| Monday, 4th April 2022, 1:07 pm

കൈതി 2 വിന്റെ ഷൂട്ട് ഉടന്‍, രണ്ടാം ഭാഗത്തില്‍ ഞാനുമുണ്ട്: നരേന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2019-ല്‍ പുറത്തിറങ്ങിയ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൈതി’ എന്ന ചിത്രത്തിന് ആരാധകര്‍ ഏറെയാണ്. നടന്‍ കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു കൈതി.

കാര്‍ത്തിയെ കൂടാതെ നരേന്‍, അര്‍ജുന്‍ ദാസ്, ജോര്‍ജ്ജ് മരിയന്‍, ഹരീഷ് പേരടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. രണ്ടാം ഭാഗത്തിന്റെ സൂചനകള്‍ നല്‍കിയായിരുന്നു കൈതി അവസാനിച്ചത്.

കാര്‍ത്തിയുടെ ദില്ലി എന്ന കഥാപാത്രത്തെയും ഹരീഷ് ഉത്തമന്റെ അടൈക്കളം എന്ന കഥാപാത്രത്തെയും അടിസ്ഥാനമാക്കിയാണ് രണ്ടാം ഭാഗത്തിന്റെ കഥ പ്രതീക്ഷിക്കുന്നത്.

ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘കൈതി 2’ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നും താന്‍ രണ്ടാം ഭാഗത്തിലുണ്ടാവുമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നരേന്‍. സുബ്രമണ്യം സംവിധാനം ചെയ്യുന്ന താരത്തിന്റെ പുതിയ ചിത്രമായ ‘എന്റെ മഴ’ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം.

”കൈതി 2ല്‍ ഞാന്‍ എന്തായാലും ഉണ്ട്. ഇപ്പോള്‍ കമല്‍ഹാസന്‍ നായകനാകുന്ന വിക്രം എന്ന ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകന്‍ ലോകേഷ്. വിക്രം റിലീസിന് ശേഷം ലോകേഷ് കൈതി 2 ന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” നരേന്‍ പറഞ്ഞു.

അതേസമയം മനോജ് കെ. ജയനെ നായകനാക്കി നവാഗതനായ സുനില്‍ സുബ്രഹ്മണ്യന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്റെ മഴ. സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം ഏപ്രില്‍ 8ന് തീയേറ്ററുകളിലെത്തും.

മാസ്റ്റര്‍ അന്‍മയ്, ശ്രീജിത്ത് രവി, നെടുമുടി വേണു, ശ്രുതി രാമകൃഷ്ണന്‍, ജയന്‍ ചേര്‍ത്തല, സോനു ഗൗഡ, പ്രവീണ, ശോഭ മോഹന്‍, യാമി സോന, മാസ്റ്റര്‍ ആദിഷ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Narain has revealed that the shooting of ‘kaithi 2’ will start soon and he will be in the second part

Latest Stories

We use cookies to give you the best possible experience. Learn more