കൈതി 2 വിൽ ഒരുപാട് സംഭവം ഉണ്ടെന്നും അതൊരു വലിയ സിനിമയാണെന്നും നരേൻ. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുമ്പോഴാണ് താരം വരാനിരിക്കുന്ന കൈതി 2 വിനെ കുറിച്ചും എൽ.സി.യു ഷോർട്ട് ഫിലിമിനെ കുറിച്ചും പങ്കുവെച്ചത്.
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു കൈതി. കൈതിക്ക് ശേഷം വന്ന കമൽ ഹാസൻ ചിത്രം വിക്രവും ഏറ്റവും ഒടുവിൽ ഇറങ്ങിയ വിജയ് ചിത്രം ലിയോയുമെല്ലാം തമ്മിൽ കണക്റ്റഡായിരുന്നു. ആരാധകർ എൽ.സി.യു ( ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് ) എന്നാണ് ഇതിനെ വിളിക്കുന്നത്.
എൽ. സി. യുവിന്റെ ആദ്യ ഭാഗം പോലെ ഒരു ഷോർട്ട് ഫിലിം ഉടനെ റിലീസ് ചെയ്യുമെന്ന് ഈയിടെ നരേൻ പറഞ്ഞിരുന്നു. അത് ഉടനെ വരുമെന്നും എൽ.സി.യുവിലെ ചിലർ അതിന്റെ ഭാഗമാകുന്നുണ്ടെന്നും നരേൻ ഇപ്പോൾ പറയുന്നു. ലിയോ ഉണ്ടാവുമോ എന്ന ചോദ്യത്തിനും താരം മറുപടി പറഞ്ഞു.
‘എൽ. സി. യു ഷോർട്ട് ഫിലിം ഉടനെ വരും. ആ ഫിലിമിൽ ചില സംഭവങ്ങളുണ്ട്. കുറച്ച് നേരമേ ഉള്ളൂ. 10 മിനിറ്റാണ്. എൽ.സി.യുവിലെ എല്ലാവരും ഒന്നുമില്ലെങ്കിലും ചില ആളുകൾ അതിന്റെ ഭാഗമാകുന്നുണ്ട്. എൽ.സി. യുവിന്റെ തുടക്കമായിട്ടുള്ള രീതിയിലാണ് അത് കാണിച്ചിട്ടുള്ളത്.
സത്യത്തിൽ കുട്ടികളുടെ ഒരു സെമിനാറിന്റെ ഭാഗമായിട്ടാണ് അത് ഷൂട്ട് ചെയ്തു തുടങ്ങിയത്. കുട്ടികളെ പഠിപ്പിക്കാൻ വേണ്ടി ലോകേഷ് എന്തായാലും ഷൂട്ട് ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു.
അങ്ങനെ വിചാരിച്ചപ്പോഴാണ് എന്തായാലും ഷൂട്ട് ചെയ്യുകയല്ലേ ഈ കോൺസെപ്റ്റിൽ ചെയ്യാമെന്ന് തീരുമാനിക്കുന്നത്. അങ്ങനെയാണ് തുടങ്ങിയത്. 2 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത് തീർത്തു.
അതിന് പേര് ഇട്ടിട്ടില്ല. ചിലപ്പോൾ ചാപ്റ്റർ സീറോ എന്നായിരിക്കും. അറിയില്ല എന്തായാലും വരും. ലിയോ ഒന്നും ഉണ്ടാവില്ല. ഷോർട്ട് ഫിലിം ആയത് കൊണ്ട് വലിയ ടീമുകളെ ഒന്നും പറ്റില്ലല്ലോ.