'ഒരിക്കൽ ഫാനായാൽ എന്നും അങ്ങനെ, നമുക്കറിയാത്ത മലയാളം വരെ അദ്ദേഹം പറയും,' സൂപ്പർ സ്റ്റാറിനെ കുറിച്ച് നരേൻ
Entertainment
'ഒരിക്കൽ ഫാനായാൽ എന്നും അങ്ങനെ, നമുക്കറിയാത്ത മലയാളം വരെ അദ്ദേഹം പറയും,' സൂപ്പർ സ്റ്റാറിനെ കുറിച്ച് നരേൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th December 2023, 11:09 am

മലയാളികളുടെ ഇഷ്ട നടനാണ് നരേൻ. കരിയറിന്റെ തുടക്കകാലത്ത് തന്നെ മികച്ച സിനിമകളുടെ ഭാഗമാവാൻ സാധിച്ച നരേൻ പിന്നീട് തമിഴ് സിനിമയിൽ സജീവമാവുകയായിരുന്നു. താൻ ഒരു കടുത്ത കമൽ ഹാസൻ ആരാധകനാണെന്ന് നരേൻ ഒരുപാട് വട്ടം പറഞ്ഞിട്ടുണ്ട്.

ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം എന്ന ചിത്രത്തിൽ കമൽ ഹാസനോടൊപ്പം നരേനും അഭിനയിച്ചിരുന്നു. ലോകേഷിന്റെ തന്നെ പുതിയ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.

കമൽ ഹാസനുമായി പങ്കുവച്ച നിമിഷങ്ങളെ കുറിച്ച് പറയുകയാണ് നരേൻ. താൻ എന്നും അദ്ദേഹത്തിന്റെ ആരാധകൻ ആണെന്നും കാണുമ്പോഴെല്ലാം പഴയകാല സിനിമാ അനുഭവങ്ങളാണ് എപ്പോഴും ചോദിക്കാറെന്നും നരേൻ പറയുന്നു. കമൽ ഹാസൻ നമ്മളെക്കാൾ നന്നായി മലയാളം പറയുമെന്നും നരേൻ ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

‘ഒരിക്കൽ ഫാൻ ആയാൽ പിന്നെ എന്നും ഫാൻ ആയിരിക്കും. ഞാൻ നേരിട്ട് കണ്ടപ്പോൾ അദ്ദേഹത്തിന്റെ പല സിനിമകളെ കുറിച്ചും സംസാരിച്ചു. ഇതെങ്ങനെ ചെയ്തു, ആ വേഷം എങ്ങനെ അഭിനയിച്ചു എന്നൊക്കെ ഞാൻ ചോദിക്കും. അദ്ദേഹം അതിന് പറയുന്ന കഥകൾ എല്ലാം ഭയങ്കര രസമാണ്.

നല്ല രസമാണ് അവരുടെയെല്ലാം പഴയ കഥകൾ കേൾക്കാൻ. ആവരുടെ അനുഭവങ്ങൾ അറിയാൻ. ആദ്യമായി നായകനാവാൻ കമൽ സാർ ശങ്കരൻ നായർ സാറിന്റെ അടുത്ത് ചെന്നതും അദ്ദേഹം കമൽ സാറിനെ അഭിനയിപ്പിക്കുന്നതും പിന്നീട് സേതുമാധവൻ സാർ അദ്ദേഹത്തെ പറഞ്ഞു വിടുന്നതും ഒക്കെ ഭയങ്കര രസമായി അദ്ദേഹം പങ്കുവെച്ചു. അതൊക്കെ കേൾക്കാൻ നല്ല രസമാണ്.

അദ്ദേഹം നന്നായി മലയാളം സംസാരിക്കും. മാത്രമല്ല നമ്മൾ ചിലപ്പോൾ ഉപയോഗിക്കാത്ത കുറച്ച് കട്ടി കൂടിയ വാക്കുകൾ വരെ അദ്ദേഹം ഉപയോഗിക്കും. നമ്മൾ മലയാളത്തിൽ കണ്ട അദ്ദേഹത്തിന്റെ പടങ്ങളിൽ ഉള്ളതിനേക്കാൾ നന്നായി ആണ് അദ്ദേഹം ഇപ്പോൾ മലയാളം സംസാരിക്കുന്നത്,’നരേൻ പറയുന്നു.

അതേസമയം എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ക്വീൻ എലിസബത്താണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഏറെ നാളുകൾക്ക് ശേഷം നരേനും മീരജാസ്മിനും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.

Content Highlight: Narain Talk About  Kamal Hassan