| Tuesday, 28th June 2016, 11:53 am

ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് കാരണം നരസിംഹറാവുവിന്റെ മൃദു ഹിന്ദുത്വ സമീപനം: മണിശങ്കര്‍ അയ്യര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  നരസിംഹ റാവുവിന്റെ മൃദുഹിന്ദുത്വ നിലപാടാണ് ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലേക്ക് വഴി നയിച്ചതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. അയോധ്യയിലെ സന്ന്യാസിമാരുമായി ചര്‍ച്ച ചെയ്താല്‍ രാമക്ഷേത്ര പ്രശ്‌നം പരിഹരിക്കാമെന്ന് നരസിംഹ റാവു മനസിലാക്കിയിരുന്നെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. ദല്‍ഹിയില്‍ വിനയ് സീതാപതിയുടെ “ഹാഫ് ലയണ്‍- ഹൗ നരസിംഹ റാവു ട്രാന്‍സ്‌ഫോംഡ് ഇന്‍ഡ്യ” എന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1992 നവംബര്‍ 14ന് തന്റെ നേതൃത്വത്തില്‍ നടത്തിയ ” റാം-റഹീം” യാത്ര ഫൈസാബാദില്‍ വെച്ച് പോലീസ് തടഞ്ഞുവെന്നും തന്നെ അറസ്റ്റ് ചെയ്തിരുന്നുവെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. തന്റെ യാത്രയെ കുറിച്ചറിയാന്‍ റാവു തന്നെ വിളിച്ചു വരുത്തിയതായും അയ്യര്‍ പറഞ്ഞു.

യാത്ര നടത്തുന്നതിനെ കുറിച്ച് അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. പക്ഷെ മതേതരത്വത്തെ കുറിച്ചുള്ള തന്റെ നിലപാടിനോട് അദ്ദേഹം യോജിച്ചില്ലെന്നും അയ്യര്‍ പറഞ്ഞു.

ബാബരി മസ്ജിദ് തകര്‍ന്നത് റാവുവിന്റെ ഭരണത്തിലെ ഏറ്റവും വലിയ വീഴ്ചയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന നട്‌വര്‍ സിങ് പറഞ്ഞു. രാജീവ്ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം ശങ്കര്‍ ദയാല്‍ ശര്‍മയെയാണ് സോണിയ പ്രധാനമന്ത്രിയാക്കാന്‍ ആദ്യം ഉദ്ദേശിച്ചതെങ്കിലും അദ്ദേഹം നിരസിച്ചെന്നും നട്‌വര്‍ സിംഗ് പറഞ്ഞു.

സാഹചര്യം വിലയിരുത്തുന്നതില്‍ റാവുവിന് സംഭവിച്ച വീഴ്ചയായിരുന്നു ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലേക്ക് നയിച്ചതെന്ന് ഗ്രന്ഥകാരനായ വിനയ് സേതുപതി പറഞ്ഞു. പള്ളി പൊളിക്കാനായി റാവു ഗൂഢാലോചന നടത്തിയെന്ന വാദം കോണ്‍ഗ്രസ് ഉണ്ടാക്കിയതാണെന്നും സേതുപതി പറഞ്ഞു.

പള്ളി പൊളിച്ചത് റാവുവാണ് മറിച്ച് പാര്‍ട്ടിയല്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്ന് ചടങ്ങില്‍ പങ്കെടുത്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശേഖര്‍ ഗുപ്ത പറഞ്ഞു.

We use cookies to give you the best possible experience. Learn more