മുംബൈ: ഇത്രയേറെ ദാരിദ്ര്യം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് മുതലാളിത്തം സ്വീകാര്യമാവുന്ന മാര്‍ഗമല്ലെന്ന് ഞാന്‍ കരുതുന്നു എന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി. ഐ.ടി മേഖല വന്‍ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കമ്പനിയുടെ ഉന്നത പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ സ്വയം ശമ്പള വര്‍ധന നടപ്പാക്കുമ്പോള്‍ പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്കും ജൂനിയര്‍ ജീവനക്കാര്‍ക്കും വേതനം വര്‍ധിപ്പിക്കാത്തത് തന്നെ അസ്വസ്ഥനാക്കുന്നുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുതലാളിത്തത്തിലുള്ള സാധാരണക്കാരുടെ വിശ്വാസം നഷ്ടപ്പടാതിരിക്കാന്‍ സീനിയര്‍ മാനേജ്‌മെന്റുകള്‍ കുറച്ച് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ബോംബെ ഐ.ഐ.ടിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു നാരായണമൂര്‍ത്തിയുടെ വിമര്‍ശനം.
രാജ്യത്തിനെ മുന്നോട്ടു നയിക്കാനുള്ള പരിഹാരമാണ് മുതലാളിത്തമെന്ന് വിശ്വസിക്കുന്നതെങ്കില്‍ അതിന്റെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്ന് ആനുകൂല്യങ്ങള്‍ സമൂഹത്തില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.