|

ആഗ്രഹം കൊള്ളാം, പക്ഷെ നടക്കില്ല; മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന ബി.ജെ.പി വാദത്തെ ഒറ്റക്കെട്ടായി തള്ളി മഹാ വികാസ് അഘാഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ അടുത്ത മാര്‍ച്ചോട് കൂടി സര്‍ക്കാരിനെ വീഴ്ത്തുമെന്ന കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ പരാമര്‍ശം പുച്ഛിച്ച് തള്ളി മഹാ വികാസ് അഘാഡി. മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു.

‘അവര്‍ വലിയ പ്രവചനങ്ങള്‍ നടത്തും, അത് നടക്കില്ല. ബി.ജെ.പിയെ ആരും വിശ്വസിക്കില്ല,’ പടോലെ പറഞ്ഞു.

ബി.ജെ.പി സ്വപ്‌നം കാണുകയാണെന്നും അതൊന്നും യാഥാര്‍ത്ഥ്യമാകില്ലെന്നുമായിരുന്നു എന്‍.സി.പി വക്താവും മന്ത്രിയുമായ നവാബ് മാലിക്കിന്റെ പ്രതികരണം. മഹാ വികാസ് അഘാഡിയെ മാറ്റി ബി.ജെ.പിയ്ക്ക് അടുത്ത കാലത്തൊന്നും അധികാരത്തിലെത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റാണെയുടെ പ്രസ്താവന ഗൗരവമായി കാണുന്നില്ലെന്നായിരുന്നു ഗതാഗതമന്ത്രിയും ശിവസേന നേതാവുമായ അനില്‍ പരബ് പറഞ്ഞത്. യാതൊരു അടിസ്ഥാനവുമില്ലാത്ത വാദങ്ങളാണ് ബി.ജെ.പി ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘മാര്‍ച്ചില്‍ നിങ്ങള്‍ക്ക് മഹാരാഷ്ട്രയിലെ മാറ്റം കാണാം. സര്‍ക്കാര്‍ രൂപീകരിക്കുകയോ നിലവിലെ സര്‍ക്കാര്‍ തകരുകയോ ചെയ്യാം,’ എന്നായിരുന്നു റാണെയുടെ പ്രസ്താവന.

ഉദ്ധവ് താക്കറെ അനാരോഗ്യം മൂലം ചികിത്സയിലാണെന്നും അതിനാല്‍ തങ്ങളുടെ പാര്‍ട്ടി പ്രസിഡന്റ് ചക്രകാന്ത് പാട്ടീലിന് അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് സമയം കിട്ടിയിട്ടില്ലെന്നും റാണെ പറഞ്ഞിുന്നു.

മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ അധികനാള്‍ അതിജീവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നായ ശിവസേന 2019 ലെ തെരഞ്ഞെടുപ്പിന് ശേഷം മുന്നണി വിടുകയായിരുന്നു.

മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന വിഷയത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ നിന്ന് സേന വേര്‍പിരിഞ്ഞത്.

ഇതിന് പിന്നാലെ ശിവസേന, എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും സഖ്യം ഉണ്ടാക്കി മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് 105 സീറ്റ് ലഭിച്ചപ്പോള്‍ ശിവസേനയ്ക്ക് 56 ഉം എന്‍.സി.പിയ്ക്ക് 54 ഉം കോണ്‍ഗ്രസിന് 44 ഉം സീറ്റാണ് ലഭിച്ചിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Narayan Rane says BJP to form govt in March, MVA leaders call it ‘wishful thinking’