മാധ്യമങ്ങളിലെ തെറ്റായ വിവിധ പ്രാക്ടീസുകളെ തുറന്നുകാട്ടുന്ന, മുനയുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ചിത്രമായിരിക്കും ആഷിഖ് അബുവിന്റെ നാരദന്‍ എന്നത് ട്രെയ്‌ലറില്‍ നിന്നും വ്യക്തമായിരുന്നു. ആ പ്രതീക്ഷയും വെച്ചു തന്നെയാണ് തിയേറ്ററിലെത്തിയത്. പക്ഷെ, ആഷിഖ് അബുവിന്റെ കരിയറിലെ മോശം സിനിമകളിലൊന്നും ഉണ്ണി ആറിന്റെ ഏറ്റവും ബലമില്ലാത്ത തിരക്കഥയുമാണ് നാരദന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ വെച്ചു നീട്ടുന്നത്.
കാലങ്ങളായി മാധ്യമലോകത്ത് തുടരുന്ന തെറ്റായ വിവിധ പ്രവണതകളെ കൂട്ടിച്ചേര്‍ത്തുകൊണ്ട് ഒന്നിച്ചൊരു മീഡിയ ക്രിട്ടിസിസമാണ് നാരദന്‍ എന്ന സിനിമയുടെ ലക്ഷ്യം. തീര്‍ച്ചയായും മാധ്യമങ്ങള്‍ സ്വയ വിമര്‍ശനപരമായി പരിഗണിക്കേണ്ടതും സമൂഹത്തിന്റെയും നിയമത്തിന്റേയുമൊക്കെ കൃത്യമായ ഇടപെടലുണ്ടാകേണ്ടതുമായ നിരവധി വിഷയങ്ങളാണ് ഈ സിനിമ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചിട്ടുള്ളത്.
സെന്‍സേഷണലിസം, ലൈംഗികച്ചുവയോടെ മാത്രം റിപ്പോര്‍ട്ടിങ്ങ് നടത്തുന്നത്, ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ പേരും പറഞ്ഞ് സദാചാരം അടിച്ചേല്‍പ്പിക്കുന്നത്, വ്യക്തി വൈരാഗ്യം തീര്‍ക്കുന്നത്, അതിദേശീയത കുത്തിനിറക്കുന്നത്, ബ്രേക്കിംഗ് ന്യൂസിനും എക്‌സ്‌ക്ലൂസീവിനും ടി.ആര്‍.പിക്കും പിന്നാലെ പാഞ്ഞ് എല്ലാ മീഡിയ എത്തിക്‌സും കളയുന്നത്… ഇതെല്ലാം കടന്ന്, ഉണ്ടാകുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം, വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന പരിപാടിയിലേക്ക് വരെ നീങ്ങുന്നതെല്ലാം സിനിമയില്‍ കടന്നു വരുന്നുണ്ട്.
ഒപ്പം ചാനല്‍ റേറ്റിങ്ങിനായി നടത്തുന്ന, എക്‌സ്ട്രീം ക്രിമിനല്‍ കുറ്റങ്ങളെയും സിനിമ കാണിച്ചു തരുന്നുണ്ട്. അതിനൊപ്പം ശമ്പളം പോലുമില്ലാതെ വര്‍ക്ക് ചെയ്യേണ്ടി വരുന്ന ജേണലിസ്റ്റുകളെ കുറിച്ചും മാനേജ്‌മെന്റിന്റെ നിയന്ത്രണങ്ങളെ കുറിച്ചും ചിത്രം പറയുന്നുണ്ട്. പക്ഷെ ഇതെല്ലാം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാനുള്ള തത്രപ്പാടിനപ്പുറത്തേക്ക് എവിടെയും എത്തുന്നില്ല. ആദ്യാവസാനം പാളിപ്പോയ തിരക്കഥയും സംവിധാനവും കൂടിയാകുമ്പോള്‍ ചിത്രത്തിന്റെ പ്രമേയം പ്രേക്ഷകരിലേക്ക് എത്താതെ പോകുകയാണ്.
മാത്രമല്ല, ഇപ്പറയുന്ന വിഷയങ്ങളെയൊന്നും ആഴത്തില്‍ സമീപിക്കാനോ അതിന്റെ കാരണങ്ങളിലേക്ക് നോക്കാനോ സിനിമക്കാകുന്നില്ല. അര്‍ണാബ് ഗോസ്വാമിയെയും ചാനലിനെയും ഓര്‍മ്മിപ്പിക്കുന്ന ചില രംഗങ്ങള്‍ക്കപ്പുറത്തേക്ക് മറ്റൊന്നും ഈ സിനിമയിലില്ല എന്ന് തന്നെ പറയാം. വളരെ അപക്വമായ സമീപനമാണ് പ്രമേയത്തോട് ആഷിഖ് അബുവും ഉണ്ണി ആറും പുലര്‍ത്തിയിരിക്കുന്നത്.
മാധ്യമങ്ങളെ നല്ല നിലക്ക് നടത്താന്‍ കോടതിയുടെ ഇടപെടല്‍ അനിവാര്യമാണെന്നതിലേക്കാണ് സിനിമ അവസാനം പറഞ്ഞുവെക്കുന്നത്. കാരണങ്ങള്‍ പോലും പറയാതെ കേന്ദ്ര സര്‍ക്കാരിന് വാര്‍ത്താ ചാനലുകള്‍ പൂട്ടാന്‍ അനായാസം സാധിക്കുന്ന ഇന്നത്തെ ഇന്ത്യയില്‍ തന്നെയിരുന്ന് അത്തരം ആശയങ്ങള്‍ ആഘോഷിച്ച് പറയുന്നത് അത്ര ശരിയല്ല.
സംഭാഷണങ്ങളിലെയും സീനുകളിലെയും നാടകീയതയാണ് അടുത്ത വില്ലന്‍. ഒട്ടും ഓര്‍ഗാനിക്കല്ലാതെ വളരെ കഷ്ടപ്പെട്ട് നിര്‍മ്മിച്ചെടുത്ത നിലയിലാണ് ഓരോ സന്ദര്‍ഭങ്ങളും. ജാതീയ വിവേചനങ്ങളും പ്രിവില്ലേജുകളും തുടങ്ങി പീരിയഡ്‌സ് വരെയുള്ള പല കാര്യങ്ങള്‍ സിനിമയില്‍ വരുന്നത് ഈ രീതിയിലാണ്.
ഈ നാടകീയത ഓരോ അഭിനേതാവിന്റെയും പെര്‍ഫോമന്‍സിലും കാണാം. ഒട്ടുമേ ഒഴുക്കില്ലാതെ, ലോജിക്കലായ കണക്ഷനുകള്‍ പോലുമില്ലാതെയാണ് സിനിമയുടെ കഥ പോകുന്നതും. എഡിറ്റിങ്ങിലും പിഴവുകള്‍ നിറഞ്ഞിരിക്കുന്നതായി കാണാം.
ആഴമുള്ള സ്വഭാവമുള്ള കഥാപാത്രം പോലുമില്ല. പലരും ആദ്യ സീനില്‍ വന്നതിന് ശേഷം പിന്നീട് കാണാതെയാവുകയാണ്. അന്ന ബെന്നിന്റെ ഷാക്കിറയാണ് അതിന്റെ പ്രധാന ഉദാഹരണം. ടൊവിനോ കഥാപാത്രത്തെ മോട്ടിവേറ്റ് ചെയ്യുന്ന ഒരു കഥാപാത്രമൊക്കെയുണ്ട്. അയാള്‍ ആരാണ് എന്താണ്, എന്തിനാണ് ഈ സിനിമയിലെന്നൊന്നും ഇതുവരെ മനസിലായിട്ടില്ല.
നെഗറ്റീവ് റോളുകള്‍ ചെയ്യാനും വ്യത്യസ്തമായ റോളുകള്‍ തെരഞ്ഞെടുക്കാനും ടൊവിനോ തയ്യാറാകുന്നു എന്നതല്ലാതെ നാരദനിലെ ചന്ദ്ര പ്രകാശനെ കുറിച്ച് മറ്റൊന്നും പറയാനില്ല.
അന്ന ബെന്നിന്റെ ഷാക്കിറ ആദ്യ ഭാഗത്തിലെ ഒന്നോ രണ്ടോ സീനുകളിലും അവസാനം കുറെ വാചക കസര്‍ത്ത് നടത്താനുമാണ് വരുന്നത്. അന്ന ബെന്‍ തനിക്ക് കിട്ടിയ ഭാഗം നന്നാക്കിയിട്ടുണ്ട്. അതുപോലെ തന്നെയാണ് ഷറഫുദ്ദീനും. അദ്ദേഹത്തിന്റെ പ്രദീപ് കൊള്ളാവുന്ന ക്യാരക്ടറും പെര്‍ഫോമന്‍സുമായിരുന്നെങ്കിലും ആ ക്യാരക്ടറിനെ് ഡെവലപ്പ് ചെയ്യാന്‍ ഉണ്ണി ആറും ആഷിഖ് അബുവും മെനക്കെട്ടിട്ടില്ല.
ജോയ് മാത്യു, വിജയ രാഘവന്‍, രാജേഷ് മാധവന്‍, റാപ്പര്‍ ഫെജോ, ഇന്ദ്രന്‍സ്, ജയരാജ് വാര്യര്‍ എന്നിവരാണ് പിന്നീട് കുറച്ച് റോളുകളിലുള്ളത്. തങ്ങളുടെ ഭാഗങ്ങള്‍ മികച്ചതാക്കി ചെയ്യാന്‍ ഇവര്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ തിരക്കഥയുടെ പിന്‍ബലമില്ലാതെ അഭിനേതാക്കള്‍ ചെയ്യുന്നതിനും പരിധിയുണ്ടല്ലോ.
നാരദനിലെ മിക്ക സീനുകളും ചാനല്‍ ചര്‍ച്ചാ മോഡിലാണ് വരുന്നത്. മുഴുവന്‍ സ്‌ക്രീനും സെറ്റ് ചെയ്തിരിക്കുന്നതും ആ രീതിയിലാണ്. പക്ഷെ ഇത് ഒട്ടുമേ എന്‍ഗേജിങ്ങല്ലാത്ത രീതിയിലാണ് കടന്നുവരുന്നത്. സിനിമയുടെ രണ്ടാം പകുതിയുടെ ഭൂരിഭാഗവും ഒരു കോര്‍ട്ട് ഡ്രാമയാണ്. രണ്‍ജി പണിക്കറും അന്ന ബെന്നും മാറിമാറി ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന ഈ നീണ്ട മണിക്കൂറിലെ ക്യാമറ ആംഗിളുകള്‍ പോലും ഒരുതരം ബോറടിയുണ്ടാക്കിയിരുന്നു.
പല കേസുകള്‍ അക്കമിട്ട് നിരത്തി മാധ്യമങ്ങളുടെ അവകാശവും ജനങ്ങളുടെ അവകാശവും കോടതിയുടെ അധികാരവുമൊക്കെ പ്രേക്ഷകരെ പഠിപ്പിക്കാന്‍ വേണ്ടി, ഒരു ക്ലാസെടുക്കാനാണ് ഈ സീനുകളിലൂടെ ഉദ്ദേശിച്ചതെന്ന് തോന്നുന്നു. ഇന്ദ്രന്‍സിന് കുറച്ച് പഞ്ച് കൊടുത്തു എന്നല്ലാതെ പ്രത്യേകിച്ച് ഒരു ഗുണവും ഈ സീന് കൊണ്ട് ഉണ്ടായിട്ടില്ല.
ഞാന്‍ കണ്ട തിയേറ്ററിന്റെ പ്രശ്‌നമാണെന്നോ അറിയില്ല, ആംമ്പിയന്‍സ് സൗണ്ടുകളൊന്നുമില്ലാതെ ഡയലോഗുകള്‍ മാത്രം കേള്‍ക്കാനാകുന്ന നിലയിലുള്ള സൗണ്ട് ഡിസൈനും ആസ്വദനത്തെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. പശ്ചാത്തല സംഗീതവും ഇടക്കിടക്ക് പൊട്ടിവീഴുന്ന നിലയിലായിരുന്നു.
ആഷിഖ് അബു, ഉണ്ണി ആര്‍, റിമ കല്ലിങ്കല്‍, ടൊവിനോ, അന്ന ബെന്‍, ഷറഫുദ്ദീന്‍ എന്നിവരൊക്കെ ചേര്‍ന്നൊരു സിനിമ വരുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന ചില പ്രതീക്ഷകളുണ്ടല്ലോ. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മിനിമം നിലവാരം പുലര്‍ത്തുമെന്ന ഒരുതരം ഉറപ്പ്. അത് ഇല്ലാതായി എന്നുമാത്രമല്ല, ഈ പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ പോയിരുന്നെങ്കിലും നാരദന്‍ ആസ്വദിക്കാനാകുമായിരുന്നില്ല.
Content Highlight: Naradan Movie Review | Tovino Thomas| Ashiq Abu