ഈ വർഷം മലയാളത്തിൽ ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയം നേടിയ സിനിമയായിരുന്നു ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018. കേരളത്തിൽ 2018 ൽ സംഭവിച്ച മഹാ പ്രളയത്തിന്റെ കഥയായിരുന്നു ചിത്രം പറയാൻ ശ്രമിച്ചത്. ടൊവിനോ തോമസ്, ആസിഫ് അലി, നരേൻ, കുഞ്ചാക്കോ ബോബൻ തുടങ്ങി വമ്പൻ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു.
ചിത്രത്തിലെ തന്റെ ഇൻട്രോ സീൻ ഷൂട്ട് ചെയ്ത അനുഭവം പറയുകയാണ് നരേൻ. ചിത്രം മൊത്തം മഴ നനഞ്ഞാണ് ഷൂട്ട് ചെയ്തതെന്നും ഇൻട്രോ സീനിനായി കൃത്രിമ തിരമാലകൾ ഉണ്ടാക്കിയിരുന്നുവെന്നും നരേൻ പറയുന്നു.
തിരമാലകൾ വന്ന് ശക്തിയായി അടിച്ചപ്പോൾ പലവട്ടം ബോട്ടിൽ നിന്ന് തെറിച്ചു വീണിരുന്നുവെന്നും നരേൻ പറഞ്ഞു. പുതിയ ചിത്രം ക്വീൻ എലിസബത്തിന്റെ പ്രൊമോഷൻന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു താരം.
‘2018 സിനിമ മൊത്തം മഴ നനഞ്ഞാണ് ഞങ്ങൾ പൂർത്തിയാക്കിയത്. മഴയുടെ എഫക്റ്റിലാണ് സിനിമ മുഴുവൻ എടുത്തിട്ടുള്ളത്. അത് നല്ല പ്രയാസകരമായിരുന്നു. സിനിമയുടെ ആരംഭത്തിൽ ഞങ്ങളുടെ ഒരു ഇൻട്രോഡക്ഷൻ ഷോട്ട് ഉണ്ട്.
അത് ഞങ്ങൾ ഒരു ആർട്ടിഫിഷ്യൽ വേവ് ഉണ്ടാക്കിയിട്ടാണ് ഷൂട്ട് ചെയ്തിട്ടുള്ളത്. ബോട്ടിൽ ഞാൻ പിടിച്ച് നിന്നിട്ട് ഒപോസിറ്റ് ബോട്ടിലുള്ള ജീവനക്കാർക്ക് കുപ്പി എറിഞ്ഞു കൊടുക്കുന്നതാണ് സീൻ.
ആ സീക്വൻസ് മൊത്തം ഷൂട്ട് ചെയുമ്പോൾ ആ ആർട്ടിഫിഷ്യൽ വേവിൽ ഒരു പത്തിരുപത് അടി ഉയരത്തിൽ നിന്ന് വെള്ളം തെറിച്ചു വീഴുമായിരുന്നു. ഈ വെള്ളം വീഴുന്നത് നമ്മുടെ മേലേക്കാണ്. ഓരോ തവണ വെള്ളം വീഴുമ്പോഴും ഞാൻ ആ ബോട്ടിൽ നിന്ന് തെറിച്ചു വീണിട്ടുണ്ട്. പക്ഷെ സിനിമയിൽ ഞങ്ങൾക്കത് കാണിക്കാൻ കഴിയില്ല. ഞങ്ങൾ പിടിച്ചു നിൽക്കുകയായിരുന്നു
അങ്ങനെ പല തവണ വീണ് നെറ്റി പൊട്ടുന്നു, കാല് പൊട്ടുന്നു എന്റെ കയ്യിൽ ഒരു പരിക്ക് പറ്റി പിന്നീട് സിനിമ മൊത്തം അത് വച്ചാണ് അഭിനയിച്ചത്.