ഷോട്ട് കണ്ട് അദ്ദേഹമാണ് പാട്ട് ക്ലിക്ക് ആവുമെന്ന് പറയുന്നത്, എന്നാൽ ലാൽജോസ് സാറിന് സംശയമായിരുന്നു: നരേൻ
Entertainment
ഷോട്ട് കണ്ട് അദ്ദേഹമാണ് പാട്ട് ക്ലിക്ക് ആവുമെന്ന് പറയുന്നത്, എന്നാൽ ലാൽജോസ് സാറിന് സംശയമായിരുന്നു: നരേൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th December 2023, 3:46 pm

ഒരു സമയത്ത് മലയാളക്കര ഒന്നടങ്കം ഏറ്റു പാടിയ പാട്ടായിരുന്നു ക്ലാസ്സ്‌മേറ്റ്സ് സിനിമയിലെ ‘എന്റെ ഖൽബിലെ വെണ്ണിലാവ് നീ ‘ പാട്ട്.

സിനിമ പോലെ വലിയ രീതിയിൽ തരംഗമായി മാറാൻ പാട്ടിന് കഴിഞ്ഞിരുന്നു. നടൻ നരേൻ ആയിരുന്നു ഈ ഗാനരംഗത്ത് അഭിനയിച്ചിരുന്നത്. മലയാളികൾക്കിടയിൽ നരേൻ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാൻ പാട്ട് വഴിയൊരുക്കിയിരുന്നു.

ഗാനരംഗം ഷൂട്ട്‌ ചെയ്ത ഓർമകൾ പങ്കുവെക്കുകയാണ് നരേൻ. ഷോട്ടിന് മുൻപ് പാട്ടിന് ലിപ് സിങ്ക് ചെയ്യാൻ അറിയില്ലേയെന്ന് ലാൽജോസ് ചോദിച്ചെന്നും പിന്നീട് ഒരു ശ്രമം നടത്താനാണ് ഷോട്ടിന് റെഡി ആയതെന്നും നരേൻ പറയുന്നു. ക്യാമറമാൻ രാജീവ് രവി തന്റെ പ്രകടനത്തെ പ്രശംസിച്ചെന്നും അതൊരിക്കലും മറക്കാൻ കഴിയില്ലെന്നും ബിഹൈൻന്റ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ നരേൻ പറഞ്ഞു.

‘എനിക്കിപ്പോഴും ഓർമയുണ്ട് എന്റെ ഖൽബിലെ സോങ് ഷൂട്ട്‌ ചെയ്തത്. രാജീവ്‌ രവിയേട്ടൻ ആയിരുന്നു ക്ലാസ്സ്‌മേറ്റ്സിന്റെ ക്യാമറമാൻ. ആ ഷോട്ട് എടുക്കുന്നതിന് മുമ്പ് ലാൽജോസ് സാർ എന്നോട് പറഞ്ഞ ഒരു കാര്യം പറഞ്ഞിരുന്നു.

നീ ഇതിന് മുമ്പ് ലിപ് സിങ്കിൽ പാടിയിട്ടില്ലേ എന്നദ്ദേഹം ചോദിച്ചു, ഞാൻ പാടിയിട്ടില്ല എന്ന് പറഞ്ഞപ്പോൾ അച്ചുവിന്റെ അമ്മയിൽ നീ പാടിയിട്ടില്ലേ എന്ന് ലാൽജോസ് സാർ ചോദിച്ചു. അതിലും ഞാൻ പാടിയിട്ടില്ല എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, എടാ ഇത്‌ വളരെ പ്രധാനപ്പെട്ട ഒരു പാട്ടാണ്, നീ ഇത്‌ വരെ പാടത്ത സ്ഥിതിക്ക് ഞാൻ എങ്ങനെയാണ് നിന്നെ വെച്ച് ഈ പാട്ട് ഷൂട്ട് ചെയ്യുക എന്ന് ലാൽജോസ് സാർ ചോദിച്ചു.

ഞാൻ, അതൊന്നും കുഴപ്പമില്ല നമുക്ക് ചെയ്യാം എന്ന് പറഞ്ഞു. അങ്ങനെയാണ് ആ പാട്ടിന്റെ ഷൂട്ട്‌ തുടങ്ങുന്നത്. സത്യം പറഞ്ഞാൽ എന്നെ സംബന്ധിച്ച് ഒരു ശ്രമമാണത്. ഞാൻ ഗിറ്റാർ പിടിച്ച് നിൽക്കുമ്പോൾ മുമ്പിൽ എല്ലാവരും ഉണ്ട്.

ആദ്യത്തെ ഒരു രണ്ട് മൂന്ന് ലോങ്ങ്‌ ഷോട്ട് എടുത്ത് കഴിഞ്ഞപ്പോൾ ഞാൻ വേഗം ക്യാമറയുടെ അടുത്തേക്ക് ഓടിച്ചെന്നും. എന്താണ് ഞാൻ ചെയ്തിട്ടുള്ളത് എന്ന് കാണാൻ. അപ്പോൾ രാജീവ് ഏട്ടനാണ് ആദ്യം പറയുന്നത്, ഭയങ്കര ഫീലുണ്ട് നരേൻ ഇത്‌ നന്നായി ക്ലിക്ക് ആവുമെന്ന്. സത്യത്തിൽ അത് വലിയ ആത്മവിശ്വാസമാണ് എനിക്ക് നൽകിയത്.

രാജീവ്‌ ഏട്ടനെ പോലെ ഒരാൾ അങ്ങനെ പറയുമ്പോ ഞാൻ അത് ഒരുപാട് വാല്യൂ ചെയ്യുന്നുണ്ട്. അതൊന്നും എനിക്കൊരിക്കലും മറക്കാൻ കഴിയില്ല,’ നരേൻ പറയുന്നു.

Content Highlight: Narain Talk About Ente Khalbile Song In Classmates Movie