| Friday, 14th January 2022, 7:07 pm

ഒമിക്രോണ്‍ ഭീതി; നാരദന്റെ റിലീസ് മാറ്റി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിന്നല്‍ മുരളിക്ക് ശേഷം ടൊവിനോ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം നാരദന്റെ റിലീസ് മാറ്റി. ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്നാണ് നാരദന്റെ റിലീസ് മാറ്റിയത്. ജനുവരി 27 നായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. സമാനമായി നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സല്യൂട്ടിന്റെ റിലീസും മാറ്റിയിരുന്നു.

മാധ്യമലോകത്തെ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആഷിഖ് അബുവാണ്. അന്നാ ബെന്നാണ് നായിക. രണ്ട് ഗെറ്റപ്പിലാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്.

ഡാര്‍ക്ക് ഷേഡിലുള്ള പോസ്റ്ററുകള്‍ ചിത്രത്തിന്റെ ദുരൂഹ സ്വഭാവം വര്‍ധിപ്പിക്കുന്നതാണ്. സിനിമ ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും. മായാനദിക്കും വൈറസിനും ശേഷം ടൊവിനോയും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നാരദന്‍.

ഡിസംബര്‍ 25 ന് പുറത്തിറങ്ങിയ ട്രെയ്‌ലറില്‍ ഇത് അമേരിക്കയോ യൂറോപ്പോ അല്ല ഭാരതമാണ് എന്ന ടൊവിനോയുടെ ഡയലോഗ് ശ്രദ്ധ നേടിയിരുന്നു. വളരെ മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് സാമൂഹിക മധ്യമങ്ങളില്‍ ലഭിച്ചത്.

ഒന്നിലധികം കാരണങ്ങള്‍ കൊണ്ട് ഈ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ തനിക്ക് വളരെയധികം ആവേശമുണ്ടെന്നാണ് നേരത്തെ ടൊവിനോ പറഞ്ഞിരുന്നു. അതിലൊന്ന് ഏറ്റവും മികച്ച ടീമിനൊപ്പമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണ്.

ആശയത്തിലേക്ക് വരുമ്പോള്‍ ഏറ്റവും കൃത്യമായ ലക്ഷ്യത്തിലേക്ക് തന്നെ ഈ സിനിമ കൊള്ളും. ഒരു അഭിനേതാവ് എന്ന നിലയിലും, കാലാകാരനെന്ന നിലയിലും, ശക്തമായ തിരക്കഥകളില്‍ വിശ്വസിക്കുന്ന വ്യക്തി എന്ന നിലയിലും ഇതില്‍ കൂടുതല്‍ പറയാന്‍ വയ്യെന്നും നിങ്ങളെല്ലാവരും ഇത് കാണണമെന്നുമായിരുന്നു ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചത്.

മിന്നല്‍ മുരളിയോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ഉയര്‍ന്ന ടൊവിനോയുടെ പുതിയ ചിത്രവും കേരളത്തിന് പുറത്തേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ച് ആശംസകള്‍ നേര്‍ന്നിരുന്നു. നെറ്റ്ഫ്‌ളിക്സിന്റെ ഇന്ത്യന്‍ ട്രന്റിങ് ലിസ്റ്റില്‍ ഒന്നാമതായി തന്നെ തുടരുകയാണ് ചിത്രം ഇപ്പോഴും.

ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്.

സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്. ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: naradan release postponed

We use cookies to give you the best possible experience. Learn more