നിരവധി വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയ നടനാണ് നരേൻ. മലയാളത്തോടൊപ്പം തന്നെ തമിഴ് സിനിമയിലും തിളങ്ങാൻ നരേന് സാധിച്ചിട്ടുണ്ട്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതിയിലും വിക്രത്തിലുമെല്ലാം പ്രധാന വേഷത്തിൽ നരേൻ എത്തിയിരുന്നു. എം. പത്മകുമാർ സംവിധാനം ചെയ്യുന്നു ക്വീൻ എലിസബത്ത് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിൽ തിളങ്ങാൻ ഒരുങ്ങുകയാണ് താരം.
താൻ അഭിനയിച്ച വീരപുത്രൻ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നരേൻ. മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബിന്റെ ജീവിതത്തെ ആസ്പദമാക്കി പി.ടി. കുഞ്ഞി മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വീരപുത്രൻ.
നരേനായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. എന്നാൽ വീരപുത്രനിൽ അഭിനയിക്കുമ്പോൾ താൻ ഇമോഷണലി ഒരുപാട് ഡൗൺ ആയിരുന്നു എന്നാണ് നരേൻ പറയുന്നത്. സിനിമയിൽ അഭിനയിക്കുമ്പോൾ പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരഞ്ഞിട്ടുണ്ടെന്നും നരേൻ മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
‘വീരപുത്രൻ എന്ന സിനിമ ചെയ്യുമ്പോൾ ഞാൻ ഇമോഷണലി ഒരുപാട് ഡൗൺ ആയിരുന്നു. മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബിന്റെ ജീവ ചരിത്രമാണ് സിനിമ. അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്ന പല കാര്യങ്ങളുമാണ് സിനിമ സംസാരിക്കുന്നത്.
അതിനെ കുറിച്ച് ഒരുപാട് പഠിക്കുകയും അറിയുകയുമെല്ലാം ചെയ്തപ്പോൾ അത് വല്ലാതെ എന്നെ വേദനിപ്പിച്ചിരുന്നു. പലപ്പോഴും ഒറ്റയ്ക്കിരുന്നു കരഞ്ഞിട്ടുണ്ട്. കുറച്ചധികം. സിനിമയുടെ അവസാനം ഒക്കെ ആയപ്പോഴേക്കും തകർന്ന അവസ്ഥയിലായിരുന്നു. ചില കഥാപാത്രങ്ങൾ അങ്ങനെ വരും,’ നരേൻ പറയുന്നു.
അതേസമയം എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ക്വീൻ എലിസബത്താണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.