കാര്‍ത്തി, നരേന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു കൈതി. 2019ല്‍ പുറത്തിറങ്ങിയ ചിത്രം തമിഴിലെ ബ്ലോക്ക്ബസ്റ്ററായി മാറിയിരുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറയിലൊരുങ്ങുന്നുണ്ട്.
പൊലീസ് വേഷങ്ങള്‍ ചെയ്യാന്‍ താത്പര്യമില്ലാതിരുന്നിട്ടും കൈതിയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് പോപ്പര്‍സ്റ്റോപ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ നരേന്‍. കൈതിയുടെ കഥ ലോകേഷ് കാര്‍ത്തിയോട് പറഞ്ഞപ്പോള്‍ കാര്‍ത്തിയാണ് തന്നെ പൊലീസ് വേഷത്തെ കുറിച്ച് പറയാന്‍ വിളിച്ചതെന്നും നരേന്‍ പറയുന്നു.
”കാര്‍ത്തിയെ മുമ്പേ തന്നെ പേഴ്‌സണലി അറിയാമായിരുന്നു. എനിക്ക് പൊലീസ് വേഷം താല്‍പര്യമില്ലായിരുന്നെന്ന് കാര്‍ത്തിക്ക് അറിയാമായിരുന്നു.
മറ്റേ ക്യാരക്ടര്‍ ആരാണ് ചെയ്യുന്നതെന്ന് കാര്‍ത്തി ചോദിച്ചപ്പോള്‍, നരേന്‍ സാറാണ് മനസിലുള്ളത്, എന്ന് ലോകേഷ് പറഞ്ഞു. അഞ്ചാതെ (Anjathe) ലോകേഷിന്റെ ഫേവറിറ്റ് സിനിമകളിലൊന്നാണ്. അത് കഴിഞ്ഞപ്പോള്‍ തന്നെ, പൊലീസ് ക്യാരക്ടര്‍ വരുമ്പോള്‍ പുള്ളിയുടെ മനസില്‍ ഞാന്‍ ഉണ്ടത്രേ.
എനിക്കത് അറിയില്ലായിരുന്നു. നരേന്‍ എന്ന് പറഞ്ഞയുടനെ, എന്നാല്‍ ഞാന്‍ വിളിച്ച് പറയാം എന്ന് കാര്‍ത്തി പറഞ്ഞു. അങ്ങനെയാണ് കൈതി ഉണ്ടായത്.
അതൊരു റിക്വസ്റ്റ് ഒന്നുമല്ലായിരുന്നു. ഇങ്ങനെ ഒരു സിനിമയുണ്ട്, ഇത് വളരെ വ്യത്യസ്തമായിരിക്കും, ഒരു ഹീറോ ഓറിയന്റഡ് സിനിമയല്ല, മൂന്ന് ക്യാരക്ടേഴ്‌സാണ് പ്രധാനം എന്നൊക്കെ പുള്ളി വിളിച്ചുപറഞ്ഞു.
പക്ഷെ അവസാനം പുള്ളി പറഞ്ഞു, ഇതില്‍ ചെറിയൊരു പ്രശ്‌നമുണ്ട് എന്ന്. ഉടന്‍ തന്നെ ഞാന്‍ ചോദിച്ചു, പൊലീസ് കഥാപാത്രമാണല്ലേ എന്ന്. അതെ എന്ന് പുള്ളി പറഞ്ഞു.
വളരെ സീരിയസായ പൊലീസുകാരനായിരിക്കും അല്ലേ എന്ന് ഞാന്‍ ചോദിച്ചു. അതെ അതുകൊണ്ടല്ലേ ഞാന്‍ നേരിട്ട് വിളിച്ചത്, എന്ന് പുള്ളി പറഞ്ഞു. അങ്ങനെയാണ് ഞാന്‍ കൈതിയിലെത്തിയത്. ആ സിനിമ എന്നെ സംബന്ധിച്ച് നല്ലതായി വന്നു.
നമ്മള്‍ വെറുതെ ഒന്നും റിജക്ട് ചെയ്യില്ലല്ലോ. എല്ലാം ഒത്തുചേരുമ്പോള്‍ നമ്മള്‍ പൊലീസ് വേഷം ചെയ്യും,” നരേന്‍ പറഞ്ഞു.
ലോകേഷിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ പ്രധാന കഥാപാത്രമായെത്തിയ വിക്രം എന്ന സിനിമയിലും നരേന്‍ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. റെക്കോഡ് കളക്ഷനാണ് വിക്രം നേടിയിരുന്നത്.
അതേസമയം, സാക് ഹാരിസ് സംവിധാനം ചെയ്യുന്ന അദൃശ്യം ആണ് നരേന്റെ പുറത്തിറങ്ങുന്ന മലയാള ചിത്രം. ജോജു, ജോര്‍ജ്, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
Content Highlight: Narain about Karthi and Kaithi movie with Lokesh Kanakaraj