| Friday, 18th November 2022, 7:11 pm

രണ്ട് വര്‍ഷത്തിനിടക്ക് ഞാന്‍ മൂന്ന് വട്ടം രാജിവെച്ചു; ഇതൊരു ശീലമായപ്പോള്‍ 'നീ പോ, എവിടെയെങ്കിലും ട്രൈ ചെയ്യ്,' എന്ന് പുള്ളി പറഞ്ഞു: നരേന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രം നിഴല്‍ക്കൂത്തിലൂടെ അഭിനേതാവായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് നരേന്‍. എന്നാല്‍ ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദ പീപ്പിളിലൂടെയാണ് താരം ശ്രദ്ധ നേടിയത്.

സിനിമാറ്റോഗ്രഫറും സംവിധായകനുമായ രാജീവ് മേനോന്റെ അസോസിയേറ്റായിരുന്നു സിനിമാ ഇന്‍ഡസ്ട്രിയില്‍ നരേന്റെ തുടക്കം. എന്നാല്‍ നടനാകാന്‍ തന്നെയായിരുന്നു തന്റെ ആഗ്രഹമെന്നും സിനിമാറ്റോഗ്രഫി അതിനുള്ള വഴിയായി തെരഞ്ഞെടുത്തതായിരുന്നെന്നും പറയുകയാണ് നരേന്‍. പോപ്പര്‍‌സ്റ്റോപ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

നരേന് നടനാകുന്നതിനേക്കാളും സിനിമാറ്റോഗ്രഫറാകാനായിരുന്നു ആഗ്രഹം എന്നും അതാണ് അഭിനയത്തിലേക്ക് വഴിവെച്ചതെന്നും പറഞ്ഞ് കേട്ടിട്ടുണ്ട്. അത് ശരിയാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് അസോസിയേറ്റായി വര്‍ക്ക് ചെയ്തിരുന്ന കാലത്തെ കുറിച്ച് നരേന്‍ സംസാരിച്ചത്.

”എനിക്ക് സിനിമാറ്റോഗ്രഫറാകാനായിരുന്നു ആഗ്രഹം എന്നല്ല, എനിക്ക് ആക്ടറാകാന്‍ തന്നെയായിരുന്നു ആഗ്രഹം. സിനിമാറ്റോഗ്രഫി അതിനുള്ള വഴിയായി തെരഞ്ഞെടുത്തതായിരുന്നു.

എനിക്ക് വേറെ ഓപ്ഷന്‍ ഇല്ലായിരുന്നു. വീട്ടില്‍ നിന്നുള്ള പ്രഷര്‍ കാരണം സിനിമാറ്റോഗ്രഫി തന്നെ ചൂസ് ചെയ്യേണ്ടി വന്നു. ഫോട്ടോഗ്രഫിയോട് എനിക്ക് പാഷനുണ്ടായിരുന്നു. അതും ഒരു കാരണമായിരുന്നു. അതെന്നെ സഹായിച്ചിട്ടുമുണ്ട്.

ഫിലിം മേക്കര്‍ രാജീവ് മേനോന്റെ അസോസിയേറ്റായും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷത്തിനിടയില്‍ അദ്ദേഹത്തിന്റെ അടുത്തുനിന്ന് ഞാന്‍ രണ്ടുമൂന്ന് തവണ രാജി വെച്ചിട്ടുണ്ട്.

മാഷേ ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോവാണ്, എന്നൊക്കെ പറയും, പോകും. രണ്ടുമൂന്ന് മാസം കഴിയുമ്പൊ ഒന്നും നടക്കില്ല. വീണ്ടും തിരിച്ച് പുള്ളിയുടെ അടുത്തേക്ക് തന്നെ വരും.

എന്ത് പറ്റി, എന്ന് പുള്ളി ചോദിക്കും. ഒന്നും നടന്നില്ല, എന്ന് ഞാന്‍ പറയും. അത് കഴിഞ്ഞ് വീണ്ടും രാജി വെക്കും. വീണ്ടും വരും.

മൂന്നാമത്തെ തവണയായപ്പോള്‍ പുള്ളി തന്നെ എന്നോട് ‘നീ പോ, പോയി രണ്ട് വര്‍ഷം എവിടെയെങ്കിലും ട്രൈ ചെയ്യ്, ഒന്നും നടന്നില്ലെങ്കില്‍ തിരിച്ചു വാ,’ എന്ന് പറഞ്ഞു.

‘ഇത്തവണ ഞാന്‍ വരില്ല സാര്‍, ഞാന്‍ പ്രൂവ് ചെയ്തിട്ടേ തിരിച്ചുവരൂ’, എന്നൊക്കെ പറഞ്ഞ് ഞാന്‍ പോയി. വീണ്ടും ചാന്‍സ് അന്വേഷിച്ച് നടക്കല്‍ തന്നെ.

അങ്ങനെ വീണ്ടും ഒരു ആറ് മാസം കഴിഞ്ഞപ്പോള്‍ പുള്ളി വിളിച്ച് ചോദിച്ചു, ‘എന്താണ് സംഭവിക്കുന്നത്,’ എന്ന്. ജോലിയില്ല, എന്ന് ഞാന്‍ പറഞ്ഞു. എന്നാ വാ, ഞാന്‍ ഒരു ഇന്ത്യന്‍- ഇംഗ്ലീഷ് ഫിലിം ചെയ്യുന്നുണ്ട്, അസോസിയേറ്റായി വര്‍ക്ക് ചെയ്യാന്‍ വരുന്നോ,’ എന്ന് പുള്ളി ചോദിച്ചു. അങ്ങനെ ഞാന്‍ പോയി.

ആന്ധ്രയിലെ അമലാപുരം എന്ന സ്ഥലത്തായിരുന്നു ഷൂട്ടിങ്. അതിന്റെ ലൊക്കേഷനില്‍ വെച്ചാണ് ഫോര്‍ ദ പീപ്പിള്‍ ചെയ്യാന്‍ വേണ്ടി ഞാന്‍ വരുന്നത്. അത് വലിയൊരു മുഹൂര്‍ത്തമായിരുന്നു, സിനിമാറ്റോഗ്രഫിയില്‍ നിന്ന് ആക്ടറായി മാറിയത്,” നരേന്‍ പറഞ്ഞു.

അതേസമയം, സാക് ഹാരിസ് സംവിധാനം ചെയ്യുന്ന അദൃശ്യം ആണ് നരേന്റെ പുറത്തിറങ്ങുന്ന മലയാള ചിത്രം. ജോജു, ജോര്‍ജ്, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Content Highlight: Narain about his career as an actor and associate cinematographer

We use cookies to give you the best possible experience. Learn more