| Tuesday, 31st January 2017, 3:53 pm

ഡീബാര്‍ ചെയ്ത അഞ്ചുവര്‍ഷേക്ക് ലക്ഷ്മി നായര്‍ കോളേജില്‍ അധ്യാപനം നടത്തില്ല : കാമ്പസില്‍ കയറില്ലെന്ന് ഉറപ്പ് നല്‍കിയിട്ടില്ലെന്നും ഡയരക്ടര്‍ നാരായണന്‍ നായര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഡീബാര്‍ ചെയ്ത അഞ്ചുവര്‍ഷേക്ക് ലക്ഷ്മി നായര്‍ കോളജില്‍ അധ്യാപനം നടത്തില്ലെന്നും എന്നാല്‍ കാമ്പസില്‍ കയറില്ലെന്ന് ഉറപ്പൊന്നും ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ലോ അക്കാദമി ഡയരക്ടര്‍ നാരായണന്‍ നായര്‍.

ലോ അക്കാദമി നാളെ തന്നെ തുറന്നു പ്രവര്‍ത്തിക്കും. ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ തന്നെ പോലീസ് സംരക്ഷയില്‍ ക്ലാസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.യു മാനേജ്‌മെന്റുമായി ചര്‍ച്ചയ്ക്ക് സഹകരിച്ചില്ലെന്നും അതുകൊണ്ട് തന്നെ പുതിയ ചര്‍ച്ചയുടെ ആവശ്യമില്ലെന്നും നാരായണന്‍നായര്‍ പറഞ്ഞു.


സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന ആരോപണം തെറ്റാണെന്നും അക്കാദമിയുടെ കൈവശം അധികഭൂമി ഇല്ലെന്നും ഇദ്ദേഹം പറയുന്നു. 20 വര്‍ഷത്തിന് ശേഷം പാട്ടഭൂമി സര്‍ക്കാര്‍ പതിച്ചു നല്‍കിയതാണ്.

സ്വകാര്യ കോളേജുകള്‍ക്കൊക്കെ സംസ്ഥാനത്തുടനീളം ഇത്തരത്തില്‍ പതിച്ചുനല്‍കിയിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നോ യൂണിവേഴ്‌സിറ്റില്‍ നിന്നോ യാതൊരു ഗ്രാന്റും കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലോ അക്കാദമിയില്‍ ഇപ്പോള്‍ പത്രസമ്മേളനം നടക്കുന്ന കെട്ടിടത്തില്‍ നമ്പറില്ലെന്നും നാരായണന്‍ നായര്‍ സമ്മതിച്ചു.

ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് സ്ഥാനത്ത് നിന്നു ലക്ഷ്മി നായരെ നീക്കിയതായി എസ്.എഫ്.ഐ ചര്‍ച്ചയ്ക്ക് ശേഷം വ്യക്തമാക്കിയിരുന്നു.

ആവശ്യങ്ങള്‍ എല്ലാം അംഗീകരിച്ച സാഹചര്യത്തില്‍ സമരം അവസാനിപ്പിച്ചതായി എസ്.എഫ്.ഐ അറിയിച്ചു. സംസ്ഥാന സെക്രട്ടറി എം. വിജിനാണ് ഉന്നയിച്ച ആവശ്യങ്ങളെല്ലാം അംഗീകരിച്ച സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. എന്നാല്‍ രാജി വെച്ചതായി ലക്ഷ്മി നായര്‍ എഴുതി നല്‍കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കെ.എസ്.യുവും എ.ബി.വി.പിയും.

Latest Stories

We use cookies to give you the best possible experience. Learn more