അഹമ്മദാബാദ്: നാരദന്‍ ഗൂഗിളിനെ പോലെ ആയിരുന്നുവെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. ഗൂഗിളിനെ പോലെ നാരദന്‍ വിവരങ്ങളുടെ മനുഷ്യനായിരുന്നു. മനുഷ്യ ധര്‍മ്മത്തിന് വേണ്ടി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പണി. ഇന്ന് ലോകത്തുള്ള എല്ലാ വിവരങ്ങളും ഗൂഗിളിന് അറിയുന്ന പോലെ പണ്ട് നാരദനും അറിയാമായിരുന്നെന്നും വിജയ് രൂപാനി പറഞ്ഞു.
ആര്‍.എസ്.എസിന്റെ പോഷകവിഭാഗമായ വിശ്വസംവാദ് കേന്ദ്ര സംഘടിപ്പിച്ച “ദേവര്‍ഷി നാരദ് ജയന്തി” ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് വിജയ് രൂപാനിയുടെ താരതമ്യം. മസാല വാര്‍ത്തകള്‍ നല്‍കി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കരുതെന്ന് നരേന്ദ്രമോദി ബി.ജെ.പി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് രൂപാനിയുടെ പ്രസ്താവന.
നമ്മള്‍ തെറ്റുവരുത്തുകയും മാധ്യമങ്ങള്‍ക്ക് മസാല നല്‍കുകയുമാണ്. ക്യാമറ കണ്ടാലുടന്‍ വലിയ സാമൂഹ്യ ശാസ്ത്രജ്ഞരും വിദഗ്ധരുമാണെന്ന ഭാവത്തില്‍ അബദ്ധങ്ങള്‍ പറയുകയും മാധ്യമങ്ങള്‍ക്കാവശ്യമായ മസാലകള്‍ നല്‍കുകയുമാണ് പലരും ചെയ്യുന്നത്.. ഈ വിവരംകെട്ട പ്രസ്താവനകളാണ് മാധ്യമങ്ങള്‍ വിമര്‍ശനത്തിനായി ഉപയോഗിക്കുന്നത്. ഇത് മാധ്യമങ്ങളുടെ കുറ്റമല്ലെന്നും മോദി പറഞ്ഞിരുന്നു.
വിവാദ പ്രസ്താവനകളുടെ പേരില്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനോട് മോദി ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. മഹാഭാരത കാലത്ത് ഇന്റര്‍നെറ്റുണ്ടായിരുന്നു, മുന്‍ലോക സുന്ദരിക്ക് ഇന്ത്യന്‍ സൗന്ദര്യമില്ല, സിവില്‍ എഞ്ചിനീയര്‍മാര്‍ സിവില്‍ സര്‍വീസില്‍ ചേരണം തുടങ്ങിയ പ്രസ്താവനകളാണ് ബിപ്ലബ് ദേബ് നടത്തിയിരുന്നത്.