തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു സൂപ്പര്‍ ശരണ്യ. അനശ്വര രാജന്‍, മമിത ബൈജു, അര്‍ജുന്‍ അശോകന്‍ നസ്‌ലിന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.
നിരവധി സ്പൂഫുകള്‍ ഒത്തുചേര്‍ന്ന ഒരു സിനിമയായിരുന്നു സൂപ്പര്‍ ശരണ്യ. ചിത്രത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു സ്പൂഫ് കഥാപാത്രമായിരുന്നു വിനീത് വാസുദേവന്‍ അവതരിപ്പിച്ച അജിത്ത് മേനോന്‍.
ഇതുപോലെ മറ്റ് സിനിമകളില്‍ നിന്നെടുത്ത നിരവധി റഫറന്‍സുകള്‍ ചിത്രത്തില്‍ ഉപയോഗിച്ചിരുന്നു. അത്തരത്തില്‍ ഉപയോഗിച്ച സ്പൂഫുകളെ കുറിച്ച് പറയുകയാണ് ചിത്രത്തില്‍ അജിത് മേനോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് വാസുദേവന്‍. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൂപ്പര്‍ശരണ്യയില്‍ ശരിക്കും എത്ര പടത്തിന്റെ സ്പൂഫ് ഉണ്ടെന്ന ചോദ്യത്തിന് ഒരുപാട് ഉണ്ടെന്നായിരുന്നു വിനീതിന്റെ മറുപടി. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയിലെ റഫറന്‍സ് ഉണ്ടെന്നും പിന്നെ സോന മുന്തിരി കയ്യില്‍ വെച്ചുകൊണ്ട് കണ്ണിന് മുകളില്‍ കൈ വെച്ച് എത്തി നോക്കുന്ന രംഗം സി.ഐ.ഡി മൂസയിലെ റഫറന്‍സ് ആയിരുന്നെന്നും വിനീത് പറഞ്ഞു.
ശിപായി ലഹളയെന്ന ശ്രീനിവാസന്‍ പടത്തിലെ ഒരു ഡയലോഗുണ്ട് അത് എടുത്തിരുന്നു. ശരണ്യ ഞാന്‍ ടോയ്‌ലറ്റില്‍ പോയി വരാം എന്ന് പറയുമ്പോള്‍ ആ അത് താന്‍ എവിടെ വേണമെങ്കിലും പോയ്‌ക്കോ എന്ന് പറയുന്ന ഡയലോഗ്.
പിന്നെ ഹിപ് ഫ്‌ളാസ്‌കിന് പകരം ടാല്‍കം പൗഡറില്‍ കുടിക്കുന്ന സീന്‍ ആറാം തമ്പുരാനിലെ റഫറന്‍സ് ആയിരുന്നു. പക്ഷേ ഞങ്ങള്‍ ടാല്‍കം പൗഡര്‍ ഉപയോഗിച്ചപ്പോള്‍ പലരും അത് ഞങ്ങള്‍ക്ക് അബദ്ധം പറ്റിയതാണെന്നാണ് വിചാരിച്ചത്. അയ്യേ ഇവര്‍ക്ക് മാറി പോയി ഇതേ പൗഡര്‍ ടിന്ന് വെച്ചേക്കുന്നു എന്നൊക്കെ പലരും പറഞ്ഞു.
ഗിരീഷ് ഓരോ ദിവസം വരുമ്പോഴും ഓരോന്ന് പ്ലാന്‍ ചെയ്യും. നീലാകാശം പച്ചക്കടല്‍ സിനിമയില്‍ നിന്നുള്ള റഫറന്‍സ് ആയിരുന്നു ജലപീരങ്കി സീന്‍. അത് സീന്‍ എടുക്കുമ്പോള്‍ ആഡ് ആയതാണ്. കരിമിഴിക്കുരുവിയെ കണ്ടില്ല എന്ന പാട്ടിന്റെ ഇടയില്‍ ആ സീന്‍ പ്ലേസ് ചെയ്യണമെന്ന് വിചാരിച്ചിരുന്നില്ല. അത് എഡിറ്റിങ്ങില്‍ വന്നതാണ്.
പിന്നെ സ്പാര്‍ക് കിട്ടണമെന്ന് പറയുന്ന സംഭവം യമണ്ടന്‍ പ്രേമകഥയില്‍ നിന്നാണ്. യൂണിവേഴ്‌സിറ്റി ടോപ്പര്‍, കലാപ്രതിഭ എന്നൊക്കെ പറയുന്നത് നരസിംഹം സിനിമയില്‍ നിന്ന് എടുത്തതാണ്.
അജിത് മേനോന്‍ കരിമിഴിക്കുരുവിയെ പാടുന്ന പോലെ തന്റെ കോളേജ് കാലത്ത് താന്‍ പാടുക ശ്രീരാഗമോ ആയിരുന്നെന്നും വിനീത് പറയുന്നു. ഞാന്‍ ഏത് പരിപാടിക്ക് പാടാന്‍ കയറിയാലും പിള്ളേര്‍ പിറകില്‍ ഇരുന്നിട്ട് ആ ശ്രീരാഗമോ ആയിരിക്കുമെന്ന് പറയുമായിരുന്നു.
കരിമിഴിക്കുരുവിയെ എന്ന ഗാനം തെരഞ്ഞെടുക്കാന്‍ കാരണം എന്തായിരുന്നെന്ന ചോദ്യത്തിന് ആദ്യം സെലക്ട് ചെയ്തത് ചുംബന പൂക്കൊണ്ട് മൂടി എന്റെ തമ്പുരാട്ടി നിന്നെ ഉറക്കാം എന്നതായിരുന്നുവെന്നാണ് വിനീത് പറഞ്ഞത്.
ശരണ്യ കേള്‍ക്കുമ്പോള്‍ അവള്‍ക്ക് തൊലിയുരിഞ്ഞ് പോകുന്ന പോലെ തോന്നണം. അജിത് മേനോന്‍ അവന്‍ ആ കോളേജില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിക്ക് വേണ്ടിയെന്ന് പറഞ്ഞിട്ടാണ് പാടുന്നത്. ‘ഈറന്‍മാറും നിന്‍ മാറില്‍ മിന്നും ഈ മാറാമറുകില്‍ തൊട്ടീല’ എന്ന വരി പാടുമ്പോള്‍ ‘എന്റെ പൊന്നോ ഇയാള്‍ എന്നേം കൊണ്ടേ പോകുള്ളൂ’ എന്ന ചളിപ്പ് ശരണ്യയ്ക്ക് ഫീല്‍ ചെയ്യിക്കണം. അതുകൊണ്ട് അത്തരത്തിലുള്ള വരികളായിരിക്കണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് ആ വരികള്‍ ചൂസ് ചെയ്തത്.
അതുപോലെ കാന്റീനില്‍ വെച്ച് അടി കിട്ടിയ ശേഷം കാന്റീനിലുള്ള ചേട്ടനോട് ഇത് ചേട്ടന്‍ മാത്രമേ കണ്ടിട്ടുള്ളൂ വേറെ ആരും കണ്ടിട്ടില്ല എന്ന് പറഞ്ഞ് ഒരു നോട്ടെടുത്ത് വായില്‍ വെച്ച് കൊടുക്കുന്ന രംഗം രാവണപ്രഭുവിന്റെ സ്പൂഫായിരുന്നു.
സെക്കന്റ് പാര്‍ട്ടില്‍ സോന അജിത്ത് മേനോന്റെ നായികയാകുമോ എന്ന ചോദ്യത്തിന് അത് അറിയില്ലെന്നും സെക്കന്റ് പാര്‍ട്ട് വരട്ടെ. അതില്‍ അജിത് മേനോനും ഉണ്ടാവട്ടെ എന്നായിരുന്നു വിനീതിന്റെ മറുപടി.
സാധാരണ ക്യാമ്പസ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി പെണ്‍കുട്ടികളുടെ കോളേജ്- ഹോസ്റ്റല്‍ ജീവിതം മനോഹരമായി ആവിഷ്‌കരിച്ച ചിത്രമായിരുന്നു സൂപ്പര്‍ ശരണ്യ. ഒരു പെണ്‍കുട്ടിയുടെ കോളേജ് കാലവും പിന്നീട് ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളുമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം.
Content Highlight: Narasimham, Ravanaprabhu Super Shanranya References