അഴിമതിക്കേസില്‍ ചന്ദ്രബാബു നായിഡുവിന്റെ മകനെതിരെയും കേസ്
ഹൈദരാബാദ്: അമരാവതി ഇന്നര്‍ റിങ് റോഡ് അഴിമതി കേസില്‍ ടി.ഡി.പി ദേശീയ ജനറല്‍ സെക്രട്ടറിയും ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന്റെ മകനുമായ നാരാ ലോകേഷിനെതിരെ കേസ്. ആന്ധ്ര സി.ഐ.ഡി ആണ് നാരാ ലോകേഷിനെതിരെ കേസെടുത്തത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.
ഈ കേസില്‍ ചന്ദ്രബാബു നായിഡു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എ.പി സി.ഐ.ഡി ഉദ്യോഗസ്ഥര്‍ നേരത്തെ കേസെടുത്തിരുന്നു. അടുത്തിടെ ചന്ദ്രബാബു നായിഡു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.
ടി.ഡി.പി നേതാക്കളുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ മൂല്യം വര്‍ധിപ്പിക്കുന്നതിനായി അന്നത്തെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അമരാവതി ഇന്നര്‍ റിങ് റോഡിന്റെ യഥാര്‍ത്ഥ രൂപരേഖയില്‍ മാറ്റം വരുത്തിയതിനാണ് കേസ്.
ഇതുമായി ബന്ധപ്പെട്ട് ഐ.പി.സി.യിലെയും അഴിമതി നിരോധന നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സി.ഐ.ഡി കേസെടുക്കുകയായിരുന്നു.
ചന്ദ്രബാബു നായിഡു, പോംഗുരു നാരായണ, നാര ലോകേഷ്, ലിംഗമനേനി രമേഷ്, ലിംഗമനേനി വെങ്കട സൂര്യ രാജശേഖര്‍, ആര്‍.കെ ഹൗസിങ് ലിമിറ്റഡിന്റെ കെ.പി.വി അഞ്ജാനി കുമാര്‍, രാമകൃഷ്ണ ഹൗസിങ്, ഹെറിറ്റേജ് ഫുഡ്സ് എന്നിവരുടെ പേരുകളാണ് എഫ്.ഐ.ആറില്‍ ഉള്ളത്.
അമരാവതി ക്യാപിറ്റല്‍ സിറ്റി മാസ്റ്റര്‍ പ്ലാന്‍, ഇന്നര്‍ റിങ് റോഡ് (ഐ.ആര്‍.ആര്‍), സീഡ് ക്യാപിറ്റല്‍ എന്നിവയുടെ അലൈന്‍മെന്റുകള്‍ക്കൊപ്പം ബോധപൂര്‍വം നാരായണ ഗ്രൂപ്പ് കമ്പനികളിലേക്കുള്ള പണമൊഴുക്ക് വര്‍ധിപ്പിക്കാന്‍ ചന്ദ്രബാബു നായിഡുവും നാരായണയും ഗൂഢാലോചന നടത്തിയതായി എഫ്.ഐ.ആറില്‍ പറയുന്നു.
Content Highlights: Nara Lokesh Named in Amaravati Ring Road Case