| Thursday, 28th December 2023, 3:09 pm

ഇവിടെ താൻ ഒറ്റയ്ക്ക് എന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോൾ ഞാൻ ടെൻഷനായി, എന്റെ മറുപടി കേട്ടപ്പോൾ സത്യൻ സാർ പറഞ്ഞത് അതായിരുന്നു: നരേൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ നടനാണ് നരേൻ.

കരിയറിന്റെ തുടക്കകാലത്ത് തന്നെ സത്യൻ അന്തിക്കാട്, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ മുൻനിര സംവിധായകരോടൊപ്പം നരേൻ സിനിമകൾ ചെയ്തിട്ടുണ്ട്. അത്തരത്തിൽ ജനപ്രിയ ചിത്രമായി മാറിയ സിനിമയായിരുന്നു സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഒരുങ്ങിയ അച്ചുവിന്റെ അമ്മ. ചിത്രം വലിയ വിജയമായിരുന്നു.

ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് നരേൻ. ഷൂട്ട്‌ കണ്ട് നിൽക്കുന്ന തന്നോട് സത്യൻ അന്തിക്കാട് സംസാരിച്ചെന്നും തനിക്ക് ആത്മവിശ്വാസം നൽകിയെന്നും പറയുകയാണ് നരേൻ. തന്നെ സംബന്ധിച്ച് എല്ലാം പഠിക്കാനുള്ള ഒരു സമയമായിരുന്നു അതെന്നും ക്ലബ്ബ്‌ എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ നരേൻ പറഞ്ഞു.

‘സത്യൻ സാറിന്റെ ലൊക്കേഷനിൽ അദ്ദേഹം ഹാൻഡിൽ ചെയ്യുന്ന രീതിയൊക്കെ നല്ല രസമാണ്. അച്ചുവിന്റെ അമ്മ സിനിമയുടെ ലൊക്കേഷനിൽ ആദ്യദിവസം തന്നെ ഞാൻ ഭയങ്കര ടെൻഷനിൽ ആയിരുന്നു. എന്റെ സീക്വൻസ്‌ എല്ലാം തുടങ്ങി കഴിഞ്ഞ് ഷൂട്ട്‌ നടക്കുമ്പോൾ ഞാൻ മീരയേയും ഉർവശി ചേച്ചിയെയും നോക്കി നിൽക്കുമ്പോൾ സത്യൻ സാർ എന്റെ അടുത്തേക്ക് വന്നു.

അദ്ദേഹം എന്നോട് ചോദിച്ചത്, എന്താ നോക്കുന്നത് എന്നായിരുന്നു. ഞാൻ പറഞ്ഞു, അല്ല സാർ ഞാൻ ഷൂട്ട്‌ നോക്കുകയായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു, അവിടെ മീര ജാസ്മിനും ഉർവശിയും ഉണ്ട്, ഇവിടെ താൻ ഒറ്റയ്ക്കാണ്. താൻ എന്ത് ചെയ്യുമെന്ന്. ഞാൻ പറഞ്ഞു, സാർ ഞാൻ അല്ലെങ്കിലേ ടെൻഷൻ ആയിട്ട് ഇരിക്കുകയാണ് അതിന്റെ ഇടയിൽ സാർ ഇങ്ങനെ പറയല്ലേയെന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു, താൻ പേടിക്കല്ലെ തന്റെ കൂടെ ഞാൻ ഉണ്ടെന്ന്.

ഇതായിരുന്നു അദ്ദേഹവുമായിട്ടുള്ള എന്റെ ആദ്യത്തെ അനുഭവം. ആ ചിത്രത്തിലെ മറ്റു താരങ്ങളെ വെച്ചുനോക്കുമ്പോൾ ഞാനൊരു പുതുമുഖമായിരുന്നു. പിന്നീട് ഞാൻ എല്ലാ ദിവസവും വന്ന് അവിടെ നിന്ന് ഷൂട്ട്‌ കാണുമായിരുന്നു. രഞ്ജൻ പ്രമോദ് ചേട്ടൻ ഉണ്ടാവും സത്യൻ സാർ ഉണ്ടാവും.

അതെല്ലാം എനിക്ക് എല്ലാം പഠിക്കാൻ ഉള്ള ഒരു സമയമായിരുന്നു. കാരണം ഞാനും ആദ്യമായിട്ടാണ് അങ്ങനെയൊരു കഥാപാത്രത്തെ അഭിനയിക്കുന്നത്,’നരേൻ പറയുന്നു.

Content Highlight: Narain Talk About A Memory With Sathyan Anthikkad In Achuvinte Amma Movie Location

We use cookies to give you the best possible experience. Learn more