Football
32 വയസായവരെ ദേശീയ ടീമില്‍ കളിപ്പിക്കാന്‍ പാടില്ല; നെയ്മറിന്റെ പരിക്കിന് പിന്നാലെ നാപോളി കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Oct 21, 05:42 am
Saturday, 21st October 2023, 11:12 am

2026 ലോകകപ്പ് യോഗ്യത മത്സരത്തിനിടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് പരിക്കേറ്റിരുന്നു. ഉറുഗ്വക്കെതിരെയുള്ള മത്സരത്തിലായിരുന്നു താരത്തിന് പരിക്കേറ്റത്.

ഇടതുകാല്‍ മുട്ടിന് പരിക്കേറ്റ താരത്തിന് ഈ സീസണ്‍ മുഴുവനും നഷ്ടമാവും എന്നാണ് സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ ഹിലാല്‍ ഔദ്യോഗികമായി അറിയിച്ചത്.

ഈ സാഹചര്യത്തില്‍ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് നാപോളിയുടെ പരിശീലകന്‍ ഔറേലിയോ ഡി ലോറന്റീസ്.

32 വയസ് പിന്നിട്ട താരങ്ങള്‍ ദേശീയ ടീമില്‍ കളിക്കാന്‍ പാടില്ലെന്നും സൗഹൃദ മത്സരങ്ങള്‍ക്കായി താരങ്ങളെ ദേശിയ ടീമിലേക്ക് ക്ലബ്ബുകള്‍ അയക്കേണ്ടതില്ലെന്നുമാണ് നാപോളി കോച്ച് പറഞ്ഞത്.

‘ഞാന്‍ 50 മില്യണ്‍ ഒരു താരത്തിന് നല്‍കിയാല്‍ ആ താരം പിന്നീട് പരിക്കുകളോടെയായിക്കും വരുന്നത്. നെയ്മറെ കുറിച്ച് ചിന്തിക്കൂ,’ ലോറന്റീസ് പറഞ്ഞു.

ഇറ്റാലിയന്‍ ക്ലബ്ബ് നാപോളിയില്‍ 32 വയസ്സ് ഉള്ള രണ്ട് താരങ്ങള്‍ മാത്രമാണ് കളിക്കുന്നത്. ബ്രസീലിയന്‍ താരം ജൂവാന്‍ ജീസസ്, പോര്‍ച്ചുഗീസ് താരം മരിയോ റൂയി എന്നിവരാണ് ആ താരങ്ങള്‍. 2014ന് ശേഷം യുവാന്‍ ജീസസും 2022ന് ശേഷം മരിയോ റൂയിയും ദേശീയ ടീമില്‍ കളിച്ചിട്ടില്ല.

അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി താരങ്ങള്‍ നാഷണല്‍ ടീമിനൊപ്പം കളിക്കാനായി പോവുന്ന സമയങ്ങളില്‍ താരങ്ങളുടെ അഭാവം ക്ലബ്ബുകള്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. ഈ വിഷയം എടുത്തുകാണിക്കാനായി നാപോളി കോച്ച് നെയ്മറുടെ പരിക്ക് എടുത്തു കാണിക്കുകയായിരുന്നു.

നെയ്മറിന് പിന്തുണയുമായി ഒരുപാട് ആളുകള്‍ രംഗത്തെത്തിയിരുന്നു. സൂപ്പര്‍ താരം നെയ്മര്‍ പിന്തുണ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.

‘ഇത് വളരെ സങ്കടകരമായ നിമിഷമാണ്. എനിക്ക് ഈ സമയത്ത് എന്റെ കുടുംബത്തേയും സുഹൃത്തുക്കളെയും കൂടുതല്‍ സമയം ആവശ്യമാണ്. ശാസ്ത്രക്രിയ എന്നിവയുടെ കടന്നുപോകുന്ന അത്ര എളുപ്പമല്ല ഇതെല്ലാം മറികടന്നു കൊണ്ട് ഞാന്‍ തിരിച്ചു വരും എന്ന് എനിക്ക് വിശ്വാസമുണ്ട്. എനിക്ക് പിന്തുണ അറിയിച്ചവര്‍ക്ക് ഒരുപാട് നന്ദി,’ നെയ്മര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Content Highlight: Napoli coach reacts to Neymar’s injury