'അധികമാരോടും ആ ചിത്രത്തെ കുറിച്ച് പറഞ്ഞിട്ടില്ല,' ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രത്തെ കുറിച്ച് നരേൻ
Entertainment
'അധികമാരോടും ആ ചിത്രത്തെ കുറിച്ച് പറഞ്ഞിട്ടില്ല,' ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രത്തെ കുറിച്ച് നരേൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th December 2023, 12:02 pm

മലയാളികൾക്കിടയിൽ വലിയ രീതിയിൽ സ്വീകാര്യത നേടിയ നടനാണ് നരേൻ.

കരിയറിന്റെ തുടക്കത്തിൽ തന്നെ അടൂർ ഗോപാലകൃഷ്ണൻ, സത്യൻ അന്തിക്കാട്, കമൽ തുടങ്ങി മുൻനിര സംവിധായകരോടൊപ്പം സിനിമകളുടെ ഭാഗമാകാൻ സാധിച്ച നടനാണ് നരേൻ.

അച്ചുവിന്റെ അമ്മ, ക്ലാസ്മേറ്റ്സ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് തമിഴ് സിനിമയിൽ കൂടുതൽ സജീവമാവുകയായിരുന്നു നരേൻ.

ലോകേഷ് കനകരാജ് ഒരുക്കിയ കൈതി, വിക്രം തുടങ്ങി നിരവധി സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ താൻ ആദ്യമായി തിരക്കഥ എഴുതുന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് താരം. അതൊരു മലയാളം സിനിമയാണെന്നും സിനിമയെ കുറിച്ച് കൂടുതൽ ആരോടും പറഞ്ഞിട്ടില്ലെന്നും നരേൻ പറയുന്നു. താൻ ആ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നും മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ നരേൻ പറഞ്ഞു.

‘ഞാനിപ്പോൾ ഒരു മലയാള സിനിമക്ക്‌ വേണ്ടി തിരക്കഥ എഴുതികൊണ്ടിരിക്കുകയാണ്. അത് നല്ലൊരു ഇൻട്രസ്റ്റിങ് പ്രൊജക്റ്റ്‌ ആണ്. അധികം ആരോടും അതിനെ കുറിച്ച് പറഞ്ഞിട്ടില്ല. അത് നടന്ന് കൊണ്ടിരിക്കുകയാണ്. അടുത്ത വർഷം എന്തായാലും ഷൂട്ട്‌ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഞാനും ഒരു സംവിധായകനും കൂടെയാണ് എഴുതുന്നത്. അദ്ദേഹം തന്നെയാണ് സംവിധായകൻ. കഥ അദ്ദേഹത്തിന്റെതാണ്. തിരക്കഥയുടെ പണി നടന്ന് കൊണ്ടിരിക്കുകയാണ്. ഞാനതിൽ അഭിനയിക്കുന്നുമുണ്ട്,’നരേൻ പറയുന്നു.

അതേസമയം എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ക്വീൻ എലിസബത്താണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഏറെ നാളുകൾക്ക് ശേഷം നരേനും മീരജാസ്മിനും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.

Content Highlight: Narain Talk About His Upcoming Movie As A Screenplay Writer