേക്ക് ദര്‍ശനത്തിനായെത്തിയ ഒരു പരദേശി യുവാവിനെ ഒരു തെരുവ് പട്ടിയെപ്പോലെ അടിച്ചിറക്കി മര്‍ദ്ദിച്ചിട്ടും ആ സ്ത്രീത്വം ഒന്നും ഉരിയാടിയതേയില്ല.
ഇനിയും ജീവിച്ച് തുടങ്ങിയിട്ടില്ലാത്ത ആ പരദേശി യുവാവിന്റെ, തറയിലുറ്റിവീണ ചോരയില്‍ മുഖം മിനുക്കി എത്ര തവണ അമ്മയെന്ന പ്രതീകമലങ്കരിച്ചാലും കിലോമീറ്ററുകള്‍ക്കകലെ ബീഹാറിലെ ഷേര്‍ഘാട്ടി ഗ്രാമത്തില്‍ ഇന്നും മുറിയില്‍ നിന്നും പുറത്തിറങ്ങാതെ കഴിയുന്ന സുമം സിങ് എന്ന ആ അമ്മയുടെ തീരാനഷ്ടത്തിന്റെയും കണ്ണീരിന്റെയും അര്‍ത്ഥം വരില്ല അമൃതാനന്ദമയി എന്ന പേരിലെ അമ്മയ്ക്ക്…
സമാനമായ കൊലപാതകങ്ങളിലവസാനിച്ച മുമ്പ് നടന്ന രണ്ട് മര്‍ദ്ദനങ്ങളുടെയും അതേ ആവര്‍ത്തനമാണ് മാരിയോ പോളിനു നേരെയും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ആശ്രമത്തിലെ അന്തേവാസിയായി അന്യരാജ്യത്ത് നിന്നുമെത്തിയ ഒരു യുവാവിനെയാണ് ഇരുകൈകളും ബന്ധിച്ച് ആന്തരികാവയവങ്ങള്‍ വരെ തകര്‍ന്നുപോയിരിക്കുന്ന തരത്തില്‍ മര്‍ദ്ദിച്ച് പാതിജീവനാക്കിയത്. ഇയാളും മനോരോഗിയാണെന്നാണ് ആശ്രമാധികൃതര്‍ പറയുന്നത്.
സത്‌നമിന്റെ പിതാവ് ഹരീന്ദ്രകുമാര്‍ സിങ്
മനോരോഗിയാണെന്നാല്‍ കൊന്നുകളയാമെന്നതാണോ ഇവരുടെ നിയമവും നീതിയും. മുമ്പ് നാരായണന്‍കുട്ടിയുടെയും സത്‌നാമിന്റെയും പ്രാണനെടുത്ത അതേ മനോരോഗശുപത്രിയിലേക്ക് ഇനി ഈ വിദേശിയുവാവിനെയും കൂടി എത്തിക്കണമെന്നതാണവരുടെയാവശ്യം.
ഇനിയെങ്കിലും മാധ്യമങ്ങളും പൊതുസമൂഹവും ഈ വിഷയത്തിലിടപെട്ടില്ലെങ്കില്‍, ഒരു മനോരോഗാശുപത്രിയുടെ സെല്ലില്‍ ദുരൂഹരീതിയില്‍ മരണപ്പെട്ട മറ്റൊരു വിദേശി യുവാവിന്റെ വാര്‍ത്ത കൂടി നമുക്ക് കേള്‍ക്കാം. നാരായണന്‍ കുട്ടിയും സത്‌നാമും ഒടുക്കം മാരിയോ പോളുമെല്ലാം അടിയേറ്റ് പിടഞ്ഞ് നിലംപതിക്കുമ്പോഴും നമ്മുടെ ഭരണകൂട പ്രമാണിമാര്‍ ആശ്രമത്തിന്റെയും അമ്മയുടെയും സുരക്ഷയ്ക്കായി ഓടിക്കിതയ്ക്കുകയായിരുന്നു.
ഗുരുതരമായി അക്രമിക്കപ്പെട്ട മാരിയോ പോളിന്റെ പാതിജീവനുള്ള ശരീരം ആംബുലന്‍സില്‍ പുറത്തേയ്ക്ക് കടത്തുമ്പോള്‍, അമൃതാനന്ദമയിയുടെ പിറന്നാളാഘോഷത്തിന് മധുരം പകരാനെത്തിയ രാഷ്ട്രത്തിന്റെ പ്രഥമ പൗരന്‍ രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക വാഹനസന്നാഹം ആശ്രമത്തിനകത്തേയ്ക്ക് പ്രവേശിക്കുകയായിരുന്നു.
കണ്‍മുന്നില്‍ ഇത്തരം അനീതികള്‍ തുടര്‍ച്ചയായി നടക്കുമ്പോഴും ഒട്ടകപ്പക്ഷികളെപ്പോലെ പൂഴിമണ്ണില്‍ തലതാഴ്ത്തി നില്‍ക്കുന്ന നമ്മുടെ ഭരണകൂടങ്ങളുടെ മാരകവും മനുഷ്യത്വരഹിതവുമായ മൂഢത്വത്തെ ആരാണ്, എന്നാണ് ചോദ്യം ചെയ്തു തുടങ്ങുക?