| Saturday, 12th February 2022, 1:32 pm

പോടാ മൈ@%്#; കാലുമടക്കി തൊഴിക്കാന്‍ ഒരു പെണ്ണിനെ വേണമെന്ന ഡയലോഗിന് പുതിയ കാലത്തെ മറുപടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘വെള്ളമടിച്ച് കോണ്‍തിരിഞ്ഞ് പാതിരായ്ക്ക് വീട്ടില്‍ വന്ന് കേറുമ്പോ ചെരുപ്പൂരി കാല്മടക്കി ചുമ്മാ തൊഴിക്കാനും തുലാവര്‍ഷ രാത്രികളില്‍ ഒരു പുതപ്പിനടയില്‍ സ്‌നേഹിക്കാനും, എന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും, ഒരിക്കല്‍ ഒരുനാള്‍ വടിയായി തെക്കേപ്പറമ്പിലെ പുളിയന്‍മാവിലെ വിറകിന്നടിയില്‍ എരിഞ്ഞ് തീരുമ്പോ നെഞ്ച് തല്ലിക്കരയാനും എനിക്കൊരു പെണ്ണിനെ വേണം’

ഒരു തലമുറ ആഘോഷമാക്കിയ ഡയലോഗായിരുന്നു രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംധാനം ചെയ്ത നരസിംഹത്തിലെ ക്ലൈമാക്‌സ് രംഗത്തില്‍ മോഹന്‍ലാല്‍ പറയുന്ന ഈ ഡയലോഗ്.

എന്നാല്‍ ഇന്ന് ഈ ഡയലോഗ് പറയുന്ന നായകനോട് നായിക തിരിച്ചുപറയുന്ന മറുപടിയുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കാലുമടക്കി തൊഴിക്കാനും കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും, പുളിയന്‍മാവിലെ വിറകിന്നടിയില്‍ എരിഞ്ഞ് തീരുമ്പോ നെഞ്ച് തല്ലിക്കരയാനും എനിക്കൊരു പെണ്ണിനെ വേണം, സമ്മതമാണോ എന്ന് ചോദിക്കുന്ന നായകനോട് സമ്മതമാണെന്ന് തലകുലുക്കി പറയുന്ന നായികയ്ക്ക് പകരം പോടാ മൈ@$്ര%% എന്ന് മറുപടി പറയാന്‍ ചങ്കൂറ്റമുള്ള നായികയാണ് പുതിയ വീഡിയോയിലുള്ളത്.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന് ശേഷം ജിയോ ബേബിയുടെ നേതൃത്വത്തില്‍ അഞ്ച് പേര്‍ ചേര്‍ന്ന് സംവിധാനം ചെയത് പുതിയ ചിത്രമായ ‘ഫ്രീഡം ഫൈറ്റ്’ എന്ന ആന്തോളജിയില്‍ സംവിധായകന്‍ അഖില്‍ അനില്‍ കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രജിഷ വിജയന്‍ പറയുന്ന ഡയലോഗാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പങ്കുവെക്കുന്നത്. റീമേക്ക് എടുക്കാന്‍ പ്ലാനുള്ളവര്‍ സൂക്ഷിക്കണമെന്നും കാലം മാറി കഥയും മാറിയെന്നും പറഞ്ഞാണ് വീഡിയോ പലരും പങ്കുവെക്കുന്നത്. രണ്ട് ദശാബ്ദത്തിന്റെ മാറ്റമാണ് ഇതെന്നും വീഡിയോ മികച്ചതാണെന്നുമാണ് കമന്റുകള്‍. രഞ്ജിത്തിനുള്ള മറുപടിയാണോ ഇതെന്ന് ചോദിക്കുന്നവരും ഉണ്ട്. നായികയുടെ മറുപടി കേട്ട് കണ്ടംവഴി ഓടുന്ന നായകന്റെ സീനും കൂടി വേണമായിരുന്നെന്നും കമന്റ് ചെയ്യുന്നവരുണ്ട്.

അഞ്ച് ചിത്രങ്ങള്‍ അടങ്ങിയ ആന്തോളജിയാണ് ഫ്രീഡം ഫൈറ്റ്. സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഓരോരുത്തരും ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം എത്രമാത്രം വ്യത്യസ്തമാണ് എന്നാണ് അഞ്ച് ചിത്രങ്ങളും പറയുന്നത്.

കുഞ്ഞില മാസിലാമണി, ജിയോ ബേബി, അഖില്‍ അനില്‍കുമാര്‍, ജിതിന്‍ ഐസക് തോമസ്, ഫ്രാന്‍സിസ് ലൂയിസ് -എന്നിങ്ങനെ അഞ്ച് സംവിധായകര്‍ ചേര്‍ന്നാണ് ചിത്രങ്ങള്‍ ഒരുക്കിയത്.

We use cookies to give you the best possible experience. Learn more