മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ നടനാണ് നരേൻ. കരിയറിന്റെ തുടക്കകാലത്ത് തന്നെ സത്യൻ അന്തിക്കാട്, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ മുൻനിര സംവിധായകരോടൊപ്പം നരേൻ സിനിമകൾ ചെയ്തിട്ടുണ്ട്. പിന്നീട് മലയാളത്തിന് പുറമെ തമിഴ് സിനിമയിലേക്കും താരം കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ മലയാളത്തിൽ അവസരം കുറഞ്ഞിരുന്നു.
താൻ ഒരു കടുത്ത കമൽഹാസൻ ആരാധകനാണെന്ന് നരേൻ മുമ്പ് പറഞ്ഞിട്ടുണ്ട്. വിക്രം എന്ന സിനിമയിൽ കമൽഹാസനൊപ്പം അദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് കമൽഹാസന് നാഷണൽ അവാർഡ് ലഭിക്കാതെ വന്നപ്പോൾ താൻ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് നരേൻ.
അന്ന് തന്നെ കൂട്ടുക്കാരൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചെന്നും കമൽഹാസൻ സിനിമയുടെ നിഘണ്ടുവാണെന്നും നരേൻ പറഞ്ഞു. അദ്ദേഹത്തെ നേരിൽ കണ്ട നിമിഷങ്ങൾ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണെന്നും നരേൻ കൂട്ടിച്ചേർത്തു.
‘ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു സംഭവം. അന്നേ കടുത്ത ‘കമൽഫാൻ’ ആണ് ഞാൻ.
ആ വർഷം കമൽ സാറിനാണ് നാഷണൽ അവാർഡ് എന്ന ശ്രുതി പരന്നു.
ഞാനും സുഹൃത്തും കൂടി ഇതൊക്കെ പറഞ്ഞ് തൃശൂർ സെൻറ് തോമസ് കോളേജിന് മുന്നിലൂടെ നടന്നു വരുമ്പോഴാണ് ആ വാർത്ത അറിഞ്ഞത്. അദ്ദേഹത്തിന് നാഷണൽ അവാർഡ് ഇല്ല.
ഫുട്‌പാത്തിലിരുന്നു ഞാൻ കരയാൻ തുടങ്ങി. കൂട്ടുകാരൻ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, കരച്ചിൽ തുള്ളിപോലും കുറഞ്ഞില്ല. ഇന്ന് ആ ആരാധന കൂടിയിട്ടേയുള്ളൂ. ചെന്നൈയിൽ എത്തിയ കാലത്തെടുത്ത ഒരു തീരുമാനമുണ്ട്. കമൽ സാറിന്റെ ഓഫീസിന്റെ പരിസരത്തേ താമസിക്കൂ. തിരികെ പോരും വരെ അങ്ങനെ തന്നെയായിരുന്നു.
എങ്ങനെയാണ് ഫാൻ ആകാതിരിക്കുക. സിനിമയുടെ നിഘണ്ടു അല്ലേ അദ്ദേഹം. ലൈറ്റിനെ കുറിച്ചു മുതൽ സ്റ്റണ്ടിന് വേണ്ടിയുള്ള പുതിയ ഉപകരണത്തെക്കുറിച്ചു വരെ ധാരണയുണ്ട്. കമൽസാറുമൊത്തുള്ള കോമ്പിനേഷൻ സീനുകളിൽ കിട്ടിയ സമയം കൊണ്ട് അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചും ലോക സിനിമകളെക്കുറിച്ചും ചോദിച്ചറിഞ്ഞു.