| Thursday, 5th May 2022, 9:14 pm

തമിഴിലേക്ക് റീമേക്ക് ചെയ്താല്‍ ചെയ്യണമെന്ന് തോന്നിയത് ഫഹദ് ചെയ്ത ഈ കഥാപാത്രമാണ്; മലയാള സിനിമയില്‍ മാത്രം കാണുന്ന ഒരു പ്രത്യേകതയാണിത്: നരേന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ക്ലാസ്മേറ്റ്സ് എന്ന ലാല്‍ജോസ് ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ച് പിന്നീട് സിനിമക്ക് പുറത്തും നല്ല സുഹൃത്തുക്കളായി മാറിയ താരങ്ങളാണ് പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ, നരേന്‍ എന്നിവര്‍. ഇവര്‍ നാല് പേരും ഒരുമിച്ച് കൂടുന്നതിന്റെയും ഇടക്ക് ഗ്രൂപ്പായി വീഡിയോ കോള്‍ ചെയ്യുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.

എന്നാല്‍ പൃഥ്വിരാജ് ആദ്യമായി സംവിധായകനായപ്പോള്‍ ലൂസിഫറിലേക്ക് അഭിനയിക്കാന്‍ വിളിക്കാതിരുന്നതില്‍ പരാതി പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോള്‍ നരേന്‍.

തന്റെ ഏറ്റവും പുതിയ മലയാള ചിത്രമായ അദൃശ്യത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

”ഏയ്, അതൊന്നുമില്ല. ഞങ്ങള്‍ ആദം ജോണ്‍ ഷൂട്ട് ചെയ്യുന്ന സമയത്താണ് ലൂസിഫറിന്റെ പല കാര്യങ്ങളും പൃഥ്വി ഡിസ്‌കസ് ചെയ്യുന്നത്. അങ്ങനെ മാത്രമേ ഉള്ളൂ. അല്ലാതെ പരാതിയൊന്നുമില്ല,” നരേന്‍ പറഞ്ഞു.

മലയാളത്തിലെ ഏതെങ്കിലും സിനിമകളിലെ ഒരു കഥാപാത്രത്തെ, സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ചെയ്യണം എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘അങ്ങനെ തമിഴിലേക്ക് ചെയ്യുകയാണെങ്കില്‍ എനിക്ക് ചെയ്യണം എന്ന് ആഗ്രഹം തോന്നിയത് കുമ്പളങ്ങി നൈറ്റ്‌സില്‍ ഫഹദ് ചെയ്ത ക്യാരക്ടറാണ്’ എന്നായിരുന്നു നരേന്റെ മറുപടി.

അയ്യപ്പനും കോശിയും, ഡ്രൈവിങ്ങ് ലൈസന്‍സ്, ജന ഗണ മന എന്നിങ്ങനെ സിംഗിള്‍ നായകന്മാരല്ലാത്ത, ഒരുപോലെ നില്‍ക്കുന്ന രണ്ട് നായകന്മാരുള്ള സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടോ, അത്തരത്തില്‍ ഒരു നായക നടനോടൊപ്പം ഒരുപോലെ നില്‍ക്കുന്ന, തുല്യമായ റോള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്നും നരേനോട് ചോദിക്കുന്നുണ്ട്.

”ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. ഞാന്‍ ഇനി ചെയ്യാന്‍ പോകുന്ന രണ്ട് സിനിമകളില്‍ ഒന്നില്‍ ഞാനാണ് നായകനെങ്കില്‍ അതുപോലെ പ്രാധാന്യമുള്ള ടൈറ്റില്‍ റോള്‍ ചെയ്യുന്നത് ഞാനല്ല.

രണ്ടാമത്തെ സിനിമ ഒരു മള്‍ട്ടിപ്പിള്‍ ഹീറോ സബ്ജക്ടാണ്. അത് വലിയൊരു ഡയറക്ടറും എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള പ്രൊഡക്ഷന്‍ കമ്പനിയുമാണ്. കുറച്ച് വലിയൊരു പ്രൊജക്ട് ആണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മലയാളത്തിലാണ് ഇങ്ങനെ ഒരു അഡ്വാന്റേജ് ഉള്ളത്. സ്‌ക്രിപ്റ്റിനെ ഫോക്കസ് ചെയ്യുന്നത് കൊണ്ട് പല ആര്‍ടിസ്റ്റുമാരും, ഇതില്‍ ഞാന്‍ നായകനാണോ എന്ന് നോക്കിയിട്ടല്ല ചെയ്യുന്നത്. ഇത് മലയാളത്തില്‍ മാത്രമേ കാണാറുള്ളൂ.

തമിഴിലോ തെലുങ്കിലോ 99 ശതമാനവും അങ്ങനെയൊന്നും നടക്കില്ല. അത്രയും വലിയ സംവിധായകരാണെങ്കില്‍ മാത്രമേ, നായകനാണോ എന്ന് നോക്കാതെ അഭിനയിക്കാന്‍ അവിടെ ആര്‍ടിസ്റ്റുമാര് സമ്മതിക്കൂ. വളരെ വിരളമാണ്.

മലയാളത്തില്‍ പിന്നെ അങ്ങനെയല്ല. ഇഷ്ടപ്പെട്ട ക്യാരക്ടറാണെങ്കില്‍, കഥ ഇഷ്ടമായെങ്കില്‍ നമ്മളെല്ലാവരും റെഡി ആണ് ചെയ്യാന്‍. അത് മലയാളത്തിന്റെ ഒരു പ്ലസ്സാണ്,” നരേന്‍ കൂട്ടിച്ചേര്‍ത്തു.

സാക് ഹാരിസ് സംവിധാനം ചെയ്യുന്ന അദൃശ്യത്തില്‍ നരേന് പുറമെ ജോജു ജോര്‍ജ്, ഷറഫുദ്ദീന്‍, ആത്മീയ രാജന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Content Highlight: Narain about the Fahadh Faasil character he want to do in Tamil and about Prithviraj’s Lucifer

We use cookies to give you the best possible experience. Learn more