മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ നടനാണ് നരേൻ. കരിയറിന്റെ തുടക്കകാലത്ത് തന്നെ സത്യൻ അന്തിക്കാട്, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ മുൻനിര സംവിധായകരോടൊപ്പം നരേൻ സിനിമകൾ ചെയ്തിട്ടുണ്ട്. പിന്നീട് മലയാളത്തിന് പുറമേ തമിഴ് സിനിമയിലേക്കും താരം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ മലയാളത്തിൽ അവസരം കുറഞ്ഞിരുന്നു.
എന്നാൽ മലയാളത്തിൽ സജീവമായി സിനിമകൾ ചെയ്യാനുള്ള ശ്രമങ്ങൾ തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നുവെന്നാണ് നരേൻ പറയുന്നത്. പല സിനിമകളും മുടങ്ങി പോയെന്നും തമിഴിൽ പോയ സമയത്ത് പുതിയ സംവിധായകരോടൊപ്പമുള്ള സൗഹൃദം തനിക്ക് മിസായി പോയെന്നും നരേൻ പറയുന്നു. ദി ഫോർത്തിനോട് സംസാരിക്കുകയായിരുന്നു നരേൻ.
‘മലയാളത്തിൽ സജീവമായി സിനിമകൾ ചെയ്യാനുള്ള ശ്രമങ്ങൾ എന്റെ ഭാഗത്ത് നിന്ന് എപ്പോഴും ഉണ്ടായിരുന്നു. ആ പ്രൊജക്ടുകൾ ഒന്നും സംഭവിച്ചില്ല. പലതും നിന്ന് പോവുകയും ചിലത് ചെയ്യാൻ പറ്റാതെ പോവുകയുമാണ് ചെയ്തത്. അതൊക്കെയാണ് സംഭവിച്ചത്.
അല്ലെങ്കിൽ മലയാളത്തിൽ എത്രയോ പടങ്ങൾ ഞാൻ ചെയ്തേനെ. പത്തിരുപതു പടത്തിലേറെ കമ്മിറ്റ് ചെയ്തിട്ട് മുടങ്ങി പോയിട്ടുണ്ട്. പക്ഷെ പലർക്കും അതറിയില്ല. അതുകൊണ്ട് ആ സമയത്ത് എനിക്ക് തമിഴിൽ സിനിമകൾ കിട്ടിയത് കൊണ്ട് ഞാൻ അങ്ങോട്ട് പോയി.
ഞാൻ മിസ് ചെയ്തത് മലയാളത്തിലെ പുതിയ സംവിധായകരെയായിരുന്നു. കാരണം അവർ വന്ന സമയത്ത് ഞാൻ ഇവിടെ ഇല്ലായിരുന്നു. എനിക്ക് അവരുമായുള്ള ബന്ധം അങ്ങനെ നഷ്ടമായി. ഇപ്പോൾ നോക്കുമ്പോൾ മലയാള സിനിമ അതിന്റെ ഏറ്റവും നല്ല സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്.
2018 എന്ന ചിത്രത്തിലാണ് ഞാൻ ഈയിടെ വീണ്ടും തിരിച്ചു വന്നത്. അതൊരു വലിയ സിനിമയായിരുന്നു. എനിക്ക് കിട്ടിയത് ഒരു പവർഫുൾ വേഷവുമായിരുന്നു. പിന്നെ ഞാൻ സോളോയായി ചെയ്യുന്നത് ക്വീൻ എലിസബത്താണ്.