| Friday, 10th November 2023, 5:28 pm

ഒരു പെൺകുട്ടിയുടെ കൂടെ ഡേറ്റിങിന് പോവേണ്ട സ്ഥലത്താണ് ഞാനും കാർത്തിയും ഒരുമിച്ചിരുന്നത്: നരേൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ തിളങ്ങി പിന്നീട് തമിഴ് സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് നരേൻ. തമിഴിൽ അഭിനയിച്ച ചിത്രങ്ങളിൽ ഏറ്റവും സ്വീകരിക്കപ്പെട്ടത് കൈതിയെന്ന ചിത്രത്തിലെ ഇൻസ്‌പെക്ടർ ബിജോയ്‌ എന്ന കഥാപാത്രമായിരുന്നു.

നരേന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിൽ ഒന്നായ ബിജോയ്‌ താരത്തിലേക്ക് എത്തിച്ചേരുന്നത് കൈതിയിലെ നായകൻ കാർത്തി കാരണമാണെന്നാണ് നരേൻ പറയുന്നത്. ലോകേഷ് കനകരാജ് ഒരുക്കിയ കൈതിയിലൂടെയാണ് കാർത്തിയും നരേനും ആദ്യമായി ഒന്നിച്ചത്.

കാർത്തിയുമൊത്തുള്ള രസകരമായൊരു ഓർമ പങ്കുവെക്കുകയാണ് നരേൻ. ആദ്യമായി കാർത്തിയുമൊത്ത് പുറത്ത് പോവുമ്പോൾ എവിടെ പോണമെന്ന കൺഫ്യൂഷനിൽ ആയിരുന്നെന്നും ഒടുവിൽ പോയ സ്ഥലം വ്യത്യസ്തമായിരുന്നെന്നും ഇന്ത്യ ഗ്ലിറ്റ്സ് മലയാളത്തോട് നരേൻ പറഞ്ഞു.

‘കാർത്തിയുമായി കൈതിക്ക്‌ മുൻപ് തന്നെ എനിക്ക് സൗഹൃദം ഉണ്ടായിരുന്നു. കൈതിയിലേക്ക് എന്നെ അഭിനയിക്കാൻ വിളിക്കുന്നത് കാർത്തിയാണ്. സിനിമയിലെ വേഷത്തിലേക്ക് എന്നെയാണ് വേണ്ടതെന്ന് ലോകേഷ് പറഞ്ഞപ്പോൾ കാർത്തിയാണ് എന്നെ വിളിച്ച് ചിത്രത്തിന്റെ കാര്യം പറയുന്നത്.

കാർത്തിയെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് പെട്ടെന്ന് ഓർമ വരുന്നത് ഞങ്ങൾ ആദ്യമായി ഒന്നിച്ചു പുറത്തുപോയ ദിവസമാണ്. എവിടെ പോവും എന്ന കൺഫ്യൂഷനിൽ ആയിരുന്നു ഞങ്ങൾ. റെസ്റ്റോറന്റിലോ അല്ലെങ്കിൽ വല്ല കോഫി ഷോപ്പിലോ പബ്ബിലോ എങ്ങാനും പോവാമെന്നായിരുന്നു ഞങ്ങൾ കരുതിയത്. എവിടെ പോവുമെന്ന് ഞങ്ങൾക്ക് തന്നെ അറിയില്ലായിരുന്നു.

ഒടുവിൽ കാർത്തി പറഞ്ഞു, നമുക്ക് സാന്റീസിൽ പോവാമെന്ന്. ആ സ്ഥലത്തെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ഞാൻ അവിടെ എന്താണെന്ന് ചോദിച്ചു. അപ്പോൾ കാർത്തി പറഞ്ഞു നമുക്കവിടുന്നു ചോക്ലേറ്റും ഐസ് ക്രീമുമൊക്കെ കഴിക്കാമെന്ന്.

അത് കേട്ട് ഞാൻ ചിരിച്ചുകൊണ്ട് കാർത്തിയോട് പറഞ്ഞു, ഒരു പെൺകുട്ടിയുടെ കൂടെയിരുന്ന് ഡേറ്റിങിന് പോവേണ്ട സ്ഥലമാണ്, അവിടെയാണ് ഞാൻ നിങ്ങളുടെ കൂടെയും നിങ്ങൾ എന്റെ കൂടെയും ഇരിക്കുന്നതെന്ന്. കാർത്തി അവിടെ വച്ച് ഹാപ്പി ജാക് എന്നൊരു ചോക്ലേറ്റ് ഡ്രിങ്ക് എനിക്ക് പരിചയപ്പെടുത്തി തന്നിരുന്നു. അതായിരുന്നു കാർത്തിയോടൊപ്പമുള്ള എന്റെ രസകരമായയൊരു ഓർമ,’നരേൻ പറയുന്നു.

Content Highlight: Narain Talk About A Funny Moment With Karthi

We use cookies to give you the best possible experience. Learn more