മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ നടനാണ് കലാഭവന്‍ നാരായണന്‍കുട്ടി. ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലൂടെയാണ് നാരായണന്‍കുട്ടി സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് 300ലധികം ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ നാരായണന്‍കുട്ടിക്ക് സാധിച്ചു. പല കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസില്‍ ഇന്നും നില്‍ക്കുന്നവയാണ്.
മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് നാരായണന്‍കുട്ടി. മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടമുള്ള ആള്‍ക്കാരില്‍ ഒരാളാണ് താനെന്ന് നാരായണന്‍കുട്ടി പറഞ്ഞു. ഒരുപാട് സിനിമകളില്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചിട്ടുണ്ടെന്നും വളരെ നല്ല സ്വഭാവമാണ് അദ്ദേഹത്തിന്റേതെന്നും നാരായണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
ഇഷ്ടമില്ലാത്ത കാര്യം കണ്ടാല്‍ മുഖത്തടിച്ചതുപോലെ റിയാക്ട് ചെയ്യുമെന്നും ഉടനെ തന്നെ അത് മറന്ന് സാധാരണ പോലെയാകുമെന്നും നാരായണന്‍കുട്ടി പറഞ്ഞു. കൊച്ചുകുട്ടികളുടേത് പോലെയാണ് മമ്മൂട്ടിയുടെ സ്വഭാവമെന്നും ദേഷ്യക്കാരനാണെന്ന് ആരൊക്കെയോ പറഞ്ഞുണ്ടാക്കിയതാണെന്നും നാരായണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടി ലോ കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ക്കേ അറിയാമെന്നും അദ്ദേഹം നാടകം കളിച്ച സ്റ്റേജില്‍ താന്‍ മിമിക്രി അവതരിപ്പിച്ചിട്ടുണ്ടെന്നും നാരായണന്‍കുട്ടി പറയുന്നു. അന്ന് ജോലിയുടെ ഇടയ്ക്ക് മിമിക്രിക്ക് പോകുന്ന സമയമായിരുന്നെന്നും അങ്ങനെയാണ് മമ്മൂട്ടിയുമായി പരിചയപ്പെട്ടതെന്നും നാരായണന്‍കുട്ടി പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു നാരായണന്‍കുട്ടി.
‘മമ്മൂക്കക്ക് ഏറ്റവും ഇഷ്ടമുള്ള ആളുകളില്‍ ഒരാളാണ് ഞാന്‍. പുള്ളിയുടെ കൂടെ ഒരുപാട് പടങ്ങള്‍ ചെയ്തിട്ടുണ്ട്. വളരെ നല്ല പെരുമാറ്റമാണ് പുള്ളിയുടേത്. മമ്മൂക്ക എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അതിന്റെ ഇടയില്‍ കയറി സംസാരിച്ചാല്‍ മാത്രമേ പുള്ളി ചൂടാകുള്ളൂ. അതിപ്പോള്‍ ആരായാലും അങ്ങനയേ പെരുമാറുള്ളൂ. പക്ഷേ, പെട്ടെന്ന് തന്നെ ഓക്കെയാവും, നമ്മളോട് സോറി പറയും. കൊച്ചുപിള്ളേരെപ്പോലെയാണ് മമ്മൂക്ക.
ഞാനും മമ്മൂക്കയും തമ്മില്‍ പരിചയപ്പെടുന്നത് ഒരുപാട് മുമ്പാണ്. പുള്ളി ലോ കോളേജില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ പുള്ളിയെ പരിചയപ്പെട്ടത്. അന്ന് ജോലിയുടെ ഇടയ്ക്ക് മിമിക്രിക്ക് പോകുന്ന സമയമായിരുന്നു. അങ്ങനെ ലോ കോളേജില്‍ മിമിക്രി അവതരിപ്പിക്കാന്‍ ചാന്‍സ് കിട്ടി. മമ്മൂക്ക നാടകം കളിച്ച അതേ സ്റ്റേജില്‍ ഞാന്‍ മിമിക്രി കളിച്ചിട്ടുണ്ട്,’ നാരായണന്‍കുട്ടി പറഞ്ഞു.
Content Highlight: Narayanankutty about his bond with Mammootty