| Thursday, 5th May 2022, 5:43 pm

അതിന്റെ രണ്ടാം ഭാഗമെടുത്താലും ഞാന്‍ ഉണ്ടാവില്ലല്ലോ, അതുകൊണ്ട് രണ്ടാം ഭാഗം വേണ്ട; ഞങ്ങള്‍ നാല് പേരും മുന്‍കൂട്ടി തീരുമാനിച്ച് ഇതുവരെ വീഡിയോ കോള്‍ ചെയ്തിട്ടില്ല: നരേന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങി മലയാള സിനിമയില്‍ ക്ലാസിക് പദവി നേടിയ ചിത്രമാണ് ക്ലാസ്‌മേറ്റ്‌സ്. 2006ല്‍ പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു.

അന്ന് മുതല്‍ തന്നെ ക്ലാസ്‌മേറ്റ്‌സിന് രണ്ടാം ഭാഗമുണ്ടാകുമോ എന്ന തരത്തിലും ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതിന് മറുപടി പറയുകയാണ് ചിത്രത്തില്‍ മുരളി എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ നടന്‍ നരേന്‍.

തന്റെ ഏറ്റവും പുതിയ മലയാള ചിത്രമായ അദൃശ്യത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ വെച്ചായിരുന്നു ക്ലാസ്‌മേറ്റ്‌സിന്റെ രണ്ടാം ഭാഗമുണ്ടാകുമോ എന്ന ചോദ്യത്തിന് നരേന്‍ മറുപടി പറഞ്ഞത്.

”അതിന്റെ സെക്കന്റ് പാര്‍ട്ട് ഉണ്ടാവുകയാണെങ്കില്‍ തന്നെ ഞാന്‍ അതില്‍ ഉണ്ടാവാന്‍ വഴിയില്ലല്ലോ. അതുകൊണ്ട് സെക്കന്റ് പാര്‍ട്ട് വേണ്ട,” നരേന്‍ തമാശരൂപേണ പറഞ്ഞു.

മുരളിയുടെ കഥാപാത്രം ക്ലാസ്‌മേറ്റ്‌സില്‍ മരിക്കുന്നുണ്ട്.

”ക്ലാസ്‌മേറ്റ്‌സിന്റെ സെക്കന്റ് പാര്‍ട്ട് ആയിട്ടല്ലെങ്കിലും ഞങ്ങളെല്ലാം ഒരുമിച്ച് ഒരു പടം ചെയ്യണമെന്ന തരത്തിലൊക്കെ ചര്‍ച്ചകളൊക്കെ ഉണ്ടായിട്ടുണ്ട്. ഒരാള്‍ ഡയറക്ട് ചെയ്യുന്നു, മറ്റെയാള്‍ പ്രൊഡ്യൂസ് ചെയ്യുന്നു, എന്നിട്ട് നമ്മളെല്ലാം അഭിനയിക്കുന്നു, അങ്ങനെയുള്ള സംസാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ, അതൊന്നും നടന്നില്ല.

അങ്ങനെ ഡീറ്റെയില്‍ഡ് ആയൊന്നും സംസാരിച്ചിട്ടില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അത്. രണ്ടുമൂന്ന് പേര്‍ക്ക് ഡയറക്ട് ചെയ്യണം എന്നുള്ള ആഗ്രഹമൊക്കെ വന്നു. അപ്പൊ അത് അങ്ങനെയങ്ങ് വിട്ടുപോയി.

അതിന് ഇനീഷ്യേറ്റീവ് എടുക്കുന്നുണ്ടെങ്കില്‍ അതിനനുസരിച്ചുള്ള സ്‌ക്രിപ്റ്റ് വേണ്ടേ. ഇത്രയും പ്രതീക്ഷകളുള്ള സിനിമയായത് കൊണ്ട് അത്രയും സമയമെടുത്ത് തന്നെ ചെയ്യേണ്ട കാര്യമാണ്.

എല്ലാവരും അവരവരുടേതായ വര്‍ക്കില്‍ തിരക്കിലായത് കൊണ്ട് അതിലേക്കെത്തിയിട്ടില്ല,” നരേന്‍ കൂട്ടിച്ചേര്‍ത്തു.

ക്ലാസ്‌മേറ്റ്‌സിലെ താരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ, നരേന്‍ എന്നിവര്‍ സിനിമക്ക് പുറത്തും വലിയ സുഹൃത്തുക്കളാണ്. നാല് പേര്‍ക്കും കൂടെ വാട്‌സ്ആപ്പ് ഗ്രൂപ്പൊക്കെ ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നും നരേന്‍ മറുപടി പറഞ്ഞു. ഇടക്കിടക്ക് ഒന്നും അല്ലെങ്കിലും പരസ്പരം തങ്ങള്‍ വീഡിയോ കോള്‍ ചെയ്യാറുണ്ടെന്നും നരേന്‍ പറഞ്ഞു.

”കഴിഞ്ഞ തവണയോ അതിന് മുമ്പത്തെ തവണയോ, ജയസൂര്യ വിളിച്ചിട്ട് പെട്ടെന്ന് വീഡിയോ കോളില്‍ വരാമോ എന്ന് ചോദിച്ചു. ഇന്ദ്രനെ വിളിച്ച് നോക്കാമെന്ന് പറഞ്ഞ് വിളിച്ച് നോക്കി.

രാജു അപ്പോള്‍ ജോര്‍ദാനിലായിരുന്നു. അവനെ ആദ്യം വിളിച്ചപ്പൊ കിട്ടിയില്ല. പിന്നെ അഞ്ച് മിനിട്ട് കഴിഞ്ഞ് ടെക്സ്റ്റ് ചെയ്ത് കഴിഞ്ഞപ്പോഴാണ് കിട്ടിയത്.

പെട്ടെന്ന് ഒരു റാന്‍ഡം കോള്‍ ആയിരുന്നു അത്. അല്ലാതെ മുന്‍കൂട്ടി മെസേജ് ചെയ്ത് തീരുമാനിച്ച് സംസാരിച്ച സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. ചിലപ്പൊ രണ്ട് പേര്‍ മാത്രമായിരിക്കും കോള്‍ ചെയ്യുക. ചിലപ്പോള്‍ മൂന്ന് പേര്, ചിലപ്പൊ നാല് പേരെയും കിട്ടും

ഞങ്ങള്‍ നാല് പേരും ചേര്‍ന്ന് വാട്‌സാപ്പ് കോള്‍ ചെയ്തത് അന്ന് കൊവിഡ് പാന്‍ഡമിക് സമയത്തായിരുന്നു,” കൂട്ടുകാര്‍ തമ്മില്‍ വീഡിയോ കോള്‍ ചെയ്യാന്‍ ആരാണ് മുന്‍കൈ എടുക്കാറ് എന്ന ചോദ്യത്തിന് മറുപടിയായി നരേന്‍ പറഞ്ഞു.

Content Highlight: Narain about Classmates movie and the friendship with Prithviraj, Indrajith, Jayasurya

We use cookies to give you the best possible experience. Learn more