മുംബൈ: മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്‌ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ അറസ്റ്റ് ചെയ്യാന്‍ മഹാരാഷ്ട്ര പൊലീസ്. ബി.ജെ.പിയുടെ ജന്‍ ആശിര്‍വാദ് യാത്രയിലുള്ള റാണെയെ റാലിയ്ക്കിടെ തന്നെ അറസ്റ്റ് ചെയ്യാനാണ് മഹാരാഷ്ട്ര പൊലീസിന്റെ ശ്രമം.
കൊങ്കണിലെ സ്വീകരണപരിപാടിയിലാണ് നിലവില്‍ റാണെ പങ്കെടുക്കുന്നത്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മുഖത്തടിക്കണമായിരുന്നു എന്നാണ് നാരായണ്‍ റാണെ പറഞ്ഞത്.
റാണെയുടെ പരാമര്‍ശത്തിന് പിന്നാലെ ശിവസേന പരാതി നല്‍കുകയും റാണെയ്ക്കെതിരെ പൊലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
കേന്ദ്രമന്ത്രിയെ അറസ്റ്റ് ചെയ്യുമെന്നും കോടതിക്ക് മുന്നില്‍ ഹാജരാക്കുമെന്നും കോടതിയുടെ നിര്‍ദ്ദേശപ്രകാരം തുടര്‍നടപടികള്‍ എടുക്കുമെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറയുന്നത് നാണക്കേടാണെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ ഉദ്ദവ്, വര്‍ഷം പിന്നില്‍നിന്ന് ചോദിച്ചറിഞ്ഞെന്നും റാണെ ആരോപിച്ചിരുന്നു. താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ കരണംനോക്കി അടിക്കുമായിരുന്നെന്നും റാണെ പറഞ്ഞിരുന്നു.
അതേസമയം കേസെടുത്തതിന് പിന്നാലെ അറസ്റ്റ് ഒഴിവാക്കാന്‍ ബി.ജെ.പി ശ്രമം തുടങ്ങി. റാണെയ്‌ക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അനികേത് നികം ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.