ഹൈദരാബാദ്: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിനെ പാര്‍ട്ടി ഒതുക്കിയതാണെന്ന ആരോപണവുമായി ചെറുമകന്‍. ഇതില്‍ യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി.വി നരസിംഹറാവുവിന്റെ ജന്മദിനമായ ഇന്ന് പോലും അദ്ദേഹത്തിന് ആദരം അര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായില്ലെന്നും ബി.ജെ.പി പാര്‍ട്ടിവക്താവായ് എന്‍.വി സുഭാഷ് ആരോപിച്ചു.
‘1996 ലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് ശേഷം പി.വി നരസിംഹറാവുവിനെ പാര്‍ട്ടി ഒതുക്കുകയായിരുന്നു. പുറമെയുള്ള ആരെങ്കിലും പാര്‍ട്ടിയില്‍ തുടരുകയാണെങ്കില്‍ ഗാന്ധി-നെഹ്റു കുടുംബത്തിലെ നേതാക്കള്‍ ശ്രദ്ധിക്കപ്പെടില്ലെന്നും അതിനാല്‍ നരസിംഹറാവുവിനെ മാറ്റിനിര്‍ത്താമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി കരുതി’എന്നായിരുന്നു സുഭാഷിന്റെ ആരോപണം.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ പരാജയങ്ങള്‍ക്കും കാരണം പി.വി നരസിംഹറാവുവാണെന്ന ആരോപിക്കുകയും അദ്ദേഹത്തിന്റെ സംഭാവനകളെ അവഗണിക്കുകയും ചെയ്‌തെന്നും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മാപ്പ് പറയണമെന്നും ആദരാഞ്ജലി അര്‍പ്പിക്കണമെന്നും ആവശ്യപ്പെടുന്നുവെന്നും സുഭാഷ് പറഞ്ഞു.
പാര്‍ട്ടിയുടെ തെലങ്കാന യൂണിറ്റിന്റെ വക്താക്കളില്‍ ഒരാളാണ് സുഭാഷ്. 2014 ലായിരുന്നു ബി.ജെ.പിയില്‍ ചേര്‍ന്നത്.