മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യനായ നടനാണ് നരേൻ. തുടക്കകാലത്ത് തന്നെ മുൻനിര സംവിധായകരോടൊപ്പം സിനിമയുടെ ഭാഗമായിട്ടുള്ള നരേൻ ഈ വർഷം തനിക്ക് നഷ്ടമായ ഒരു സിനിമയെ കുറിച്ച് പറയുകയാണ്.
ഈ വർഷം എന്തെങ്കിലും പണി കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നരേൻ.
തനിക്ക് അത്രയും ഇഷ്ടമായ ഒരു ചിത്രം കമ്മിറ്റ് ചെയ്തിട്ടും അഭിനയിക്കാൻ ചെന്നപ്പോൾ മറ്റൊരാളെ വെച്ച് ഒരു കൂട്ടർ സിനിമ ചെയ്തെന്നാണ് നരേൻ പറയുന്നത്. ആ സിനിമയുമായി ഇമോഷണലി ഏറെ കണക്റ്റഡായിരുന്നുവെന്നും അതൊരു വിശ്വാസവഞ്ചന ആണെന്നും നരേൻ പറയുന്നു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.
‘കഴിഞ്ഞവർഷം നല്ലൊരു പണി കിട്ടി. എല്ലാവർഷവും കിട്ടാറുണ്ട്. എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട ഒരു സിനിമ. എല്ലാം കമ്മിറ്റ് ചെയ്തു എല്ലാം സംസാരിച്ച ചിത്രമാണ്. പലവട്ടം സ്ക്രിപ്റ്റ് വായിക്കുകയും അഡ്വാൻസ് വാങ്ങിക്കുകയുമൊക്കെ ചെയ്തു. പിന്നെ ഡേറ്റ് ഒക്കെ ഫിക്സ് ചെയ്തു.
പറഞ്ഞ ഡേറ്റിൽ ഞാൻ 2018 ചെയ്യുകയായിരുന്നു. അപ്പോൾ ഡേറ്റ് മാറ്റി. എന്റെ ഡേറ്റും മാറി. എനിക്ക് ജോയിൻ ചെയ്യാൻ പറ്റുന്ന ദിവസം ഞാൻ അവരെ അറിയിച്ചു. പക്ഷെ പിന്നീട് ആ സമയത്ത് എത്തിയപ്പോൾ ഞാൻ അറിയുന്നത്, എന്നോട് പറയാതെ അവർ മറ്റൊരു നടനെ വെച്ച് സിനിമ തുടങ്ങിയിരുന്നു എന്നാണ്.
ഞാൻ അത്രയും ഇമോഷണലി സമീപിച്ച ഒരു സിനിമയായിരുന്നു അത്. ഒരു പുതിയ ടീം ആയിരുന്നു ആ ചിത്രം ചെയ്യുന്നത്. അത് ശരിക്കും ഒരു വിശ്വാസ വഞ്ചന പോലെയായിരുന്നു. കാരണം ആ സംവിധായകന് വേണമെങ്കിൽ എന്നോട് പറയാമായിരുന്നു, ഈ സമയത്ത് ഷൂട്ട് തുടങ്ങിയേ പറ്റുവെന്ന്. അങ്ങനെയാണെങ്കിൽ ഞാൻ തന്നെ വേറേ ആർട്ടിസ്റ്റിനെ പറഞ്ഞു കൊടുത്തേനെ.
അതൊരു നല്ല പണിയായിരുന്നു. ആ പടം പകുതിയിൽ നിന്ന് പോയി. ആ സിനിമ നടക്കട്ടെ. സംഭവിക്കട്ടെ. പക്ഷെ എനിക്കതൊരു മോശം അനുഭവമായിരുന്നു,’നരേൻ പറയുന്നു.
Content Highlight: Narain Talk About getting him dropped from a movie