| Wednesday, 27th December 2023, 8:02 am

അത്തരം വേഷങ്ങളൊന്നും എനിക്ക് പറ്റില്ല എന്നാണ് അവർ തീരുമാനിച്ചിട്ടുള്ളത്,ആ ചിത്രങ്ങളൊന്നും അവർക്ക് അറിയില്ല: നരേൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ ഇഷ്ട നടനാണ് നരേൻ. കരിയറിന്റെ തുടക്കകാലത്ത് തന്നെ മികച്ച സിനിമകളുടെ ഭാഗമാവാൻ സാധിച്ച നരേൻ പിന്നീട് തമിഴ് സിനിമയിൽ സജീവമാവുകയായിരുന്നു.

ഇതിനോടകം തമിഴിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നരേൻ പറയുന്നത് ക്ലാസ്മേറ്റ്സിലെ മുരളിയെ പോലുള്ള വേഷങ്ങൾ തനിക്ക് തമിഴിൽ ചെയ്യാൻ ആഗ്രഹമുണ്ടെന്നാണ്.

അവിടെ തനിക്ക് സീരിയസ് വേഷങ്ങൾ മാത്രമാണ് ലഭിക്കുന്നതെന്നും ക്ലാസ്മേറ്റ്സും അച്ചുവിന്റെ അമ്മയും ഒന്നും അവർക്ക് അറിയില്ലെന്നും നരേൻ പറഞ്ഞു. ക്ലാസ്സ്‌മേറ്റ്സ്‌ എന്ന ചിത്രത്തിലെ മുരളിയെന്ന കഥാപാത്രത്തെ കുറിച്ച് മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു നരേൻ.

‘അതെനിക്ക് വളരെ പ്രധാനപ്പെട്ട ഒരു സിനിമയാണ്. പ്രത്യേകിച്ച് ആ സിനിമയും പാട്ടുമൊക്കെ ഭയങ്കര ഇമ്പാക്ട് ഉണ്ടാക്കിയിട്ടുണ്ട്. അത് സംഭവിച്ചില്ലായിരുന്നുവെങ്കിൽ എന്താവും എന്ന് എനിക്കറിയില്ല. കാരണം ഇത്രയും റീച്ച് ഉണ്ടാവില്ല. ആ സമയത്ത് മലയാളത്തിൽ അധികം സിനിമകൾ ഞാൻ ചെയ്തിട്ടില്ല. ഫോർ ദി പീപ്പിളും അച്ചുവിന്റെ അമ്മയും ക്ലാസ്മേറ്റ്സുമൊക്കെയാണ് ചെയ്തത്. അപ്പോഴേക്കും ഞാൻ തമിഴ് സിനിമയിലേക്ക് പോയിട്ടുണ്ടായിരുന്നു.

തമിഴിലേക്ക് പോയതുകൊണ്ട് തന്നെ മുരളി ഒരുപക്ഷേ മിസ്സ് ആയിരുന്നുവെങ്കിൽ അത് തീർച്ചയായും എനിക്ക് വലിയൊരു നഷ്ടമായേനെ. ഇപ്പോഴും പലരും എന്നെ പെട്ടെന്ന് ഓർക്കുന്നത് ആ ഒരു ക്യാരക്ടർ കൊണ്ടാണ്. എന്നാൽ എനിക്ക് ഇതിന്റെ ഓപ്പോസിറ്റ് സംഭവമാണ് തമിഴിൽ.

അവരെ സംബന്ധിച്ച് എനിക്ക് അല്പം സോഫ്റ്റ്‌ ആയിട്ടുള്ള കഥാപാത്രങ്ങളൊന്നും ഫിറ്റാവില്ല എന്നാണ് അവർ തീരുമാനിച്ചിരിക്കുന്നത്. അവിടെ ഭയങ്കര സീരിയസും ആക്ഷൻസും ഒക്കെയുള്ള വേഷങ്ങളാണ് എനിക്ക് കിട്ടുന്നത്. തമിഴിൽ എനിക്ക് മുരളിയെ പോലുള്ള വേഷങ്ങളൊക്കെ ചെയ്യണമെന്നുണ്ട്. പക്ഷേ ഒന്നും തേടി വരുന്നില്ല. അവർക്ക് മുരളിയോ അച്ചുവിന്റെ അമ്മയോ ഒന്നും അറിയുകയേ ഇല്ല,’ നരേൻ പറയുന്നു.

അതേസമയം എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ക്വീൻ എലിസബത്താണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

ഏറെ നാളുകൾക്ക് ശേഷം നരേനും മീരജാസ്മിനും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.

Content Highlight: Narain Says That He Wants To Do Soft Characters In Kollywood

We use cookies to give you the best possible experience. Learn more