Advertisement
national news
ലൈംഗിക അതിക്രമ പരാതി; അസാറാം ബാപ്പുവിന്റെ മകന്‍ കുറ്റക്കാരനെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 26, 10:13 am
Friday, 26th April 2019, 3:43 pm

 

ന്യൂദല്‍ഹി: ലൈംഗിക അതിക്രമ പരാതിയില്‍ ആള്‍ദൈവം അസാറാം ബാപ്പുവിന്റെ മകന്‍ നാരായണന്‍ സായ് കുറ്റക്കാരനെന്ന് കോടതി. സൂറത്ത് കോടതിയുടേതാണ് വിധി. ഏപ്രില്‍ 30 ന് ശിക്ഷ വിധിക്കും.

2013 ല്‍ ആശ്രമത്തില്‍ വെച്ച് അസാറാം ബാപ്പുവും മകനും ചേര്‍ന്ന പീഡിപ്പിച്ചെന്നായിരുന്നു സൂറത്തിലെ രണ്ട് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞത്.

2002 ലും 2005 ലും ആശ്രമത്തില്‍ താമസിക്കുന്ന സമയത്ത് നാരാണ്‍ സായ് പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയില്‍ ഒരാള്‍ മൊഴി നല്‍കിയിരുന്നു.

1997 നും 2006 നും മധ്യേ അഹമ്മദാബാദിന് പുറത്തുള്ള ആശ്രമത്തില്‍ താമസിക്കവേ അസാറാം ബാപ്പു നിരന്തരമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടികളില്‍ മൂത്തയാള്‍ മൊഴി നല്‍കിയിരുന്നത്.

2013 ഡിസംബറില്‍ ഹരിയാനയിലെ കുരുക്ഷേത്രയ്ക്ക് സമീപമുള്ള പിപ്പിയില്‍ നിന്നായിരുന്നു നാരായണ്‍ സായ് അറസ്റ്റിലാവുന്നത്.

ബലാത്സംഗം, ലൈംഗികാതിക്രമം, അനധികൃതമായി തടഞ്ഞുവെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ നാരായണ്‍ സായിയുടെ നാല് സുഹൃത്തുക്കളും അറസ്റ്റിലായിരുന്നു.

കേസില്‍ 35 പ്രതികളാണ് ഉള്ളത്. ഇവര്‍ക്കെതിരെ രണ്ട് കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചിരിക്കുന്നത്. പ്രോസിക്യൂഷന്‍ 53 സാക്ഷികളെ വിസ്തരിച്ചിരുന്നു.