തീരുമാനം കോടതി പറയും; ഒടുവില്‍ സി.ബി.ഐ ഓഫീസില്‍ നിന്നും മമത തിരിച്ചുപോയി
national news
തീരുമാനം കോടതി പറയും; ഒടുവില്‍ സി.ബി.ഐ ഓഫീസില്‍ നിന്നും മമത തിരിച്ചുപോയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th May 2021, 7:33 pm

കൊല്‍ക്കത്ത: നാരദ കൈക്കൂലിക്കേസില്‍ തൃണമൂല്‍ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സി.ബി.ഐ ഓഫീസിലെത്തിയ മമത ബാനര്‍ജി തിരിച്ചുപോയി.

തൃണമൂല്‍ നേതാക്കളെ അറസ്റ്റ് ചെയ്ത സി.ബി.ഐയുടെ നടപടിയെക്കുറിച്ച് ഇനി കോടതിയില്‍ തീരുമാനമുണ്ടാകട്ടേ എന്നാണ് മമത പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

” തീരുമാനം കോടതി നല്‍കും” നേതാക്കളുടെ അറസ്റ്റിനെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്ന സൂചന നല്‍കി മമത പറഞ്ഞു.

ആറ് മണിക്കൂറോളമാണ് മമതാ ബാനര്‍ജി സി.ബി.ഐ ഓഫീസില്‍ തുടര്‍ന്നത്.

തൃണമൂല്‍ നേതാക്കളെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് അറസ്റ്റ് ചെയ്തതെന്നാണ് മമത ആരോപിച്ചത്.

‘കൃത്യമായ നടപടിക്രമങ്ങളില്ലാതെയാണ് അവരെ അറസ്റ്റ് ചെയ്തത്. സി.ബി.ഐ എന്നെയും അറസ്റ്റ് ചെയ്യേണ്ടിവരും’ മമത പറഞ്ഞു.

നാരദ കേസില്‍ മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി, മദന്‍ മിത്ര എം.എല്‍.എ, മുന്‍ മേയര്‍ സോവ്ഹന്‍ ചാറ്റര്‍ജി എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവര്‍ ഇപ്പോള്‍ സി.ബി.ഐ ഓഫീസിലാണുള്ളത്.

രാവിലെ ഒമ്പത് മണിയോടെയാണ് ഫിര്‍ഹാദ് ഹക്കീമിനെ വീട്ടില്‍ നിന്ന് സി.ബി.ഐ കസ്റ്റഡിയിലെടുത്തത്.

ബംഗാളില്‍ നിക്ഷേപത്തിനു ശ്രമിച്ച വ്യവസായി ഏഴ് തൃണമൂല്‍ എം.പി.മാര്‍ക്കും നാലു മന്ത്രിമാര്‍ക്കും ഒരു എം.എല്‍.എക്കും പൊലീസിനും കൈക്കൂലി കൊടുത്തുവെന്നാണ് കേസ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ നാരദ ന്യൂസ് പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് സംഭവം വന്‍ രാഷ്ട്രീയ വിവാദമാകുകയും ചെയ്തിരുന്നു.

Content Highlights:  Narada case: ‘Court will decide’, says Mamata as she leaves CBI office after ministers’ arrest