മലയാളത്തിൽ ഇറങ്ങിയതിൽ വലിയ വിജയമായ ചിത്രമായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സ് എന്ന ചിത്രം. മലയാളത്തിലെ ഏറ്റവും മികച്ച ക്യാമ്പസ് ചിത്രങ്ങളുടെ കൂട്ടത്തിലാണ് ക്ലാസ്മേറ്റ്സിനെ പരിഗണിക്കുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ,നരേൻ തുടങ്ങിയ യുവ താരങ്ങൾ അണിനിരന്ന ചിത്രം ഏറെ സ്വീകാര്യത നേടിയിരുന്നു.
ചിത്രത്തിൽ മുരളി എന്ന കഥാപാത്രത്തെ ആയിരുന്നു നരേൻ അവതരിപ്പിച്ചത്. താരത്തിന്റെ സിനിമ കരിയറിൽ മറക്കാൻ കഴിയാത്ത ഒരു കഥാപാത്രമാണ് മുരളി. റസിയ എന്ന പെൺകുട്ടിയെ രഹസ്യമായി പ്രണയിക്കുന്ന മുരളിയെയാണ് ക്ലാസ്മേറ്റ്സിൽ താരം അവതരിപ്പിക്കുന്നത്.
എന്നാൽ റിയൽ ലൈഫിലും തനിക്ക് അത്തരത്തിൽ ഒരു പ്രണയം ഉണ്ടായിരുന്നെന്നാണ് നരേൻ പറയുന്നത്. കോളേജിലെ കൂട്ടുകാർക്ക് എല്ലാം അത് അറിയാമായിരുന്നു എന്നും അന്ന് ചെയ്ത കാര്യങ്ങളാണ് സിനിമയിൽ താൻ ആവർത്തിച്ചിട്ടുള്ളതെന്നും ബിഹൈൻന്റ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ നരേൻ പറഞ്ഞു.
‘ആ പടത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ആ ഫ്രണ്ട്ഷിപ്പ് തന്നെയായിരുന്നു. ഞങ്ങളെല്ലാവരും ഒരു സ്ഥലത്ത് താമസിച്ച് ഷൂട്ട് ചെയ്ത സിനിമയാണത്. ഞങ്ങളുടെ വൈകുന്നേരങ്ങളെല്ലാം വളരെ മനോഹരമായിരുന്നു. ആ ഗ്യാങ്ങില്‍ ഞാന്‍ പുതിയതായിരുന്നു.
ഇന്ദ്രനും ജയനും പൃഥ്വിയുമെല്ലാം പരസ്പരം അറിയുന്നവർ ആയിരുന്നു. അതുകൊണ്ട് തന്നെ എനിക്കതൊരു പുതിയ അനുഭവമായിരുന്നു.
ഞാൻ കേരള വർമ്മ കോളേജിലാണ് പഠിച്ചത്. അതുകൊണ്ട് സി.എം.എസ് കോളേജിൽ വെച്ച് ഷൂട്ട് ചെയ്യുമ്പോൾ എനിക്കതൊരു നൊസ്റ്റാൾജിയ ആയിരുന്നു.
എനിക്കും കോളേജിൽ പഠിക്കുമ്പോൾ ഒരു ചെറിയ പ്രണയമൊക്കെ ഉണ്ടായിരുന്നു. അന്ന് ഞാൻ പാട്ട് പാടാൻ ശ്രമിക്കുമായിരുന്നു, ഇമ്പ്രസ്സ് ചെയ്യാൻ ശ്രമിക്കുമായിരുന്നു. അതൊക്കെയാണ് ഞാൻ ആ സിനിമയിലും ചെയ്തിട്ടുള്ളത്. പക്ഷെ പടത്തിൽ ആരും അതറിയുന്നില്ല.
പക്ഷെ കോളജിൽ പഠിക്കുമ്പോൾ എന്റെ കൂട്ടുകാർക്കൊക്കെ അറിയാമായിരുന്നു ആ പ്രണയം. എനിക്ക് ആ ഒരു ജീവിതം വീണ്ടും തിരിച്ചു പിടിക്കുന്ന പോലെയായിരുന്നു ക്ലാസ്മേറ്റ്സ് എന്ന സിനിമ,’ നരേൻ പറയുന്നു.
Content Highlight: Narain Talk About His Character Murali In Classmates Movie